ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് ഒന്നിച്ച് പോരാടണം -കബിൽ സിബൽ
text_fieldsഫാറൂഖ് കോളജ് വജ്ര ജൂബിലിയോടനുബന്ധിച്ച് ‘ഫോസ’ പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം വിശിഷ്ടാതിഥികളും
അണിയറപ്രവർത്തകരും ചേർന്ന് നിർവഹിക്കുന്നു
ദുബൈ: ഇന്ത്യ സ്വതന്ത്രമാകുമ്പോൾ സ്വപ്നം കണ്ട സാമൂഹിക, ജനാധിപത്യ നീതി യാഥാർഥ്യമായിട്ടില്ലെന്നും ഇത് നേടിയെടുക്കാൻ ഒന്നിച്ച് പോരാടണമെന്നും നിയമ വിദഗ്ദനും എം.പിയുമായ കബിൽ സിബൽ. കോഴിക്കോട് ഫാറൂഖ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഫാറൂഖ് കോളജ് അലുംനി അസോസിയേഷൻ (ഫോസ) ദുബൈയിൽ സംഘടിപ്പിച്ച ഫോസ ഡയമണ്ട് ഫിയസ്റ്റയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജിന്റെ യശസ്സ് നേടിയെടുക്കാൻ പൂർവ വിദ്യാർഥികൾ പോരാടുന്നതു പോലെ ഇന്ത്യയുടെ വീണ്ടെടുപ്പിനായും പോരാടണം.
കോൺഗ്രസ് വിട്ടെങ്കിലും താനൊരു മതേതര വാദിയാണ്. ഏതു പാർട്ടിയിലാണെങ്കിലും ആദർശം കൈവിടില്ല. ഹൃദയംകൊണ്ട് ഇപ്പോഴും കോൺഗ്രസുകാരനാണ്. പാർട്ടി വിട്ടിട്ടും ഒരിക്കൽപോലും കോൺഗ്രസിനെ വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില കോൺഗ്രസുകാരെപോലെ ബി.ജെ.പിയിലേക്ക് പോകാതിരുന്നതിന് കപിൽ സിബലിനെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മതേതരത്വം ഏതെങ്കിലും പാർട്ടിയുടെ കുത്തകയല്ല. രാത്രി ഗുഡ്നൈറ്റ് പറയുമ്പോൾ കോൺഗ്രസും ഗുഡ്മോണിങ് ബി.ജെ.പിയുമാകുന്നതാണ് പല കോൺഗ്രസുകാരുടെയും സ്വഭാവം.
എന്നാൽ, കബിൽ സിബൽ ഇപ്പോഴും അടിയുറച്ച സെക്കുലറാണ്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷ മനസ്സുള്ളവരാണ്. രാജ്യം ഭരിക്കുന്ന മുന്നണിയേക്കാൾ കൂടുതൽ വോട്ടാണ് മറ്റു പാർട്ടികൾക്കെല്ലാം ചേർന്ന് കിട്ടിയത്. ഏതു മതത്തിൽ വിശ്വസിക്കുന്നവർക്കും വിശ്വാസങ്ങളെ സ്വസ്ഥമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ഗാരന്റി കാർഡാണ് ഭരണഘടനയെന്നും റിയാസ് പറഞ്ഞു.
ഓർമകളുടെ കൂടൊരുക്കി ‘ഫോസ’ ഡയമണ്ട് ഫിയസ്റ്റ
ദുബൈ: കലാലയ ഓർമകളുടെ കെട്ടഴിച്ച് ‘ഫോസ’ ഡയമണ്ട് ഫിയസ്റ്റ. പതിറ്റാണ്ടുകൾക്ക് മുമ്പേ പഠിച്ചിറങ്ങിയ കോളജിന്റെ വജ്ര ജൂബിലി ആഘോഷിക്കാൻ ഫാറൂഖ് കോളജിലെ പൂർവ വിദ്യാർഥികൾ ദുബൈയിൽ ഒരുമിച്ച് ചേർന്നു. വജ്ര ജൂബിലിയുടെ അന്താരാഷ്ട്ര ആഘോഷത്തിന് തിരിതെളിച്ച് ദുബൈയിൽ നടന്ന പരിപാടിയിലേക്ക് ആയിരക്കണക്കിന് പൂർവവിദ്യാർഥികൾ ഒഴുകിയെത്തി. പ്രമുഖ നിയമജ്ഞനും എം.പിയുമായ കപിൽ സിബൽ ഉദ്ഘാടനം ചെയ്തു. ഫോസ യു.എ.ഇ സ്ഥാപകനും സംഘാടക സമിതി ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ അധ്യക്ഷത വഹിച്ചു. കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഫോസ സുവനീർ ഫാറൂഖ് കോളജ് മാനേജർ സി.പി. കുഞ്ഞുമുഹമ്മദിനു നൽകി പ്രകാശനം ചെയ്തു.
ഫാറൂഖ് കോളജ് പൂർവ വിദ്യാർഥിയും മുൻ അധ്യാപകനും എം.പിയുമായ അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി. ഫോസ ഫൗണ്ടിങ് ജനറൽ സെക്രട്ടറി മലയിൽ മുഹമ്മദലിയെ ആദരിച്ചു. സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ, ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ, മുൻ പ്രിൻസിപ്പൽ ഇ.പി. ഇമ്പിച്ചിക്കോയ, ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി ട്രഷറർ എൻ.കെ. മുഹമ്മദലി, ഫോസ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രൊഫ. യൂസഫലി, ഫോഡറ്റ് കൺവീനറും ഫാറൂഖ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായ കോയ മാസ്റ്റർ, ഫോസ ദുബൈ മുൻ പ്രസിഡന്റുമാരായ ജമീൽ അബ്ദുൽ ലത്തീഫ്, ഡോ. ടി. അഹമ്മദ് , പ്രസിഡന്റ് റാഷിദ് കിഴക്കയിൽ, ജനറൽ സെക്രട്ടറി റാബിയ ഹുസൈൻ, എം.സി.എ. നാസർ, നാസർ ബേപ്പൂർ, റിയാസ് ചേലേരി, എൻ. മുഹമ്മദലി, സി.എച്ച്. അബൂബക്കർ, ഇബ്രാഹിം മുറിച്ചാണ്ടി, അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ് എന്നിവർ പങ്കെടുത്തു. യാസിർ ഇവന്റയ്ട്സ് പരിപാടികൾ നിയന്ത്രിച്ചു.
'ജലീൽ മഷ്ഹൂർ സ്വാഗതം പറഞ്ഞു. രാജ് കലേഷ് കുട്ടികൾക്കായി പരിപാടികൾ നടത്തി. ഫോസ ഇന്റർനാഷനൽ മീറ്റ്, മെംബർമാരുടെ വിവിധ കലാപരിപാടികൾ, യു.എ.ഇ -ഇന്ത്യ ട്രൈബ്യുട്ട് ടു നാഷൻ, നൃത്ത സംഗീത ശിൽപം, ഒപ്പന, കോൽക്കളി, സ്കിറ്റ് , വിവിധ കലാ പരിപാടികൾ എന്നിവ അരങ്ങേറി. ചലച്ചിത്ര നടിയും ഗായികയുമായ രമ്യ നമ്പീശൻ, ഗായകൻ നജീം അർഷാദ്, ഫാത്തിമ റിസ എന്നിവർ നയിച്ച ഗാനമേള പരിപാടിക്ക് കൊഴുപ്പേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

