വന്നോളീ.. തിന്നോളീ ‘ഫുഡോ ഫുഡി’ന് നാളെ തുടക്കം
text_fieldsഷാർജ: വൈവിധ്യമാർന്ന രുചികളുടെ മേളപ്പെരുക്കവുമായി ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘ഫുഡോ ഫുഡ്’ മേളക്ക് വ്യാഴാഴ്ച തുടക്കമാകും. തനത് അറബ് രുചികൾക്കൊപ്പം ഇന്ത്യൻ, ചൈനീസ്, ഫിലിപ്പൈൻസ്, കോണ്ടിനെന്റൽ തുടങ്ങി പലതരം രുചികൾ ഒരു കുടക്കീഴിൽ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച വേദിയാണ് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്നത്.
ഡിസംബർ 26, 27, 28, 29 തീയതികളിലായി ഷാർജ എക്സ്പോ സെന്ററിലാണ് ‘ഫുഡോ ഫുഡ്’ എന്ന പേരിൽ രുചികളുടെ ഉത്സവം തീർക്കുന്നത്.
വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങൾക്കൊപ്പം നാലു ദിവസം നീണ്ടുനിൽക്കുന്ന കലാ-സാംസ്കാരിക, വിനോദ, മത്സര പരിപാടികളും ഷാർജ എക്സ്പോ സെന്ററിൽ ഉത്സവാന്തരീക്ഷം തീർക്കും. നാലു ദിവസവും വൈകീട്ട് മൂന്നു മുതൽ രാത്രി 11 മണിവരെ നീണ്ടു നിൽക്കുന്നതാണ് പരിപാടികൾ.
നിരവധി മത്സരങ്ങൾ, മാജിക് ഷോ, പ്രമുഖ മ്യൂസിക് ബാൻഡുകൾ, വയലിൻ പ്രകടനങ്ങൾ, മെഹ്ഫിൽ അബൂദബി സംഘത്തിന്റെ മുട്ടിപ്പാട്ട് കലാപ്രകടനങ്ങൾ, കുട്ടികൾക്കായി ഫൺ ആൻഡ് ഗെയിം ആക്ടിവിറ്റീസ് എന്നിവയും മേളയുടെ ഭാഗമാണ്. വെജ്റ്റബിൾ-ഫ്രൂട്ട്സ് കാർവിങ്, കേക്ക് ഡക്കറേഷൻ, സലാഡ് മേക്കിങ് തുടങ്ങി നിരവധി മത്സരങ്ങളും മേളയിൽ അരങ്ങേറും.
അവസാന ദിവസമായ 29ന് ഞായറാഴ്ച പ്രമുഖ മലയാള സിനിമ താരങ്ങളായ ആസിഫ് അലി, അനശ്വര രാജൻ എന്നിവരും യു.എ.ഇയിലെ പ്രവാസി മലയാളികളെ കാണാനെത്തും. ഇരുവരുടെയും പുതിയ സിനിമയായ ‘രേഖാചിത്ര’ത്തിന്റെ അണിയറ പ്രവർത്തകരും വിശേഷങ്ങളുമായി ഫുഡോഫുഡ് വേദിയിലെത്തുന്നുണ്ട്.
അഞ്ച് ദിർഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. പത്തുവയസ്സു വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സന്ദർശകർക്ക് സൗജന്യ പാർക്കിങ്ങും അനുവദിക്കും.

