വിനോദസഞ്ചാരത്തിന് കാവലാള്‍
text_fieldsവിനോദ വ്യവസായ മേഖലകളില്‍ പുതിയ ഉയരങ്ങള്‍ തേടുന്ന റാസല്‍ഖൈമയില്‍ റസിഡന്റ് കമ്യൂണിറ്റികളും വിനോദ സഞ്ചാരികളും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്കാണ് ടൂറിസ്റ്റ് പൊലീസ് നിര്‍വഹിക്കുന്നത്. സമൂഹത്തെ സുരക്ഷിതമാക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനുമായി നല്കുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കാഴ്ച്ചപ്പാട് സമ്പൂര്‍ണമായി പ്രയോഗവത്കരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ടൂറിസ്റ്റ് പൊലീസെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജീവനും സ്വത്തും സുരക്ഷിതമാക്കുന്നതിന് നൂതനമായ സാങ്കേതിക വിദ്യകളുടെ സജ്ജീകരണത്തിനൊപ്പം ബോധവത്കരണ പരിപാടികള്‍ നടത്തി വിനോദ സഞ്ചാരികളുടെ സുരക്ഷ കാര്യക്ഷമമായി നിലനിര്‍ത്തുകയെന്നതാണ് നയം. ഇതോടനുബന്ധിച്ച് വിനോദ സഞ്ചാരികള്‍, നിക്ഷേപകര്‍, മാനേജര്‍മാര്‍, ഉദ്യോഗസ്ഥര്‍, ഹോട്ടല്‍ അതിഥികള്‍ തുടങ്ങിയവരുമാകയി തുടര്‍ച്ചയായ കൂടിക്കാഴ്ച്ചകളും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടാനും റാസല്‍ഖൈമ ടൂറിസം പൊലീസ് ലക്ഷ്യമിടുന്നു.
വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതും വിനോദ സഞ്ചാരികള്‍ക്കും പൊലീസ് ഓഫീസര്‍മാര്‍ക്കും ഇടയിലെ എല്ലാവിധ പ്രതിബന്ധങ്ങളും നീക്കം ചെയ്യുന്നതിനുള്ള പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. നാര്‍ക്കോട്ടിക്, എക്സ്പ്ളോസീവ്, സൈബര്‍ ക്രൈം തുടങ്ങിയവ വകുപ്പുകളുമായി സഹകരിച്ച് ടൂറിസം പൊലീസ് സംഘടിപ്പിച്ച ബോധവത്കരണ പ്രഭാഷണങ്ങള്‍ നൂറുകണക്കിന് പേര് ഗുണഭോക്താക്കളായി.
ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്കുള്ള ബോധവത്കരണത്തിന് അതീവ ഊന്നലാണ് നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ഓഫീസര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. മയക്കുമരുന്നുകളുടെയും ആസക്തിയുളവാക്കുന്ന വസ്തുക്കളുടെയും ദുരുപയോഗത്തെയും ഇവയുടെ ദോഷങ്ങളെക്കുറിച്ചും വിനോദ സഞ്ചാരികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നുണ്ട്. മയക്കുമരുന്ന് വിപത്തില്‍ നിന്ന് വിനോദ സഞ്ചാരികളെയും സംരക്ഷിക്കേണ്ടത് രാജ്യ താല്പര്യത്തിന്റെ കൂടി അനിവാര്യതയാണെന്നും റാക് ടൂറിസം പൊലീസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

