Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേനലിൽ വെൽക്കം ടു ഷാർജ...

വേനലിൽ വെൽക്കം ടു ഷാർജ ! സൗജന്യ ബീച്ച് ഫിറ്റ്നസ് പ്രോഗ്രാം മുതൽ കമ്യൂണിറ്റി റൺ വരെ

text_fields
bookmark_border
വേനലിൽ വെൽക്കം ടു ഷാർജ ! സൗജന്യ ബീച്ച് ഫിറ്റ്നസ് പ്രോഗ്രാം മുതൽ കമ്യൂണിറ്റി റൺ വരെ
cancel

ഷാർജ: ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഏഴാഴ്ച നീളുന്ന വിപുലമായ വേനൽക്കാല കമ്യൂണിറ്റി പരിപാടികൾ ഒരുക്കി ഷാർജ നിക്ഷേപ വികസന അതോറിറ്റി (ഷൂറൂഖ്). ബീച്ച് ഫിറ്റ്നസ്, ഷാർജ സാറ്റർഡേ റൺ, കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ്, തിയറ്റർ ഷോ, കുടുംബ വിനോദങ്ങൾ എന്നിവയടക്കം വേനൽക്കാലം അവസാനിക്കുന്നതുവരെ വരെ 50ലേറെ പരിപാടികളാണ് ഷാർജയിൽ സന്ദർശകർക്കായി ഒരുങ്ങുന്നത്. യു.എ.ഇയുടെ ‘ഇയർ ഓഫ് ദ ഫാമിലി 2026’ പദ്ധതിയുടെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഫിറ്റ്നസ് @ ബീച്ച്

ആഗസ്റ്റ് ഏഴിന് തുടക്കമായ ബീച്ച് ഫിറ്റ്നസ് പരിപാടി സെപ്റ്റംബർ 19 വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകീട്ട് ആറുമുതൽ ഏഴുവരെ ഷാർജ അൽ ഹീറ ബീച്ചിലും ഖോർഫക്കാൻ ബീച്ചിലുമായി നടക്കും. പ്രൊഫഷനൽ പരിശീലകരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പങ്കെടുക്കാവുന്ന ഫിറ്റ്നസ് ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. ആകെ 28 സെഷനുകളാണുള്ളത്.

സൺസെറ്റ് യോഗ, ബീച്ച് റണ്ണിങ്, ഫാമിലി ഫിറ്റ്നസ്, വനിതകൾക്കായുള്ള പ്രത്യേക സെഷനുകൾ, ടീം ചലഞ്ചുകൾ എന്നിവയെല്ലാം അടങ്ങുന്നതാണ് പരിപാടികളുടെ നിര. മൂന്നര കിലോമീറ്റർ നീളമുള്ള അൽ ഹീറ ബീച്ചിൽ, കുട്ടികളുടെ കളിസ്ഥലങ്ങൾ, കായിക സൗകര്യങ്ങൾ, വാട്ടർഫ്രണ്ട് റെസ്റ്റോറന്റുകൾ എന്നീ സൗകര്യങ്ങളുമുണ്ട്.

ഫങ്ഷനൽ ഫിറ്റ്നസ്, സൈക്ലിങ്, യോഗ, കമ്യൂണിറ്റി റൺ, മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന വർക് ഷോപ്പുകൾ എന്നിവയാണ് ഖോർഫക്കാൻ ബീച്ചിൽ നടക്കുന്നത്. ഇതിനു പുറമെ സെപ്റ്റംബർ അവസാന വാരത്തിൽ വിപുലമായ കമ്യൂണിറ്റി ഫിറ്റ്നസ് പരിപാടിയും നടക്കും.

ഷാർജ സാറ്റർഡേ റൺ

കമ്യൂണിറ്റി റണ്ണിങ് കൂടുതൽ ജനകീയമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഷാർജ സാറ്റർഡേ റൺ. താമസക്കാർക്കും സന്ദർശകർക്കുമെല്ലാം ഒരുപോലെ പങ്കെടുക്കാവുന്ന പരിപാടി തീർത്തും സൗജന്യമായിട്ടാവും അരങ്ങേറുക. നാല് റണ്ണുകളാണ് ഈ വേനൽക്കാലത്തേക്കായി നിശ്ചയിച്ചിരിക്കുന്നത്.

ഷാർജയിലെ പ്രശസ്ത വിനോദകേന്ദ്രങ്ങളായ അൽ ഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട് എന്നിവിടങ്ങളാണ് ഓട്ടത്തിന്റെ സ്റ്റാർട്ടിങ് പോയന്റ്. ആഗസ്റ്റ് 15ന് അൽ ഖസ്ബയിൽ ആരംഭിക്കുന്ന പരമ്പര ആഗസ്റ്റ് 22ന് അൽ മജാസ് വാട്ടർഫ്രണ്ടിലും ആഗസ്റ്റ് 29ന് വീണ്ടും അൽ ഖസ്ബയിലും സെപ്റ്റംബർ അഞ്ചിന് അൽ മജാസ് വാട്ടർഫ്രണ്ടിലും നടക്കും.

വൈകുന്നേരം ആറുമണിക്ക് ആരംഭിക്കുന്ന രീതിയിലാണ് എല്ലാ റണ്ണുകളും. എല്ലാ പ്രായക്കാർക്കും ‌പങ്കെടുക്കാവുന്ന പരിപാടിയുടെ ഭാഗമാവാൻ താത്പര്യമുള്ളവർ വൈകുന്നേരം 5.45നകം മീറ്റിങ് പോയന്റിലെത്തണം. പങ്കെടുക്കാൻ discovershurooq എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.

കുട്ടികൾക്കായി സമ്മർ എക്സ്േപ്ലാറർ ക്യാമ്പ്

ഏഴുമുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി അൽ ഖസ്ബയിൽ ആഗസ്റ്റ് 10 മുതൽ 27 വരെ രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെ സമ്മർ എക്സ്പ്ലോറർ ക്യാമ്പ് 2026 സംഘടിപ്പിക്കും. കുട്ടികളുടെ സർഗാത്മകതയും ആശയവിനിമയശേഷിയും നേതൃപാടവവും വളർത്തുകയാണ് ലക്ഷ്യമിടുന്ന ക്യാമ്പിന്റെ ഭാഗമായി ശാസ്ത്ര പരീക്ഷണങ്ങൾ, റോബോട്ടിക്സ്, കോഡിങ്, എൻജിനീയറിങ് ചലഞ്ചുകൾ, പബ്ലിക് സ്പീക്കിങ്, ഫോട്ടോഗ്രഫി, സ്റ്റോറി ടെല്ലിങ് എന്നിവ ഉൾപ്പെടുന്ന പരിശീലനകളരികളുണ്ടാവും. ഈ പരിശീലനത്തിന് നിശ്ചിതഫീസ് ബാധകമാണ്. ആഗസ്റ്റ് 27 മുതൽ 30 വരെ മസ്റ അൽ ഖസ്ബ തിയറ്ററിൽ ഗോൾഡി ലോക്ക്സ് ആൻഡ് ത്രീ ബെയേഴ്സ് എന്ന കുട്ടികളുടെ നാടകവും അരങ്ങേറുന്നുണ്ട്.

കുടുംബ വിനോദങ്ങൾ @അൽമജാസ് വാട്ടർഫ്രണ്ട്

എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകീട്ട് ആറുമുതൽ എട്ടുവരെ അൽ മജാസ് വാട്ടർഫ്രണ്ടിലെ സ്പ്ലാഷ് പാർക്കും കിഡ്സ് ഫൺ ഹൗസും കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കുടുംബ വിനോദപരിപാടികൾക്ക് ആഗസ്റ്റ് ഏഴിന് തുടക്കമായി. സെപ്റ്റംബർ 19 വരെ ഇവ നീളും. ലൈവ് പ്രകടനങ്ങൾ, കഥാപാത്ര പരേഡുകൾ, കുട്ടികൾക്കായുള്ള സംവേദനാത്മക ഗെയിമുകൾ അടക്കം, ഏഴ് ആഴ്ചകളിൽ 14 പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

പ്രകൃതിയെ അറിയാം, മെലീഹയിലും അൽ നൂർ ദ്വീപിലും

ഷാർജയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന അൽ നൂർ ദ്വീപിൽ, എല്ലാ വാരാന്ത്യങ്ങളിലും വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ പ്രകൃതി പഠനം, കലാപരമായ വർക്ക്‌ഷോപ്പുകൾ, തൈ നട്ടുപിടിപ്പിക്കൽ തുടങ്ങിയവ നടത്തുന്നു. മ്യൂസിയം സന്ദർശനം, അസ്തമയകാഴ്ചകൾ ആസ്വദിച്ചുള്ള മരുഭൂമി സഫാരി, വാനനിരീക്ഷണം, പുരാവസ്തുഗവേഷണത്തിന്റെ ബാലപാഠങ്ങൾ പങ്കുവെക്കുന്ന പ്രത്യകേ ശില്പശാലകൾ എന്നിവയാണ് മെലീഹ നാഷനൽ പാർക്കിൽ സന്ദർശകരെ കാത്തിരിക്കുന്നത്.

പ്രത്യേക സമ്മർ പാക്കേജുകളും ഇവിടെ ലഭ്യമാണ്. ഇതിനുപുറമെ, ഷുറൂഖിന് കീഴിലുള്ള അൽ മുൻതസ പാർക്സ്, ഹാർട്ട് ഓഫ് ഷാർജ, ഹൗസ് ഓഫ് വിസ്ഡം, കൽബ വാട്ടർഫ്രണ്ട്, അൽ റഹ്മാനിയ പാർക്ക്, ദി ഫ്ലാഗ് ഐലൻഡ് എന്നീ കേന്ദ്രങ്ങളിലും പ്രത്യേക വേനൽക്കാല പരിപാടികൾ അരങ്ങേറുന്നുണ്ട്. പരിപാടികളുടെ സമയക്രമം, രജിസ്ട്രേഷൻ, ഫീസ്, ബുക്കിങ് തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.discovershurooq.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SummersharjaVaccationFitness Program
News Summary - Free beach fitness program, community run,
Next Story