ദുബൈയിൽ നാലു പുതിയ ബസ് സർവിസ്
text_fieldsദുബൈ: ദുബൈയിലെ താമസ-വ്യാവസായിക മേഖലകൾ തമ്മിലുള്ള ബന്ധം കൂടുതൽ എളുപ്പമാക്കുന്നതിനും പൊതുഗതാഗത ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി ജൂലൈ 17 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു.
യാത്രക്കാരുടെ യാത്രാരീതികളെയും ആവശ്യങ്ങളെയും കുറിച്ച് അതോറിറ്റി നടത്തിയ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം. ഇതിന്റെ ഭാഗമായി ഇന്റർനാഷനൽ സിറ്റിയെയും ദുബൈ സിലിക്കൺ ഒയാസിസിനെയും ബന്ധിപ്പിച്ച് റൂട്ട് 35, 37A, 37B എന്നീ സർവീസുകളും, അൽ ഖൂസ് (അൽ ഖൈൽ ഗേറ്റ്) മുതൽ ദുബൈ ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷൻ വരെ റൂട്ട് 85 എന്ന സർവീസും ആരംഭിക്കും. ഇതോടൊപ്പം, നിലവിലുള്ള 13 റൂട്ടുകളിൽ ഘടനാപരമായ മാറ്റങ്ങളും വരുത്തും.
നാല് പുതിയ റൂട്ടുകൾ
റൂട്ട് 35: ഇന്റർനാഷനൽ സിറ്റിയെ ദുബൈ സിലിക്കൺ ഒയാസിസുമായി ബന്ധിപ്പിക്കുന്നു. തിരക്കുള്ള സമയങ്ങളിൽ ഓരോ 30 മിനിറ്റിലും സർവിസ്.
റൂട്ട് 85: അൽ ഖൂസ് (അൽ ഖൈൽ ഗേറ്റ്) മുതൽ ദുബൈ ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷൻ വരെ. തിരക്കുള്ള സമയങ്ങളിൽ ഓരോ 20 മിനിറ്റിലും സർവീസ് ലഭ്യമാണ്.
റൂട്ട് 37A: ഇന്റർനാഷനൽ സിറ്റിക്കും ദുബൈ സിലിക്കൺ ഒയാസിസ് ലേക്കിനും ഇടയിൽ (30 മിനിറ്റ് ഇടവേളയിൽ).
റൂട്ട് 37B: ദുബൈ സിലിക്കൺ ഒയാസിസ് ലേക്കിനും ഇന്റർനാഷനൽ സിറ്റിക്കും ഇടയിൽ (30 മിനിറ്റ് ഇടവേളയിൽ).
നിലവിലെ റൂട്ടുകളിലെ പ്രധാന മാറ്റങ്ങൾ
റൂട്ട് 27, 36A, 36B: റൂട്ട് 27 ഇനി അൽ സുക്കൂക് സ്ട്രീറ്റിന് പകരം അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വഴി സർവീസ് നടത്തും (യാത്രക്കാർക്ക് റൂട്ട് 29 ബദലായി ഉപയോഗിക്കാം). റൂട്ട് 36A, 36B എന്നിവയുടെ ഇന്റർനാഷനൽ സിറ്റിക്കും സിലിക്കൺ ഒയാസിസിനും ഇടയിലുള്ള ഭാഗം നിർത്തലാക്കും. അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് ഭാഗങ്ങളിലേക്ക് പോകുന്നവർക്ക് പുതിയ റൂട്ടുകളായ 37A, 37B ഉപയോഗിക്കാം.
റൂട്ട് 67, 84, 88: മെട്രോ ശൃംഖലയുമായുള്ള കണക്റ്റിവിറ്റി കൂട്ടാൻ റൂട്ട് 67 ഇനി അൽ ഗുബൈബ ബസ് സ്റ്റേഷന് പകരം ഔദ് മേത്ത ബസ് സ്റ്റേഷനിലേക്ക് സർവിസ് നടത്തും (ബർ ദുബൈയിലേക്ക് പോകാൻ ഗ്രീൻ ലൈൻ മെട്രോ ഉപയോഗിക്കാം). റൂട്ട് 84 മാൾ ഓഫ് ദി എമിറേറ്റ്സിന് പകരം ഇൻഷുറൻസ് മാർക്കറ്റ് ബസ് സ്റ്റോപ്പിൽ (സൗത്ത് സൈഡ്) സർവിസ് അവസാനിപ്പിക്കും. റൂട്ട് 88 ഉം മമ്മി ഷെയ്ഫ് സ്ട്രീറ്റിന് പകരം ഓൺപാസീവ് മെട്രോ ബസ് സ്റ്റോപ്പിൽ (നോർത്ത് സൈഡ്) സർവിസ് അവസാനിപ്പിക്കും.
റൂട്ട് 96, X94, C01, X22: അൽ ഖൂസ് ഭാഗത്തേക്കുള്ള റൂട്ട് 96, X94 എന്നിവ എക്സ്പോ റോഡിന് പകരം അൽ യലായിസ് സ്ട്രീറ്റ്/ജെബൽ അലി വഴി തിരിച്ചുവിടും. വൈകുന്നേരങ്ങളിലെ യാത്രാസമയം കുറക്കാനായി റൂട്ട് C01 ഫ്ലേം ഇന്റർസെക്ഷൻ 2 നും ഡിനാറ്റ 2 നും ഇടയിൽ വഴിതിരിച്ചുവിടും. റൂട്ട് X22 ബിസിനസ് ബേയിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ശൈഖ് സായിദ് റോഡ് വഴി നേരിട്ട് അൽ ഖുസൈസ് ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് സർവീസ് നടത്തും.
മെട്രോ ലിങ്ക് (F)
റൂട്ടുകളിലെ മാറ്റങ്ങൾ
റൂട്ട് F06: നാദ് ഷമ്മ (Nad Shamma) മേഖലയിലേക്ക് നീട്ടി.
റൂട്ട് F29: ഉമ്മ് സുഖീം 3 ന് പകരം ഉമ്മുൽ ശീഫ് മേഖലയിൽ സർവീസ് നടത്തും.
റൂട്ട് F36: അൽ ബർഷ സൗത്ത് 2 മേഖലയിലേക്ക് നീട്ടി.
റൂട്ട് F47: ജെബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിലെ സ്റ്റാഫ് അക്കോമഡേഷൻ വഴി സർവീസ് നടത്തും.
റൂട്ട് F49: ഡാന്യൂബ് മെട്രോ സ്റ്റേഷനിൽ നിന്നുള്ള യാത്രയിൽ പാർക്കോ ഹൈപ്പർമാർക്കറ്റ് മേഖല ഒഴിവാക്കും. പകരം യാത്രക്കാർക്ക് 56, 95A, F47, F53 എന്നീ ബസുകൾ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

