ഷാർജയിൽ യുവതിയുടേത് തൂങ്ങിമരണമെന്ന് ഫോറൻസിക് റിപ്പോർട്ട്
text_fieldsഷാർജ: താമസകെട്ടിടത്തിൽ മലയാളിയായ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് പുറത്ത്. കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (32), മകൾ വൈഭവി (ഒരു വയസ്സും നാലു മാസവും) എന്നിവരെയാണ് ചൊവ്വാഴ്ച ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിൽ വിപഞ്ചിക ആത്മഹത്യ ചെയ്തതാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
യുവതിയുടെ കഴുത്തിൽ കണ്ട പാടുകൾ സ്വയം പരിക്കേൽപിച്ചതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചത്. തലയണയോ മറ്റോ ഉപയോഗിച്ച് കുഞ്ഞിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ ആക്രമണത്തിന്റെ മറ്റു പരിക്കുകൾ കണ്ടെത്തിയിട്ടില്ല. ചൊവ്വാഴ്ച ഉച്ചക്ക് വീട്ടുവേലക്കാരി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെവന്നതോടെ യുവതിയുടെ ഭർത്താവിനെ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവ് വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരേയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഉടൻ സംഭവസ്ഥലത്ത് എത്തിയ എമർജൻസി സർവിസ് തുടർ നടപടി സ്വീകരിച്ച് മൃതദേഹങ്ങൾ അന്ന് ഉച്ചക്ക് രണ്ട് മണിയോടെ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ഇവിടെനിന്ന് പോസ്റ്റ്മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റുകയായിരുന്നു. മരണങ്ങളെ ചുറ്റിപ്പറ്റിയുള്ള മുഴുവൻ സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുന്നതിനാൽ, അധികൃതർ കേസ് ഷാർജ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പിതാവിന് മകളെ അവസാനമായി ഒന്നു കാണണം
കുവൈത്ത് സിറ്റി: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മകൾ വിപഞ്ചികയുടെയും കൊച്ചുമകളുടെയും വാർത്ത അറിഞ്ഞ് നിസ്സഹായനായി പിതാവ് മണിയന്. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയായ മണിയന് നിയമ തടസ്സം ഉള്ളതിനാൽ നാട്ടിൽ പോകാനാകാത്ത അവസ്ഥയിലാണ്.കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസയിൽ ജോലി ചെയ്തിരുന്ന മണിയന് ഇഖാമ തീർന്നതിനാൽ നാട്ടിലേക്ക് പോകാനാകില്ല. പുതിയ വിസ എടുക്കാൻ നിയമ തടസ്സവുമുണ്ട്. ഇതോടെ മകളുടെ മൃതദേഹമെങ്കിലും കാണാനാകില്ലേ എന്ന സങ്കടത്തിലാണ് മണിയൻ.
നാലരവര്‍ഷം മുന്‍പായിരുന്നു വിപഞ്ചികയുടെ വിവാഹം. കൊറോണ സമയം ആയതിനാൽ അന്ന് മണിയന് നാട്ടിൽ പോകാനോ ചടങ്ങിൽ പങ്കെടുക്കാനോ കഴിഞ്ഞില്ല. പിന്നീട് മണിയൻ കുവൈത്തിലും വിപഞ്ചിക യു.എ.ഇയിലും ആയതിനാൽ മകളെ കണ്ടിട്ട് വർഷങ്ങളായി. കൊച്ചുമകളെയും ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഫോണിൽ സുഖവിവരങ്ങൾ പറയുമെങ്കിലും ഭർത്താവുമായുള്ള പ്രശ്നങ്ങൾ മകൾ മരിക്കുന്നവരെ അറിഞ്ഞിരുന്നില്ലെന്നും മണിയൻ പറയുന്നു. മകളെയും കുഞ്ഞിനെയും അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹമുണ്ട്. എന്നാൽ കുവൈത്തിൽ നിന്ന് പോകാൻ നിയമതടസ്സം വെല്ലുവിളിയാണ്. ഇത് ഒഴിവാക്കാൻ ആരെ സമീപിക്കണമെന്നും നിസ്സഹായനായ ഈ പിതാവിന് അറിയില്ല.
ചൊവ്വാഴ്ചയാണ് കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (33), മകൾ വൈഭവി (ഒന്നര) എന്നിവരെ ഷാർജ അൽനഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതിന് പിറകെ ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഭർത്താവ് നിതീഷിൽ നിന്നുള്ള പീഡനമാണ് മരണകാരണം എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പും ശബ്ദ സന്ദേശവും കുടുംബം പുറത്തുവിട്ടു. മരണത്തില്‍ ദുരൂഹത ആരോപിച്ച് യു.എ.ഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.മരണകാരണം ഷാര്‍ജ പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം 16 ന് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. അപ്പോഴേക്കും നാട്ടിൽ എത്താനാകണേ എന്നാണ് മണിയന്റെ പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

