ദുബൈയിൽ നാല് സബ്സ്റ്റേഷനുകൾ കൂടി കമീഷൻ ചെയ്തു
text_fieldsദുബൈ: ഈ വർഷം ആദ്യ പകുതിയിൽ ദുബൈയിൽ പുതുതായി നാല് 132 കെ.വി സബ്സ്റ്റേഷനുകൾ കൂടി കമീഷൻ ചെയ്തതായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ അറിയിച്ചു. 725 ദശലക്ഷം ദിർഹം ചെലവിൽ നിർമിച്ച സബ്സ്റ്റേഷനുകളുടെ ശേഷി 450 മെഗാവാട്ട് ആമ്പിയറാണ്. 228 കിലോമീറ്റർ നീളത്തിൽ വിതരണ കേബിളുകളും പദ്ധതിയിലൂടെ സ്ഥാപിച്ചു.
നിലവിൽ 49 പുതിയ 132 കെ.വി സബ്സ്റ്റേഷനുകളും രണ്ട് 400 കെ.വി സബ്സ്റ്റേഷനുകളും നിർമാണത്തിലാണ്. ഇത് കൂടാതെ 11 പുതിയ 132 കെ.വി സബ്സ്റ്റേഷനുകൾ നിർമിക്കുന്നതിനായി പ്രധാന കരാറുകാരിൽ നിന്ന് കരാർ ക്ഷണിച്ചിട്ടുണ്ട്. അടുത്ത മൂന്നു വർഷത്തിനകം 57ലധികം 132 കെ.വി സബ്സ്റ്റേഷനുകളും 160 കിലോമീറ്റർ നീളത്തിൽ വിതരണ കേബിളുകളും സ്ഥാപിക്കുന്നതിനായി കരാർ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ രണ്ടെണ്ണം അൽ യലാസിസ് 5ലായിരിക്കും സ്ഥാപിക്കുക. കൂടാതെ, ഹത്തയിലും വർസാൻ 4ലിനും പുതിയ സബ്സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ വർഷം ആദ്യ പകുതിയോടെ മൊത്തം വൈദ്യുതി വിതരണ സബ്സ്റ്റേഷനുകളുടെ എണ്ണം 391ലെത്തി. ഇതിൽ 27 എണ്ണം 400 കെ.വിയും 364 എണ്ണം 132 കെ.വിയുമാണ്.
അൽ ബർഷ സൗത്ത് 2, ബിസിനസ് ബേ, ദുബൈ സിലിക്കൺ ഒയാസിസ്, എയർപോർട്ട് സിറ്റി, നാദൽ ഷിബ 1, വാദി അൽ സഫ 5 എന്നിവിടങ്ങളിലായി 110 കോടി ദിർഹം ചെലവിൽ 132 കെ.വിയുടെ 10 സബ്സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള കരാറുകൾ നൽകിക്കഴിഞ്ഞു. അതേസമയം, വൈദ്യുതി വിതരണ രംഗത്ത് ദീവയുടെ നിക്ഷേപമൂല്യം 760 കോടി ദിർഹം കടന്നതായും സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

