നാലര പതിറ്റാണ്ടിന്റെ പ്രവാസം, തുളസിയേട്ടൻ നാട്ടിലേക്ക്
text_fieldsതുളസിദാസ്
അൽഐൻ: 47 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് അൽഐൻ പ്രവാസികളുടെ പ്രിയപ്പെട്ട തുളസിയേട്ടൻ എന്ന തുളസിദാസ് നാട്ടിലേക്ക് തിരിക്കുന്നു. 1977ൽ കപ്പലിലാണ് ദുബൈയിലെത്തുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായതിനാൽ ബുംക ഗ്രൂപ് ഓഫ് കമ്പനിയിൽ മികച്ച ജോലി ലഭിച്ചു.
2006വരെ അതേ കമ്പനിയിലെ നിറസാന്നിധ്യമായിരുന്നു. കമ്പനിയുടെ വളർച്ചയിൽ നല്ലൊരു പങ്ക് വഹിക്കാൻ ഇദ്ദേഹത്തിനായി. അതോടൊപ്പം, തന്നെപ്പോലെ പ്രവാസം തേടി എത്തുന്നവർക്ക് കഴിവിന്റെ പരമാവധി സഹായങ്ങളും ജോലി കണ്ടെത്താനുള്ള സഹായങ്ങളും നൽകിപ്പോന്നു. 2007യിൽ ഹരിത നഗരമായ അൽഐനിൽ അൽ ജിക്കോ എന്ന കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ലഭിച്ചതോടെ ദുബൈയോട് വിടപറഞ്ഞു.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി പായിപ്പാട് ജനിച്ച തുളസിദാസ്, പ്രീഡിഗ്രി വരെ ചങ്ങനാശേരി എൻ.എസ്.എസ് കോളജിലായിരുന്നു. എസ്.ബി കോളജ് ചങ്ങനാശേരിയിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയ ഇദ്ദേഹം തുടർന്ന് പ്രവാസം തിരഞ്ഞെടുക്കുകയായിരുന്നു. ബ്ലൂസ്റ്റാർ അൽഐന്റെ ഭാഗമായതോടെ പ്രവർത്തകരുടെ പ്രിയപ്പെട്ട ദാസേട്ടനായി മാറി. ബ്ലൂസ്റ്റാറിന്റെ ട്രഷററായും പിന്നീട് പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിക്കാനും ഇദ്ദേഹത്തിനായി.
നിലവിൽ ഇന്ത്യൻ സോഷ്യൽ സെന്റർ ഓഡിറ്ററാണിദ്ദേഹം. കൂടാതെ എൻ.എസ്.എസ് അൽഐൻ ചാപ്റ്ററിന്റെ ട്രഷറർ ആണ്. ഇനി നാട്ടിൽ ഭാര്യ ഗിരിജയോടും രണ്ടു ആൺമക്കളോടുമൊപ്പം സന്തോഷപൂർവ്വം കഴിയാനാണ് ആഗ്രഹം. രണ്ട് ആൺമക്കളിൽ മൂത്തവൻ അർജുൻ ദാസ് എം.ബി.എ കഴിഞ്ഞ് ചെന്നൈയിൽ ഷെൽ എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു.
ഇളയമകൻ അജയ് ദാസ് ഡോക്ടറാണ്. ബ്ലൂ സ്റ്റാർ അൽഐന്റെ നേതൃനിരയിലുണ്ടായിരുന്ന തുളസിക്ക് ബ്ലൂസ്റ്റാർ അൽഐൻ യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

