ദുബൈയിൽ കാഴ്ച മറച്ച് മൂടൽമഞ്ഞ്; സുരക്ഷ ഉറപ്പാക്കി പൊലീസ്
text_fieldsദുബൈ: തുടർച്ചയായ രണ്ടാം ദിവസത്തിലും അതിരാവിലെ രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളും കനത്ത മൂടൽമഞ്ഞിൽ മുങ്ങി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മൂടൽമഞ്ഞ് ദൃശ്യമായത്. അപകട സാധ്യത മുൻകൂട്ടിക്കണ്ട് ഡ്രൈവർമാർക്ക് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷ ഉറപ്പാക്കാൻ വിവിധ പൊലീസ് സേനകൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
മൂടൽമഞ്ഞിനിടെ രണ്ടുദിവസങ്ങളിലായി 8,263 അടിയന്തിര കോളുകൾ ലഭിച്ചതായി ദുബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് മൂടൽമഞ്ഞിനെ തുടർന്ന് രൂപപ്പെടുകയും ചെയ്തു.
കുറഞ്ഞ ദൃശ്യപരതയുള്ള സമയത്ത് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഓപ്പറേഷൻസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അടിയന്തര സജ്ജീകരണത്തോടെ കോളുകൾ കൈകാര്യം ചെയ്തതായി പ്രസ്താവനയിൽ അറിയിച്ചു. ആക്ടിങ് ഡയറക്ടർ ലഫ്. കേണൽ അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ അലി വാഹനയാത്രിക്കാർ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ചു.
മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറയുന്നതിനാൽ വേഗം കുറച്ച് ഓടിക്കുക, പെട്ടെന്ന് ബ്രേക്ക് ഇടുന്നത് ഒഴിവാക്കുക, ഫോഗ് ലൈറ്റുകൾ ഉപയോഗിക്കുക, സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ പൊലീസ് പുറപ്പെടുവിച്ചു. സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാർ റിഫ്ലക്ടീവ് ജാക്കറ്റ് ധരിക്കുകയും നിർദ്ദിഷ്ട പാതകളിൽ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുകയും ട്രാഫിക് നിയമങ്ങൾ പാലിക്കുകയും വേണമെന്നും അധികൃതർ നിർദേശിച്ചു.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10മണി വരെ പലയിടങ്ങളിലും മൂടൽമഞ്ഞ് ദൃശ്യമായിരുന്നു. മാർച്ചച് മാസത്തോടെ താപനില വർധിക്കുന്നതിന് മുന്നോടിയായി എല്ലാ വർഷവും ഫെബ്രുവരി അവസാനത്തിൽ മൂടൽമഞ്ഞ് രൂപപ്പെടാറുണ്ട്. ഇത്തവണ അടുത്ത ദിവസങ്ങളിലും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

