ട്രാഫിക് എളുപ്പമാക്കാൻ ഈ വർഷം നാല് പദ്ധതികൾ
text_fieldsറാസൽ ഖോർ, നാദ് അൽ ഹമർ റോഡുകളെ ബന്ധിപ്പിക്കുന്ന നിർമാണം പൂർത്തിയായ പാലം
ദുബൈ: ലോകത്തെ ഏറ്റവും മികച്ച റോഡ് ഗതാഗത സൗകര്യങ്ങളുള്ള നഗരങ്ങളിൽ ഒന്നാണ് ദുബൈ. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനു സരിച്ച് നഗരത്തിലെ റോഡുകളെ വികസിപ്പിക്കുകയാണ് അധികൃതർ ചെയ്തു വരുന്നത്. ഈ വർഷം മാത്രം നാല് സുപ്രധാന പദ്ധതികളാണ് എമിറേറ്റിലെ ഗതാഗതം എളുപ്പമാക്കാൻ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പൂർത്തിയാക്കാനിരിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ ട്രാഫിക് കുരുക്കുകളിൽ പെടുന്നത് ഒഴിവാക്കാൻ ഇവയുടെ നിർമാണം പൂർത്തിയാകുന്നതോടെ സാധിക്കും.
റാസൽ ഖോർ, നാദ് അൽ ഹമർ റോഡുകളെ ബന്ധിപ്പിക്കുന്ന മേൽപാലം ആർ.ടി.എ അടുത്തിടെ തുറന്നിരുന്നു. ശൈഖ് റാശിദ് ബിൻ സഈദ് ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണിത് നിർമിച്ചത്. ഇത് പൂർത്തിയായിക്കഴിഞ്ഞാൽ റാസൽ ഖോർ റോഡിന്റെ ശേഷി മണിക്കൂറിൽ 10,000 വാഹനങ്ങൾ എന്ന നിലയിലെത്തുകയും യാത്രാ സമയം 20 മിനിറ്റിൽ നിന്ന് ഏഴായി കുറയുകയും ചെയ്യും. ഇതുകൂടാതെ മറ്റു നിരവധി നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ട്രാഫിക് തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശൈഖ് സായിദ് റോഡ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ നീളുന്ന ഹെസ്സ സ്ട്രീറ്റ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വർഷം തന്നെ ഇതിന്റെ നിർമാണം തുടങ്ങുമെന്ന് ദിവസങ്ങൾക്ക് മുമ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.
അൽ ഫായ് റോഡിലെ ഗതാഗത പ്രശ്നങ്ങളെക്കുറിച്ച സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ഈ റൂട്ടിൽ താൽകാലിക പരിഹാരങ്ങൾ നടത്തുമെന്നും ആർ.ടി.എ അറിയിച്ചിരുന്നു. അടുത്ത മാസം ഇത് പൂർത്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മർഗം, ലഹ്ബാബ്, അൽ ലിസൈലി, ഹത്ത എന്നീ റെസിഡൻഷ്യൽ ഏരിയകൾക്കായുള്ള റോഡ് ശൃംഖലയുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. ഈ പദ്ധതി 2023 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൈ ഡൈവ് ദുബൈക്ക് സമീപമുള്ള ദുബൈ-അൽ ഐൻ റോഡിലെ പ്രദേശത്ത് എട്ടുകിലോമീറ്ററുള്ള റോഡിന്റെ നിർമാണമാണ് മർഗമിലെ പദ്ധതി.
ഇത് 1,100ലധികം താമസക്കാർക്ക് ഉപകാരപ്പെടും. ലഹ്ബാബിലെ പദ്ധതിയിൽ നാലു കിലോമീറ്റർ നീളമുള്ള റോഡാണ് നിർമിക്കുന്നത്. അൽ ലിസൈലിയിലെ ഇന്റേണൽ റോഡ് 7 കിലോമീറ്ററാണ്. ഇത് 2,900 ഓളം താമസക്കാർക്ക് ഉപകാരപ്പെടും. ഹത്തയിലെ രണ്ടു കിലോമീറ്റർ റോഡും ഗതാഗത രംഗത്ത് ഏറെ ഉപകാരപ്പെടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

