ഭക്ഷ്യലോകം ദുബൈയിലേക്ക്; ഗൾഫുഡിന് ഉജ്ജ്വല തുടക്കം
text_fieldsദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ‘ഗൾഫുഡ്’ സന്ദർശിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളും രുചികളും പരിചയപ്പെടുത്തുന്ന ലോകത്തെ ഏറ്റവും വലിയ പ്രദർശന മേളയായ ഗൾഫുഡിന്റെ 30ാമത് പതിപ്പിന് തിങ്കളാഴ്ച ദുബൈയിൽ ഉജ്ജ്വല തുടക്കം. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച മേളയിൽ ഇത്തവണ 129 രാജ്യങ്ങളിൽനിന്നുള്ള 5500 പ്രദർശകരാണ് പങ്കെടുക്കുന്നത്. വമ്പൻ ബഹുരാഷ്ട്ര കമ്പനികൾ മുതൽ സ്റ്റാർട്ടപ് ഭക്ഷ്യ സംരംഭങ്ങൾ വരെ പ്രദർശകരിൽ ഉൾപ്പെടും.
1.3 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള 24 പ്രദർശന ഹാളുകളാണ് വേൾഡ് ട്രേഡ് സെന്ററിൽ മേളക്കായി സജ്ജമാക്കിയിരിക്കുന്നത്. ഏതാണ്ട് 10 ലക്ഷത്തിലധികം വ്യത്യസ്തങ്ങളായ ഭക്ഷ്യ ഉൽപന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ആദ്യദിനം വൻ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതൽ സന്ദർശകർ ഒഴുകിയെത്തിയതോടെ വേൾഡ് ട്രേഡ് സെന്ററും പരിസരവും ജനനിബിഡമായി. രാവിലെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേളയിലെത്തിയിരുന്നു. വിവിധ സ്റ്റാളുകൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ഗൾഫുഡിലെ സന്ദർശകരുടെ തിരക്ക്
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഏറ്റവും പുതിയ ഭക്ഷ്യ ഉൽപന്നങ്ങൾ, വിവിധ ചേരുവകൾ, രുചികൾ എന്നിവ പുറത്തിറക്കുന്ന കമ്പനികളുമായി സംവദിക്കാനും വ്യാപാര കരാറുകളിൽ ഒപ്പുവെക്കാനും അവസരമൊരുക്കിയിട്ടുണ്ട്. കൂടാതെ, ലോകത്തെ പ്രമുഖ ഷെഫുമാരിൽനിന്ന് പാചക വൈദഗ്ധ്യം നേരിട്ട് അനുഭവിച്ചറിയാനും സാധിക്കും. യു.എസ്, ഫ്രാൻസ്, ബ്രസീൽ, യു.കെ, ഇന്ത്യ, സിംഗപ്പൂർ, ജപ്പാൻ, ആസ്ട്രേലിയ, കൊസോവോ, മഡഗാസ്കർ, മൊറീഷ്യസ്, സാംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളുടെ സ്റ്റാളുകളും മേളയിൽ സജീവമാണ്.
യു.എ.ഇയിലെ പ്രമുഖ മൊത്ത വ്യാപാര ശൃംഖലയായ ജലീൽ കാഷ് ആൻഡ് ക്യാരി, ടേസ്റ്റിഫുഡ്, അബീവിയ, ഈസ്റ്റേൺ, ആർ.കെ.ജി തുടങ്ങിയവരും മേളയിൽ പങ്കാളികളാണ്. ഭക്ഷ്യ ഉൽപന്ന രംഗത്തെ നൂതനാശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ആഗോളതലത്തിൽ സഹകരണങ്ങൾ വളർത്തുന്നതിനും ഫുഡ് ആൻഡ് ബിവറേജ് വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുമുള്ള മുൻനിര പ്ലാറ്റ്ഫോമായി ഗൾഫുഡ് മാറിക്കഴിഞ്ഞതായി ഓർക്കല ഇന്ത്യ ഇന്റർനാഷനൽ സി.ഇ.ഒ അശ്വിൻ സുബ്രഹ്മണ്യൻ പറഞ്ഞു. പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്താനുള്ള മികച്ച വേദിയാണ് ഗൾഫുഡ് എന്ന് ജലീൽ ഡിസ്ട്രിബ്യൂഷൻ ബ്രാൻഡ് മാനേജർ ഒ.കെ നിഹാദ് പറഞ്ഞു.
നിലവിൽ 50ൽ അധികം പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ജലീൽ ഡിസ്ട്രിബ്യൂഷൻ വിപണിയിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭക്ഷ്യ രംഗത്തെ വിവിധ കമ്പനികളുടെ ഏറ്റവും പുതിയ ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങും പ്രദർശനത്തിലുണ്ടാകും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 2000 കോടി ഡോളറിന്റെ വ്യാപാര ഇടപാടുകൾ നടക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 21ന് മേളക്ക് സമാപനം കുറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

