ഉപഭോക്തൃ സംരക്ഷണ വെബ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ്
text_fieldsദുബൈ: സെര്‍ച് എന്‍ജിനുകളിലും സമൂഹിമാധ്യമ പ്ലാറ്റ്ഫോമുകളിലുമുള്ള വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്സൈറ്റുകള്‍ മുഖേന നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ വെബ്സൈറ്റിന്റെ മാതൃകയില്‍ വ്യാജ വെബ്സൈറ്റ് നിര്‍മിച്ചാണ് തട്ടിപ്പു നടക്കുന്നതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിനു കീഴിലുള്ള തട്ടിപ്പ് വിരുദ്ധ വകുപ്പ് അറിയിച്ചു.
ഇത്തരം വെബ്സൈറ്റുകളിലൂടെ ഇരകളുടെ മൊബൈല്‍ ഫോണുകള്‍ക്കു മേല്‍ നിയന്ത്രണം സ്ഥാപിക്കുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തി പണം തട്ടുകയുമാണ് ചെയ്യുക. ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ മാര്‍ഗങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും സംശയകരമായ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.
തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇ-ക്രൈം പ്ലാറ്റ്ഫോം മുഖേനയോ 901 നമ്പരില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക പ്ലാറ്റ്ഫോം എന്ന് തെറ്റിദ്ധരിച്ച് തട്ടിപ്പുകാരുടെ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും ഈ വിവരങ്ങള്‍ കിട്ടുന്നതോടെ തട്ടിപ്പുകാര്‍ ഔദ്യോഗിക ജീവനക്കാരനെന്ന വ്യാജേന പരാതിക്കാരനെ നേരിട്ടു ബന്ധപ്പെടുകയും ചെയ്യും. പരാതിക്കാരന് ആപ്ലിക്കേഷനിലൂടെ നല്കിയ വിവരങ്ങള്‍ ആവര്‍ത്തിച്ച് ഇരയുടെ വിശ്വാസ്യത നേടും. തുടര്‍ന്ന് റിമോട്ട് കണ്ട്രോള് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തട്ടിപ്പുകാരന് ആവശ്യപ്പെടും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഇരയുടെ മൊബൈല്‍ ഫോണ്‍ സ്ക്രീന്‍ തട്ടിപ്പുകാരനുമായി പങ്കുവെക്കും. ഇതോടെ ബാങ്കുമായി ബന്ധപ്പെട്ട് പ്രധാന വിവരങ്ങള്‍ ഇവര്‍ ശേഖരിക്കും. ഇതുപയോഗിച്ച് അനധികൃതമായി പണം ട്രാന്‍സ്ഫര്‍ ചെയ്യുകയോ പര്‍ച്ചേസുകള്‍ക്ക് വിനിയോഗിക്കുകയോ ആണ് ചെയ്യുകയെന്ന് പൊലീസ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

