ഇൻഷുറൻസ് മേഖലയിൽ നാലു പതിറ്റാണ്ട്; ഉണ്ണിമോയി ഇനി നാട്ടിൽ
text_fieldsഉണ്ണിമോയി
ഇൻഷുറൻസ് എന്ന വാക്ക് അത്ര സുപരിചിതമല്ലാത്ത കാലത്ത് ഈ മേഖലയിലേക്ക് കാലെടുത്തുവെച്ചയാളാണ് കോഴിക്കോട് കൊടിയത്തൂർ കീരൻതൊടിക ഉണ്ണിമോയി. 1981ൽ തുടങ്ങിയ ഇൻഷുറൻസ് മേഖലയോടൊപ്പമുള്ള പ്രവാസം അവസാനിപ്പിച്ച് ഉണ്ണിമോയി നാട്ടിലേക്ക് മടങ്ങി. 40 വർഷം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത ഓർമകളുമായാണ് മടക്കം. കാലം ഇത്ര കഴിഞ്ഞിട്ടും ഇൻഷുറൻസിെൻറ പ്രാധാന്യം ജനങ്ങൾക്കറിയില്ലെന്ന പരിഭവം ഇപ്പോഴും ബാക്കി.
േചന്ദമംഗലൂർ ഹൈസ്കൂളിലെ ഒമ്പതു വർഷത്തെ സേവനത്തിനുശേഷം ലീവെടുത്താണ് സൗദിയിൽ പ്രവാസം തുടങ്ങുന്നത്. ട്രാവൽ ഏജൻസിയിലായിരുന്നു ആദ്യം. 1981 ആഗസ്റ്റിൽ സൗദി അൽകോബാറിലെ ഇൻഷുറൻസ് സ്ഥാപനത്തിൽ ജോലി നേടി. സ്ഥാപനത്തിലെ ജാപ്പനീസ് അല്ലാത്ത ആദ്യ സ്റ്റാഫായിരുന്നു ഉണ്ണിമോയി. 1987 വരെ അവിടെ ജോലി ചെയ്തു. പിന്നീട് റിയാദിലെ റീജനൽ ഹെഡ് ഓഫിസിലേക്ക് മാറി. '94ലാണ് ഇവിടെനിന്ന് ദുബൈയിലേക്ക് ട്രാൻസ്ഫർ കിട്ടുന്നത്. ദുബൈയിൽ തുടങ്ങിയ പുതിയ ബ്രാഞ്ചിനെ വളർത്തിയെടുക്കാൻ മാനേജറായിട്ടായിരുന്നു നിയോഗം. ഇതിനിടെ, ഇൻഷുറൻസിൽ യു.കെയിൽനിന്ന് അസോസിയേറ്റ്സ് എടുത്തു. കൂടെയുള്ളവരെയും ഇതിന് പ്രേരിപ്പിച്ചു. അന്ന് ഇൻഷുറൻസ് മേഖലയിൽ സാങ്കേതിക പരിജ്ഞാനമുള്ളവർ കുറവായിരുന്നു.
ഉണ്ണിമോയിയുടെ പ്രേരണയിൽ 18ഓളം പേർ ഫെലോഷിപ്പും അസോസിയേറ്റ്സും ഡിേപ്ലാമയും എടുത്തു. ഇൻഷുറൻസ് എന്താണെന്ന് ആളുകൾക്ക് അറിയില്ലാത്ത കാലമായിരുന്നതിനാൽ ഇതേക്കുറിച്ച് ബോധവത്കരിക്കുക വെല്ലുവിളിയായിരുന്നു. ഇൗ മേഖലയെ കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ നിലനിന്നിരുന്നു. ഇപ്പോഴും ഇതിെൻറ പ്രാധാന്യം പലർക്കും അറിയില്ല. ഇൻഷുറൻസ് ഉള്ളതിനാൽ മാത്രം വലിയ കെണികളിൽനിന്ന് രക്ഷപ്പെട്ട നിരവധി പേരെ അറിയാമെന്ന് ഉണ്ണിമോയി പറയുന്നു. ഇൻഷുറൻസ് ഇല്ലാത്തതിനാൽ കെണിയിൽപെട്ടവരെയും അറിയാം. പലരും ബേസിക് ഇൻഷുറൻസ് മാത്രമാണ് ഇപ്പോഴും എടുക്കുന്നത്. ഇതുകൊണ്ട് വലിയ കാര്യമില്ല. ഡോക്ടർമാർക്കുപോലും ബേസിക് പ്ലാനാണുള്ളത്.
കോവിഡ് പോലുള്ള മഹാമാരികൾ നേരിടുേമ്പാൾ ഇതുപോലുള്ള ചെറിയ പ്ലാനുകൾ വലിയ റിസ്ക്കാണ്. ലൈഫ്, മെഡിക്കൽ, വാഹനം എന്നിവ മാത്രമാണ് നാട്ടിലുള്ളവർക്ക് പരിചിതമായ ഇൻഷുറൻസ്. പ്രളയത്തിൽ വെള്ളം കയറിയ വീടുകൾക്കുപോലും ഇൻഷുറൻസ് ലഭിക്കും എന്നത് പലർക്കും അറിയില്ല. ഇൻഷുറൻസ് എന്നത് മികച്ചൊരു പഠനമേഖലയും കൂടിയാണെന്നും അദ്ദേഹം പറയുന്നു. ദിവസവും മാറ്റങ്ങളുള്ള മേഖലയാണിത്. സോളാർ പാനലുകൾ എങ്ങനെ ഇൻഷുർ ചെയ്യാം എന്നതുപോലും ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. പാഠ്യപദ്ധതികളിൽ ഇൻഷുറൻസും ഉൾപ്പെടുത്തണം. ബോംബെയിൽ നിന്നുള്ളവരാണ് കൂടുതലും ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുന്നത്. ഇതേക്കുറിച്ച് പഠിക്കാനും ജോലി സ്വന്തമാക്കാനും കേരളത്തിലെ യുവതലമുറ മുന്നോട്ടുവരണമെന്നാണ് ഉണ്ണിമോയിയുടെ അഭിപ്രായം.
നാട്ടിലെത്തിയാലും ഇൻഷുറൻസ് മേഖല വിടാൻ താൽപര്യമില്ല. സ്വന്തമായി ഇൻഷുറൻസ് കൺസൽട്ടൻസി തുടങ്ങിയാലോ എന്നാണ് ആലോചന. ഇതേക്കുറിച്ചുള്ള പഠനത്തിലാണ്. കഴിഞ്ഞ വർഷം കോവിഡ് ലോക്ഡൗണായതോടെ അഞ്ചുമാസം നാട്ടിലിരുന്നാണ് ദുബൈയിലെ ജോലികൾ ചെയ്തത്. ഓഫിസ് ഇല്ലെങ്കിൽ പോലും എവിടെയിരുന്നും ജോലി ചെയ്യാമെന്ന ആത്മവിശ്വാസം ലഭിക്കാൻ ഇത് ഉപകരിച്ചു. ദുബൈയിൽ ദേര ഫിഷ് റൗണ്ട് എബൗട്ടിന് സമീപത്തായിരുന്നു കുടുംബസമേതം താമസം. റുഖിയയാണ് ഭാര്യ. മകൾ നസിയ ദുബൈയിലുണ്ട്. മറ്റു മക്കളായ നവാസ്, ഷിഹാബ്, നസീം എന്നിവർ നാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

