ഡെലിവറി റൈഡർമാർക്ക് നാൽപത് വിശ്രമകേന്ദ്രങ്ങൾ
text_fieldsഡെലിവറി റൈഡർമാർക്കുവേണ്ടി ആർ.ടി.എ നിർമിച്ച വിശ്രമകേന്ദ്രം
ദുബൈ: എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിലായി ഡെലിവറി റൈഡർമാർക്ക് 40 ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങൾ നിർമിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 10 വീതം റൈഡർമാർക്ക് ഒരേസമയം വിശ്രമിക്കാനും ഇരിക്കാനുമുള്ള സൗകര്യം ഓരോ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. വേനൽകാലങ്ങളിൽ വെയിൽ കൊള്ളാതെ കാത്തുനിൽക്കാൻ കേന്ദ്രങ്ങൾ വളരെയധികം ഉപകാരപ്പെടും.
വിശ്രമസ്ഥലങ്ങളുടെ അനുബന്ധമായി ബൈക്കുകൾ പാർക്ക് ചെയ്യാനുമുള്ള സൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്. നഗരത്തിൽ 2,535 കമ്പനികളിലായി 46,600 ഡെലിവറി റൈഡർമാരുണ്ടെന്നാണ് അധികൃതർ കണക്കാക്കുന്നത്. കൂടുതൽ ഡെലിവറി സേവനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ നിർണയിച്ച് ഡെലിവറി കമ്പനികളുമായി ഏകോപനം നടത്തിയാണ് കേന്ദ്രങ്ങൾക്ക് ആവശ്യമായ പ്രദേശങ്ങൾ തിരഞ്ഞെടുത്തത്.
ഹസ്സ സ്ട്രീറ്റ്, ബർഷ ഹൈറ്റ്സ്, അൽ ബർഷ, അൽ കറാമ, റിഗ്ഗ അൽ ബുതീൻ, ഉമ്മുസുഖീം (ജുമൈറ 3), ജുമൈറ (അൽ വാസൽ റോഡ്), ദി ഗ്രീൻസ്, ദുബൈ വേൾഡ് ട്രേഡ് സെന്റർ, അൽ റാശിദിയ, അൽ സത്വ, നാദ് അൽ ഹമർ, അൽ നഹ്ദ, ഊദ് മേത്ത, അറേബ്യൻ റേഞ്ചസ്, ഇന്റർനാഷനൽ സിറ്റി, ബിസിനസ് ബേ, ദുബൈ മറീന, അൽ ജദ്ദാഫ്, മിർദിഫ്, ലാസ്റ്റ് എക്സിറ്റ് അൽ ഖവാനീജ്, ദുബൈ മോട്ടോർ സിറ്റി, അൽ ഗർഹൂദ് എന്നിവയുൾപ്പെടെ പ്രധാന സ്ഥലങ്ങളിലെല്ലാം വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് സുരക്ഷ വർധിപ്പിക്കുക, ജീവിത നിലവാരം വർധിപ്പിക്കുക, റൈഡർമാർക്ക് കാത്തിരിപ്പ് സമയങ്ങളിൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുക എന്നീ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
റോഡപകടങ്ങൾ കുറക്കാനും നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്താനും പദ്ധതി വഴി സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.ഡെലിവറി റൈഡർമാർക്ക് സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഒരുക്കുന്നതിലെ ആർ.ടി.എയുടെ പ്രതിബദ്ധതയെയാണ് പദ്ധതി അടിവരയിടുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. പൊതുജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള സേവനം ലഭിക്കുന്നത് ഉറപ്പാക്കുന്നതിനായി ഡെലിവറി മേഖലയിൽ ആർ.ടി.എ നിരവധി പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.
മികച്ച സേവനം നൽകുന്ന ഡെലിവറി കമ്പനികളെയും റൈഡർമാരെയും ആദരിക്കുന്നതിനായി 2022ൽ ആർ.ടി.എ ഡെലിവറി സർവിസ് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഇതിന്റെ ആദ്യഘട്ട വിജയികളെ പ്രഖ്യാപിച്ചത്. രണ്ടാംഘട്ട വിജയികളെ ഈ വർഷം പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

