ദുബൈ റൈഡിൽ പങ്കെടുക്കുന്നവർക്ക് സൈക്കിൾ സൗജന്യം
text_fieldsദുബൈ: ഒരു മാസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നവംബർ രണ്ടിന് നടക്കുന്ന ദുബൈ റൈഡിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി സൈക്കിൾ നൽകും. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുമായി കൈകോർത്ത് പ്രമുഖ ഡെലിവറി സേവനദാതാക്കളായ കരീമാണ് സൈക്കിൾ നൽകുക. കരീം ആപ്ലിക്കേഷനിൽ ഡി.ആർ25 എന്ന പ്രമോ കോഡ് ഉപയോഗിച്ച് രണ്ട് കരീം ബൈക്ക് സ്റ്റേഷനുകളിൽനിന്ന് സൈക്കിളുകൾ സ്വന്തമാക്കാം.
ഫ്യൂച്ചർ മ്യൂസിയത്തിലെ (ട്രേഡ് സെന്റർ സ്ട്രീറ്റ്) ‘എ’ പ്രവേശന കവാടത്തിലും ലോവർ എഫ്.സി.എസിലെ (ഫിനാൻഷ്യൽ സെൻട്രൽ സ്ട്രീറ്റ്) ‘ഇ’ പ്രവേശന കവാടത്തിലുമാണ് ബൈക്കുകൾ ലഭിക്കുക. കൂടാതെ ദുബൈയിലുടനീളമുള്ള 200ലധികം കരീം ബൈക്ക് സ്റ്റേഷനുകളിൽ നിന്നും സൈക്കിളുകൾ എടുക്കാം. ദുബൈ റൈഡിന്റെ അന്ന് പുലർച മൂന്നുമുതൽ രാവിലെ എട്ടുവരെ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ബൈക്കുകൾ ലഭ്യമാകും.
ഈ കാലയളവിൽ 45 മിനിറ്റിൽ കൂടുതലുള്ള യാത്രകൾക്ക് അധിക സമയ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. സൈക്കിൾ സൗഹൃദ നഗരമെന്ന ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. കരീമുമായുള്ള പങ്കാളിത്തം സുസ്ഥിരമായ ഗതാഗത സൗകര്യം ഉപയോഗിക്കാൻ കൂടുതൽ പേരെ പ്രാപ്തരാക്കുമെന്നും സുരക്ഷിതവും സുസ്ഥിരവും ഉപഭോക്തൃ സന്തോഷവുമെന്ന ആർ.ടി.എയുടെ മുൻഗണനകളോട് ചേർന്നു നിൽക്കുന്നതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ആർ.ടി.എയുമായി ചേർന്ന് നാലാം തവണയാണ് ദുബൈ റൈഡിൽ പങ്കെടുക്കുന്നവർക്ക് സൈക്കിളുകൾ സൗജന്യമായി നൽകുന്നതെന്ന് കരീം ചീഫ് ബിസിനസ് ഓഫിസർ ബാസിൽ അൽ നഹ്ലൂയി പറഞ്ഞു. ദുബൈ റൈഡ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർ സ്വന്തമായി ഹെൽമെറ്റ് കൊണ്ടുവരണം. കൂടാതെ സുരക്ഷ കാര്യങ്ങൾക്കായി എമിറേറ്റ്സ് ഐ.ഡി വിവരങ്ങൾ നൽകുകയും വേണം. നവംബർ രണ്ടിന് രാവിലെ 6.15 മുതൽ എട്ടു മണിവരെയാണ് ദുബൈ റൈഡിന്റെ കവാടങ്ങൾ തുറക്കുക. ഇവന്റ് നടക്കുന്ന സ്ഥലത്തിന് അരികിലായാണ് സൈക്കിൾ സ്റ്റേഷനുകൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

