ഭക്ഷണം വിളമ്പണം, മുഹബ്ബത്തോടെ
text_fieldsദുബൈ: 'തന്നത് തിന്നു പോയ്ക്കോണം'എന്നത് പഴകിയ ഒരു പറച്ചിലാണ്. അങ്ങനെ ആരെങ്കിലും തരുന്നതും എങ്ങനെയെങ്കിലും ഉണ്ടാക്കുന്നതും വീട്ടിലായാലും സ്ട്രീറ്റിലായാലും കഴിക്കാൻ പാടില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. രോഗങ്ങൾ ചുറ്റും ഭീതിപ്പെടുത്തി മൂളിപ്പറക്കുന്ന ഘട്ടത്തിൽ നല്ലത് മാത്രമേ നഗരത്തിലെ ജനങ്ങൾ കഴിക്കാവൂ എന്ന വാശിയിലാണ് ദുബൈ മുനിസിപാലിറ്റി. അതിനായി വെക്കുന്നത് മുതൽ വിളമ്പുന്നതുവരെ ഓരോപടിയിലും സൂക്ഷിക്കേണ്ട കാര്യങ്ങൾ ജനങ്ങളിലേക്ക് പകരാൻ മുനിസിപാലിറ്റിയും 'ഗൾഫ് മാധ്യമ'വും ചേർന്ന് ആറുമാസം നീളുന്ന ദൗത്യത്തിന് തുടക്കമിടുകയാണ്. ലോകഭക്ഷ്യദിനത്തിൽ പ്രഖ്യാപിക്കപ്പെട്ട കാമ്പയിൻ ജൂലൈ മുതൽ ഡിസംബർ വരെ നീളും.
സുരക്ഷിതമല്ലാത്ത ഭക്ഷണം മഹാരോഗങ്ങൾക്ക് കാരണമാകാമെന്ന തിരിച്ചറിവിലാണ് യു.എ.ഇ ഭരണകൂടം ഭക്ഷ്യസുരക്ഷക്കായി നിയമങ്ങൾ കർക്കശമാക്കിയത്. ദേശദേശാന്തങ്ങളിൽ നിന്ന് യു.എ.യിലെത്തി താമസിക്കുന്ന പൊതുജനങ്ങളിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ താമസക്കാരിലും പൗരൻമാരിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷ ശീലം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് രാജ്യത്തെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമായ ദുബൈ മുനിസിപ്പാലിറ്റിക്കൊപ്പം പ്രവാസലോകത്തിെൻറ മുഖപത്രമായ ഗൾഫ് മാധ്യമം കൈകോർക്കുന്നത്. ദുബൈ മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി വിഭാഗത്തിെൻറ നാല് അടിസ്ഥാന തത്വങ്ങളിലൊന്നാണ് ഭക്ഷ്യ സുരക്ഷ ബോധവത്കരണം.
ഇതിനായി വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ദുബൈ മുനിസിപ്പാലിറ്റി 'ഗൾഫ് മാധ്യമ'ത്തിനൊപ്പം ബോധവത്കരണമൊരുക്കും. വെബിനാറുകളും മത്സരങ്ങളും സംഘടിപ്പിക്കും. പാചകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും വിപണനം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണർത്താൻ പൊതുജനങ്ങളിലേക്കും ഹോട്ടല്- കഫേ കൂട്ടായ്മകളിലേക്കും വീട്ടമ്മമാരിലേക്കുമെല്ലാം കാമ്പയിൻ എത്തും.
ആഗോള ഭക്ഷണങ്ങളുടെ സംഗമഭൂമിയായ യു.എ.ഇയിലെ കഫേകളും കഫ്റ്റീരിയകളും ഫുഡ്കോർട്ടുകളും റസ്റ്റാറൻറുകളും ഹോട്ടലുകളുമെല്ലാം ഇതുമായി സഹകരിക്കും. ദേശ- ഭാഷാ ഭേദമന്യേ എല്ലാ സ്ഥാപനങ്ങളിലേക്കും കാമ്പയിൻ വ്യാപിക്കും. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിലും ബോധവൽകരണം നടക്കും. ഭക്ഷ്യ മേഖലയിൽ ദുബൈയുടെ നയങ്ങളും നിയമങ്ങളും പുതിയ പദ്ധതികളുമെല്ലാം ചോദിച്ചറിയാനുള്ള അവസരവുമുണ്ടാവും. 'ഗൾഫ് മാധ്യമ'ത്തിെൻറ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയും വിവരങ്ങൾ പൊതുജനങ്ങളിലേക്കെത്തും. നിയമവശങ്ങൾ അറിയാതെ പിഴയിൽ കുടുങ്ങുന്നവർക്ക് നേരറിവ് നൽകാനും കാമ്പയിൻ ഉപകരിക്കും.
പാചകത്തിലെ അശ്രദ്ധമൂലവും അറിവില്ലായ്മ മൂലവും ദിവസവും ലക്ഷക്കണക്കിനാളുകൾ മാരക രോഗത്തിനിരയാകുന്നുണ്ടെന്നാണ് കണക്കുകൾ. നിത്യ രോഗത്തിലേക്ക് നയിക്കുന്ന ഇത്തരം ശീലങ്ങളിൽ മാറ്റം വരുത്തേണ്ട ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നതാവും കാമ്പയിൻ. സ്വപ്നങ്ങളിലേക്ക് കുതിച്ചുയരാൻ ലോകത്തിെൻറ വ്യത്യസ്തഭാഗങ്ങളിൽ നിന്ന് ഈ മഹത്തായ നഗരത്തിലെത്തുന്ന ഓരോരുത്തരും കഴിക്കുന്നത് ഇനി മുതൽ നല്ലത് മാത്രമാകണം എന്നതാണീ കൂട്ടുകെട്ടിന്റെ ലക്ഷ്യം. അതിനാൽ പ്രിയ നഗരവാസികളെ, നല്ലതിലേക്ക് നിറഞ്ഞ മനസോടെ നമുക്കൊരുമിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

