പുതിയ നാല് തരം സന്ദർശക വിസകൾ; യു.എ.ഇയിൽ വിസ നിയമങ്ങളിൽ മാറ്റം
text_fieldsദുബൈ: എൻട്രി വിസ നിയമത്തിൽ ഭേദഗതികളും കൂട്ടിച്ചേർക്കലുകളുമായി യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) തിങ്കളാഴ്ചയാണ് സുപ്രധാനമാറ്റങ്ങൾ പ്രഖ്യാപിച്ചത്. പ്രത്യേക വിഭാഗക്കാർക്ക് പുതുതായി നാല് സന്ദർശക വിസ വിഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് ഏറ്റവും പ്രധാനമാറ്റം.
നിർമിതബുദ്ധി (എ.ഐ), വിനോദം, പരിപാടികൾ, ക്രൂസ് കപ്പലുകൾ, ആഢംബര യാട്ടുകൾ തുടങ്ങിയ മേഖലകളിലുള്ളവർക്കാണ് പുതിയ വിസ പ്രഖ്യാപിച്ചരിക്കുന്നത്. അതോടൊപ്പം പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ഒരു വർഷത്തേക്ക് മാനുഷിക വിസ അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അതോറിറ്റിയുടെ അനുമതിയോടെ ഒരു വർഷത്തിന് ശേഷം ഇത് നീട്ടാനും സാധ്യതയുണ്ട്. വിദേശികളായ വിധവകൾക്കും വിവാഹമോചിതർക്കും താമസാനുമതി നൽകുന്ന ഒരു വർഷ വിസയും പ്രഖ്യാപനത്തിൽ ഉൾപ്പെടും. ഇതും നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് നീട്ടാവുന്നതാണ്.
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ സംബന്ധിച്ചും നിയമത്തിൽ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുള്ള സന്ദർശക വിസ ലഭിക്കാൻ സ്പോൺസർക്ക് മിനിമം സാലറി ആവശ്യമാണ്. അടുത്ത കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് പ്രതിമാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളമുണ്ടാകണം.
പേരക്കുട്ടികളും അമ്മാവൻമാരും മുതലുള്ള ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതിന് പ്രതിമാസം കുറഞ്ഞത് 8,000 ദിർഹം ശമ്പളമുണ്ടായിക്കണം. അതേസമയം സുഹൃത്തുക്കളെ സ്പോൺസർ ചെയ്യാൻ പ്രവാസിക്ക് പ്രതിമാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം.
ബിസിനസ് സാധ്യതകൾ തേടിയെത്തുന്നവർക്കുള്ള ബിസിനസ് എക്സ്പ്ലറേഷൻ വിസക്ക് കമ്പനി സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക ഭദ്രത, രാജ്യത്തിന് പുറത്ത് നിലവിലുള്ള കമ്പനിയിൽ ഓഹരി ഉടമസ്ഥാവകാശം, അല്ലെങ്കിൽ പ്രഫഷനൽ പരിചയം എന്നിവ ആവശ്യമാണ്. ട്രക്ക് ഡ്രൈവർ വിസക്ക് സ്പോൺസർ, ആരോഗ്യ, സാമ്പത്തിക ഗാരന്റികൾ എന്നിവ ആവശ്യമാണെന്നും പുതിയ നിർദേശങ്ങളിൽ പറയുന്നു.
ഓരോ വിസ വിഭാഗത്തിന്റെയും താമസ കാലാവധിയും അത് നീട്ടുന്നതിനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന കൃത്യമായ വിവരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കും പ്രത്യേക വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനും പുതിയ വിസ നിയമങ്ങൾ സഹായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

