അബൂദബിയിൽ നാല് ബഹുനില പാർക്കിങ് കെട്ടിടങ്ങൾ തുറന്നു
text_fieldsഅബൂദബി: ഗതാഗത തിരക്ക് കുറക്കുന്നതിനും കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ അനുവദിക്കുന്നതിനുമായി എമിറേറ്റിൽ നാല് ബഹുനില പാർക്കിങ് കെട്ടിടങ്ങൾ കൂടി പ്രവർത്തനം തുടങ്ങിയതായി ക്യു മൊബിലിറ്റി അറിയിച്ചു. മുഹമ്മദ് ബിൻ സായിദ് സിറ്റിയുടെ എം.ഇ9, എം.ഇ10, എം.ഇ12 എന്നീ വാണിജ്യ മേഖലകളിലാണ് പുതിയ പാർക്കിങ് കെട്ടിടങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഇതിൽ എം.ഇ 10ൽ രണ്ട് ബഹുനില കെട്ടിടങ്ങളാണ് നിർമിച്ചിരിക്കുന്നത്. നാല് പാർക്കിങ് കെട്ടിടങ്ങളിലുമായി 1,446 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകും. എം.ഇ9നിൽ 682 വാഹനങ്ങൾക്കും എം.ഇ10ൽ 346 വാഹനങ്ങൾക്കും എം.ഇ12ൽ 418 വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കായി പ്രത്യേക പാർക്കിങ് സ്ഥലങ്ങളും ഇവിടെ അനുവദിച്ചിട്ടുണ്ട്. അബൂദബി സംയോജിത ഗതാഗത കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിൽ ക്യൂമൊബിലിറ്റിക്കാണ് പാർക്കിങ് സ്ഥലങ്ങളുടെ നിയന്ത്രണം. മാർച്ച് 11 മുതൽ പുതിയ പാർക്കിങ് കെട്ടിടങ്ങളുടെ പ്രവർത്തനം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വ്യവസായ മേഖലകളിൽ നിരവധി ഓഫിസുകളും ഷോപ്പുകൾ, സേവന കേന്ദ്രങ്ങളും ആരംഭിച്ചതോടെ കഴിഞ്ഞ വർഷങ്ങളിൽ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ ഗതാഗത നീക്കം വർധിച്ചിട്ടുണ്ടെന്ന് ക്യൂമൊബിലിറ്റി അധികൃതർ വ്യക്തമാക്കി. പരിമിതമായ പാർക്കിങ് സ്ഥലങ്ങളും ക്രമരഹിതമായ പാർക്കിങ്ങും പലപ്പോഴും ഗതാഗത കുരുക്കിന് ഇടയാക്കാറുണ്ട്. പാർക്കിങ് സ്ഥലങ്ങൾ അന്വേഷിക്കുന്നതിനായി ഡ്രൈവർമാർ ചെലവിടുന്ന സമയം കുറക്കാൻ ലക്ഷ്യമിട്ടാണ് പാർക്കിങ് സ്ഥലങ്ങൾ വർധിപ്പിച്ചിരിക്കുന്നത്. ഇതുവഴി കൊമേഴ്സ്യൽ ജില്ലകളിൽ ഗതാഗത നീക്കം മെച്ചപ്പെടുത്താൻ സഹായകമാവും.
2026ൽ മുസഫയിൽ പുതിയ പാർക്കിങ് സ്ഥലങ്ങൾ പ്രവർത്തനം തുടങ്ങിയത് ഏറ്റവും തിരക്കേറിയ വ്യവസായ മേഖലകളിൽ ഒന്നായ ഇവിടം ഗതാഗത തടസ്സങ്ങൾ നീക്കാൻ സഹായകമായിരുന്നു. എം1, എം2, എം3, എം4, എം24 മേഖകലളിലായി 4,680 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. മണിക്കൂറിൽ രണ്ട് ദിർഹമാണ് പാർക്കിങ് നിരക്ക്. ദർബ്, താം തുടങ്ങിയ ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വഴിയും എസ്.എം.എസായും ഓൺസൈറ്റ് മെഷീനുകൾ വഴിയും പണമടക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

