ഇന്ത്യൻ സ്കൂളുകളിൽ നാല് ദിവസം ദീപാവലി അവധി
text_fieldsദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾ ദീപാവലി ആഘോഷങ്ങൾക്കായി വിദ്യാർഥികൾക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയാണ് അവധി. ചില സ്കൂളുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളുടെ പ്രഖ്യാപനത്തെ വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ സ്വാഗതം ചെയ്തു.
ദീപങ്ങളുടെ ആഘോഷമായ ദീപാവലിക്ക് അവധി ദിനങ്ങൾ കൂടുതൽ തിളക്കം നൽകും. ബന്ധുക്കളെ സന്ദർശിക്കാനും കുടുംബങ്ങളുമൊത്ത് യാത്ര ചെയ്യാനുമുള്ള സുവർണാവസരമാണ് വാരാന്ത്യത്തോടൊപ്പമുള്ള അവധി ദിനങ്ങൾ. ദീപാവലി പ്രമാണിച്ച് നിരവധി ഓഫറുകളും സ്മാർട്ട് ട്രാവൽ, ഗോ കൈറ്റ് ഉൾപ്പെടെയുള്ള ട്രാവൽസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ദീപാവലി അവധി കണക്കിലെടുത്ത് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്നിരിക്കുകയാണ്.
ദുബൈ ഇന്ത്യൻ കോൺസുൽ വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ വിപുലമായ ആഘോഷ പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. നൂര്‍, ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്സ് എന്ന പേരില്‍ 17 മുതല്‍ 26 വരെയാണ് ആഘോഷം. ദുബൈ ഇക്കോണമി ആന്‍ഡ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് തയാറെടുപ്പുകള്‍. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റും ചേര്‍ന്നു നടത്തുന്ന ആഘോഷങ്ങളില്‍ ഒട്ടുമിക്ക വിനോദകേന്ദ്രങ്ങളുടെയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും പങ്കാളിത്തമുണ്ടാകും.
ആഘോഷത്തിന്റെ ഭാഗമായി വിവിധ ഷോപ്പിങ് മാളുകളില്‍ വിലക്കിഴിവുകളും ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 17ന് രാത്രി ഒമ്പത് മണിക്ക് അല്‍ സീഫ് ക്രീക്കില്‍ വെടിക്കെട്ട് നടന്നു. അല്‍ സീഫില്‍ 17 മുതല്‍ 19 വരെ കലാപരിപാടികള്‍ നടക്കും. ഘോഷയാത്ര, ശില്പശാല, സംഗീതപരിപാടി, സ്റ്റാന്‍ഡ്അപ് കോമഡി എന്നിവയാണ് പ്രധാന പരിപാടികള്‍. പ്രവേശനം സൗജന്യമാണ്.
17, 18, 24, 25 തീയതികളില്‍ ഗ്ലോബല്‍ വില്ലേജിലും വെടിക്കെട്ടുണ്ടാകും. 17 മുതല്‍ 20 വരെ പ്രത്യേക പരിപാടികളും ഗ്ലോബല്‍ വില്ലേജില്‍ അരങ്ങേറും. രംഗോലി പെയ്ന്റിങ്, കലാപരിപാടികള്‍, ഇന്ത്യന്‍ പവിലിയനിലെ ദീപാവലി മേള എന്നിവയെല്ലാമുണ്ടാകും. 18ന് ദുബൈ ഓപ്പറയില്‍ ഇളയരാജ നേതൃത്വം നല്കുന്ന ഗാനസന്ധ്യ, അന്നേദിവസം ഇത്തിസലാത്ത് അക്കാദമിയില്‍ ആന്‍ഡ്രിയ ജെറമിയയുടെ ദ ജെറമിയ പ്രൊക്ടിന്റെ തത്സമയ അവതരണമുണ്ടാകും. 25ന് കൊക്കകോള അരീനയില്‍ കോമഡി താരം റസല്‍ പീറ്റേഴ്സെത്തും. 18, 19 തീയതികളില്‍ സബീല്‍ തിയറ്ററില്‍ ഷുഗര്‍ സമ്മിയുടെ ഇംഗ്ലീഷ് ഹാസ്യപരിപാടിയും കാണാം. 25ന് അല്‍ ഖൂസിലെ ഹൈവില്‍ തമിഴ് ഹാസ്യതാരം പ്രവീണ്‍കുമാര്‍ പരിപാടി അവതരിപ്പിക്കും. ദീപാവലിയുടെ കഥ പറയുന്ന നാടകം 25, 26 തീയതികളില്‍ ദുബൈ ഫെസ്റ്റിവല്‍ പ്ലാസയിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

