നാല് ആസ്റ്റർ ആശുപത്രികൾ സ്മാർട്ട് ഹോസ്പിറ്റലുകളുടെ പട്ടികയിൽ ആസ്റ്റർ ഖിസൈസ്
text_fieldsദുബൈ: ജി.സി.സിയിലെ മുൻനിര ആരോഗ്യ പരിരക്ഷ ദാതാക്കളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ആസ്റ്ററിന്റെ നാല് ആശുപത്രികൾ ന്യൂസ് വീക്കിന്റെ ലോകത്തിലെ മികച്ച സ്മാർട്ട് ഹോസ്പിറ്റലുകളുടെ പട്ടികയിൽ ഇടംനേടി.
ക്ലിനിക്കൽ പരിചരണം കാര്യക്ഷമമാക്കുന്നതിനും രോഗിയുടെ അനുഭവം മികച്ചതാക്കുന്നതിനും നിർമിതബുദ്ധി, റോബോട്ടിക്സ്, ഓട്ടോമേഷൻ തുടങ്ങിയ അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് തുടക്കമിട്ട ലോകമെമ്പാടുമുള്ള 350 ആശുപത്രികളെയാണ് ഈ വാർഷിക റാങ്കിങ് ആദരിക്കുന്നത്. ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ്(റാങ്ക് 267), ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ (റാങ്ക് 309), മെഡ്കെയർ ഹോസ്പിറ്റൽ അൽ സഫ (റാങ്ക് 248) എന്നീ സ്ഥാനങ്ങൾ നേടി. ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ് തുടർച്ചയായ രണ്ടാം വർഷമാണ് പട്ടികയിൽ ഇടം നേടുന്നത്. സൗദി അറേബ്യയിലെ റിയാദിലെ ആസ്റ്റർ സനദ് ഹോസ്പിറ്റലും (റാങ്ക് 341) ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു.
ഏകദേശം നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് ആസ്റ്റർ ആരംഭിച്ചതു മുതൽ, ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കുക, ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുക എന്നീ കാഴ്ചപ്പാടുകളോടെയാണ് സ്ഥാപനം മുന്നോട്ടുപോകുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ന്യൂസ് വീക്കിന്റെ ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് ഹോസ്പിറ്റലുകളുടെ റാങ്കിങ്ങിൽ ഒരിക്കൽകൂടി ഇടം നേടുന്നത് ആസ്റ്ററിലെ എല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലിഷ മൂപ്പൻ പറഞ്ഞു.
സ്റ്റാറ്റിസ്റ്റയുമായി സഹകരിച്ച് തയാറാക്കിയ ന്യൂസ് വീക്കിന്റെ ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് ഹോസ്പിറ്റലുകളുടെ റാങ്കിങ്, ആരോഗ്യ സംരക്ഷണ പ്രഫഷനലുകളുടെ ആഗോള സർവേകളെയും, അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകൾ ആശുപത്രികൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന പഠനങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

