തട്ടിപ്പ്: സുരക്ഷ ശക്തമാക്കാൻ ബാങ്കുകൾക്ക് നിർദേശം
text_fieldsദുബൈ: ഡിജിറ്റൽ തട്ടിപ്പ് ഭീഷണികൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആന്‍റി ഫ്രോഡ് സെന്റർ ആരംഭിച്ച് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ). രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾ തട്ടിപ്പുകൾക്കെതിരെയുള്ള ഉപഭോക്തൃ സംരക്ഷണ നടപടികൾ ശക്തമാക്കണമെന്ന് സി.ബി.യു.എ.ഇ നിർദേശിച്ചു. വൺ-ടൈം പാസ്‌വേഡ് (ഒ.ടി.പി) പോലുള്ള സിംഗിൾ ഫാക്ടർ വെരിഫിക്കേഷൻ രീതികൾക്ക് അപ്പുറമുള്ള സുരക്ഷാ പരിശോധനകൾ വർധിപ്പിക്കണം.
തട്ടിപ്പുകൾ തത്സമയം നിരീക്ഷിക്കുന്നതിനും ഇത്തരം സംഭവങ്ങളിൽ ഉടനടി നടപടിയെടുക്കുന്നതിനും സഹായിക്കുന്ന കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നതിനാണ് ‘ആന്‍റി-ഫ്രോഡ് ഓപറേഷൻസ് സെന്റർ' (സി.എ.എഫ്.ഒ.സി) തുടങ്ങിയതെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. വർധിച്ചുവരുന്ന സങ്കീർണമായ ഡിജിറ്റൽ തട്ടിപ്പ് ഭീഷണികൾ കണക്കിലെടുത്ത്, സുരക്ഷാ പരിശോധനകൾ ശക്തമാക്കാനാണ് നിർദേശം.
എസ്.എം.എസ് വഴിയുള്ള വൺ-ടൈം പാസ്‌വേഡുകളെ അമിതമായി ആശ്രയിക്കുന്നത് കുറക്കണം. അത്യാധുനിക ട്രാക്കിങ്, അനലിറ്റിക്കൽ ടൂളുകൾ, കാര്യക്ഷമമായ പ്രവർത്തന സംവിധാനങ്ങൾ, ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട അധികാരികളുമായും ഉള്ള ഏകോപനം എന്നിവയെ ആശ്രയിച്ചായിരിക്കും ആന്‍റി-ഫ്രോഡ് ഓപറേഷൻസ് സെന്ററിന്‍റ പ്രവർത്തനം. തട്ടിപ്പ് സൂചനകളും രീതികളും ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. തട്ടിപ്പ് സാധ്യത വിലയിരുത്തുന്നതിനുള്ള ഡാറ്റ ശേഖരിക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്യുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. യു.എ.ഇയുടെ സാമ്പത്തിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റവും ഡിജിറ്റൽ ബാങ്കിങ്, ഇലക്ട്രോണിക് പെയ്മെന്റ് സേവനങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗവും കണക്കിലെടുത്താണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

