ഭക്ഷ്യ സുരക്ഷ നടപടി; അബൂദബിയിൽ പൂട്ടിയത് 38 സ്ഥാപനങ്ങൾ
text_fieldsഅഡാഫ്സ ഉദ്യോഗസ്ഥർ ഭക്ഷ്യ സ്ഥാപനങ്ങൾ പരിശോധിക്കുന്നു (ഫയൽ ചിത്രം)
അബൂദബി: കഴിഞ്ഞ ഒമ്പതു മാസത്തിനിടെ അബൂദബി കാര്‍ഷിക ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്സ) എമിറേറ്റിൽ അടച്ചുപൂട്ടിയത് റസ്റ്റാറന്റുകള്‍ അടക്കം 38 സ്ഥാപനങ്ങള്‍. ശുചിത്വം പാലിക്കുന്നതുൾപ്പെടെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. വീഴ്ച പരിഹരിക്കാൻ നോട്ടീസ് നൽകിയ ശേഷവും നിയമലംഘനം തുടർന്ന സ്ഥാപനങ്ങളാണ് അടപ്പിച്ചത്.
ഭക്ഷ്യ ഉൽപന്നങ്ങളുടെ ഡിജിറ്റല്‍ രജിസ്ട്രേഷന്, ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവ അഡാഫ്സയുടെ ഡിജിറ്റല്‍ സര്‍വിസ് പ്ലാറ്റ്ഫോം മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. അബൂദബിയില്‍ നിന്ന് ഭക്ഷ്യ ഉല്പന്നങ്ങള് കയറ്റുമതി ചെയ്യുന്നതിനുള്ള വാതിലാണ് രജിസ്ട്രേഷനെന്നും അഡാഫ്സ പറഞ്ഞു. വ്യാപാരികൾക്ക് ഔദ്യോഗിക അബൂദബി ബാര്‍കോഡ് (എഡി ബാര്‍കോഡ്) നേടുന്നതിനും കയറ്റുമതി അനായാസമാക്കാനും സഹായമാകും.
ഓരോ ഉല്പന്നങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ആവര്‍ത്തനമില്ലാതെ ആഗോള കയറ്റുമതിക്ക് അവസരം തുറക്കും. ഓരോ ഉല്പന്നങ്ങള്ക്കും ഡിജിറ്റല്‍ ഐഡന്റിറ്റി നല്‍കുന്നതിലൂടെ കയറ്റുമതി സുഗമമാക്കും. പ്രാദേശിക ഉല്പന്നങ്ങളുടെ കയറ്റ്- ഇറക്കുമതിക്ക് സിംഗിള്‍ രജിസ്ട്രേഷന് മതിയാകും. യു.എ.ഇ പാസ് ഉപയോഗിച്ച് രജിസ്ട്രേഷന് അപേക്ഷിക്കാം. ഇതിനായി ഇക്കോണമിക് ലൈസന്‍സ് പ്രൊഫൈലിൽ രജിസ്ട്രേഷന് ടൈപ്പ് തിരഞ്ഞെടുത്ത് ഉല്പന്നത്തിന്റെ വിവരം രേഖപ്പെടുത്തുക. അപേക്ഷക്ക് അനുമതി ലഭിച്ചാൽ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

