ഗ്ലോബൽ വില്ലേജിൽ ഭക്ഷ്യ സുരക്ഷ പരിശോധന
text_fieldsദുബൈ: ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി എമിറേറ്റിലെ ഏറ്റവും പ്രമുഖ വിനോദ ആകർഷണങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജിൽ ദുബൈ മുനിസിപ്പാലിറ്റി പരിശോധന നടത്തി. 200 പ്രദർശകരിലായി 51,000 ഭക്ഷ്യ യൂനിറ്റുകളും 49 ഷിപ്മെന്റുകളുമാണ് പരിശോധിച്ചത്. ആഗോള ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സ്റ്റാളുകൾ പ്രാദേശിക, ആഗോള മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരുന്നു പരിശോധന.
ഗ്ലോബൽ വില്ലേജിന്‍റെ 30ാമത് എഡിഷന് ഈ മാസം 16ന് തുടക്കം കുറിച്ചിരുന്നു. വർണാഭമായ ആഘോഷപരിപാടികളുമായാണ് ഇത്തവണ ആഗോള ഗ്രാമം മിഴി തുറന്നത്. പുരാണ ലോകത്തിലെ 11 തീം മുറികളിലൂടെ സന്ദർശകർക്ക് പുതിയ പുതിയ അനുഭവം സമ്മാനിക്കുന്ന ഡ്രാഗൺ കിങ്ഡമാണ് ഇത്തവണത്തെ പ്രത്യേകത. ഈഫൽ ടവർ, താജ്മഹൽ എന്നിവ ഉൾപ്പെടെ ലോകാത്ഭുതങ്ങളുടെ ചെറു രൂപങ്ങൾ പ്രദർശിപ്പിക്കുന്ന പ്രത്യേക ഇടം, പൂക്കളുടെ വർണം വിതറുന്ന ഗാർഡൻസ് ഓഫ് വേൾഡ് തുടങ്ങിയവയും സന്ദർശകരെ ആകർഷിക്കുന്നതാണ്.
ലോകത്തെ വിത്യസ്തങ്ങളായ രുചി ആസ്വദിക്കാൻ കഴിയുന്ന റെയിൽവേ മാർക്കറ്റ് ഡസർട്ട് ഡിസ്ട്രിക്ട് എന്ന പേരിൽ റീബ്രാൻഡ് ചെയ്തിട്ടുണ്ട്. ഏഷ്യ ബൊളിവാർഡ് എന്ന പേരിൽ റോഡ് ഓഫ് ഏഷ്യ വീണ്ടും എത്തിയിരിക്കുകയാണ്. 25 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. സീസണിന്‍റെ അവസാനത്തിൽ ഒരു കോടി ദിർഹത്തിന്‍റെ ഗ്രാൻഡ് പ്രൈസും ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമിയം പാർക്കിങ് നിരക്ക് 120 ദിർഹമാണ്. പി6 പാർക്കിങ്ങിന് 75 ദിർഹമാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

