ദുബൈയിൽ നാല് റൗണ്ട്എബൗട്ടുകൾ മാറ്റി; അൽ വർഖ റോഡ് വികസനം പൂർത്തിയായി
text_fieldsഅൽ വർഖ 1 സ്ട്രീറ്റിൽ വികസനം പൂർത്തിയായ റോഡ്
ദുബൈ: ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും റാസൽ ഖോർ റോഡിനും ഇടയിൽ ഇരു ദിശകളിലുമായി ഏകദേശം 7കി.മീറ്റർ ദൈർഘ്യമുള്ള അൽ വർഖ 1 സ്ട്രീറ്റിലൂടെയുള്ള ഗതാഗത വിപുലീകരണം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി നാല് റൗണ്ട്എബൗട്ടുകൾ സിഗ്നൽ സ്ഥാപിച്ച കവലകളാക്കി മാറ്റിയതായും ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. ഈ മാറ്റം ഗതാഗതം 30 ശതമാനം വരെ മെച്ചപ്പെടുത്തിയതായി ആർ.ടി.എ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
6.6 കി.മീറ്റർ ദൈർഘ്യമുള്ള മഴവെള്ള ഡ്രെയിനേജ് ശൃംഖലയുടെ നിർമ്മാണം, 324 തെരുവ് വിളക്ക് തൂണുകൾ സ്ഥാപിക്കൽ, 111 പാർക്കിങ് സ്ഥലങ്ങൾ കൂട്ടിച്ചേർക്കൽ എന്നിവയും വികസന പദ്ധതിയിൽ ഉൾപ്പെടും. കാൽനടയാത്രക്കാരുടെ സുരക്ഷയും സഞ്ചാരവും മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 41,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാൽനട പാതകളും നിർമ്മിച്ചിട്ടുണ്ട്.
2025 ജൂണിൽ പൂർത്തിയാക്കിയ മുൻ നവീകരണത്തിന്‍റെ തുടർച്ചയായാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്. അൽ വർഖയെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ എൻട്രി, എക്സിറ്റ് പോയിന്റുകളാണ് നേരത്തെ നിർമിച്ചത്. അൽ വർഖ 3, അൽ വർഖ 4 എന്നിവിടങ്ങളിൽ റോഡ് പുനർനിർമ്മാണം, കാൽനട പാതകൾ, പാർക്കിങ് സൗകര്യങ്ങൾ, സൈക്ലിങ് ട്രാക്കുകൾ എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം എന്നിവ നടന്നുവരികയാണെന്ന് ആർ.ടി.എ അറിയിച്ചു.
ദുബൈ മെട്രോ ബ്ലൂ ലൈൻ ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ഗതാഗത പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും നിർമ്മാണ ഘട്ടങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ള ഗതാഗത വഴിതിരിച്ചുവിടലുകൾ വിശദീകരിക്കുന്നതിനുമായി മിർദിഫ്, അൽ വർഖ എന്നിവിടങ്ങളിലെ താമസക്കാരുമായി ഒക്ടോബറിൽ കൂടിക്കാഴ്ച സെഷൻ നടത്തിയതായി ആർ.ടി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

