ഷാർജയിൽ കാർ പാലത്തിൽനിന്ന് കടലിൽ വീണ് നാല് യുവാക്കൾ മരിച്ചു
text_fieldsദുബൈ: ഷാർജയിൽ കാർ പാലത്തിൽനിന്ന് കടലിൽ വീണുണ്ടായ അപകടത്തിൽ അറബ് വംശജരായ നാല് യുവാക്കൾ മരിച്ചു. ഷാർജ സെൻട്രൽ മാർക്കറ്റിനും അൽ ജൂബൈൽ സൂക്കിനും അടുത്തായി ഖാലിദ സ്ട്രീറ്റിൽ ശനിയാഴ്ച പുലർച്ച 2.45നായിരുന്നു അപകടമെന്ന് ഷാർജ പൊലീസ് അറിയിച്ചു.
നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. 21നും 27നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. സിറിയ, ഈജിപ്ത് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
വെള്ളത്തിൽ വീണ ഉടനെ കാറിന്റെ ഡോർ തുറക്കാൻ ഇവർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി. സംഭവ സ്ഥലത്തുണ്ടായിരുന്നവരാണ് അപകട വിവരം പൊലീസിൽ അറിയിച്ചത്. ഷാർജ പൊലീസ്, സമുദ്രരക്ഷ സേന, ആംബുലൻസ് ടീമുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കടലിൽനിന്ന് നാലുപേരെയും പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ച അഞ്ചു മണിയോടെയാണ് കടലിൽനിന്ന് കാർ പുറത്തെടുക്കാനായത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. അമിത വേഗവും അശ്രദ്ധയും വാഹനം പെട്ടെന്ന് വെട്ടിച്ചതുമാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഷാർജ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

