ദുബൈയിൽ പിതാവ് കാറിൽ മറന്ന നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
text_fieldsദുബൈ: അടച്ചിട്ട കാറിനകത്ത് മണിക്കൂറുകളോളം കുടുങ്ങിപ്പോയ നാലു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. കഴിഞ്ഞ ദിവസം ദുബൈയിലാണ് ദാരുണമായ സംഭവമുണ്ടായത്.
കുട്ടിയുമായി ഷോപ്പിങ്ങിനു പോയി മടങ്ങിയെത്തിയ പിതാവ് സാധനങ്ങളെടുക്കാൻ മറ്റു കുട്ടികളെ ഏൽപിച്ചശേഷം ക്ഷീണത്താൽ കിടന്നുറങ്ങുകയായിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞ് പെൺകുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാറിെൻറ മുൻസീറ്റിൽ ചലനമറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. യാത്രാക്ഷീണത്താൽ പിതാവ് ഉറങ്ങാൻ കിടന്നതോടെ പെൺകുട്ടി കാറിലുള്ള കാര്യം ശ്രദ്ധിക്കാതെ പോവുകയായിരുന്നു.
കഴിഞ്ഞ രാത്രി 7.30ഓടെ ദുബൈയിലാണ് അത്യാഹിതം നടന്നതെന്ന് ദുൈബ പൊലീസിലെ ക്രൈം സീൻ ഡിപ്പാർട്മെൻറ് ഡയറക്ടർ കേണൽ മക്കി സൽമാൻ അഹമ്മദ് വ്യക്തമാക്കി. ദുബൈ പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് പോയപ്പോൾ ഒരു കുറ്റകൃത്യവും കണ്ടെത്താനായില്ലെന്നും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.
കുട്ടിയുടെയോ കുടുംബത്തിെൻറയോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

