അബൂദബിയിലും റാസല്‍ഖൈമയിലും പറക്കും കാറുകളുടെ പരീക്ഷണം
text_fieldsഅബൂദബി: അബൂദബിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കും തിരിച്ചും കാറുകളില്‍ യാത്ര ചെയ്തു മടുപ്പായോ? എന്നാല്‍, പറക്കും കാറുകളില്‍ യാത്ര ചെയ്യാവുന്ന കാലം വിദൂരമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. റാസല്‍ഖൈമയില്‍ പറക്കും കാറുകള്‍ പരീക്ഷിക്കുന്നതിനും തുടര്‍ന്ന് അബൂദബിക്കും റാസല്‍ഖൈമക്കും ഇടയില്‍ ഡെമോണ്‍സ്‌ട്രേഷന്‍ റൂട്ട് ആരംഭിക്കുന്നതിനുമായി ചൈനീസ് വിമാന നിര്‍മാതാക്കളുമായി റാസല്‍ഖൈമ കരാര്‍ ഒപ്പുവച്ചു.
യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഈ സുപ്രധാന കരാര്‍ യാഥാർഥ്യമായിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ പറക്കും കാര്‍ കമ്പനികളിലൊന്നായ ‘അരിഡ്ജ്’, റാസല്‍ഖൈമ ഭരണകൂടവുമായി വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ഔദ്യോഗിക നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നതിന് മുന്നോടിയായി വിമാനങ്ങള്‍ സുരക്ഷിതമായി പറത്താനും വിലയിരുത്താനും സാധിക്കുന്ന ‘റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സ്’ സംവിധാനം ഒരുക്കുന്നതിനാണ് ഇതിലൂടെ തുടക്കമിടുന്നത്.
അബൂദബി എമിറേറ്റ്‌സ് പാലസില്‍ നടന്ന ചടങ്ങിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ചൈനയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തോടും യു.എ.ഇ-ചൈന നയതന്ത്ര ബന്ധത്തിന്‍റെ 42-ാം വാര്‍ഷികത്തോടും അനുബന്ധിച്ച് ചൈനീസ് എംബസി സംഘടപ്പിച്ച സ്വീകരണ ചടങ്ങില്‍ അരിഡ്ജ് തങ്ങളുടെ മൊഡ്യൂളര്‍ പറക്കും കാറായ ‘ലാന്‍ഡ് എയര്‍ക്രാഫ്റ്റ് കാരിയര്‍’ പ്രദര്‍ശിപ്പിച്ചിരുന്നു. യു.എ.ഇ ഗവണ്‍മെന്‍റ് പ്രതിനിധികളും ബിസിനസ് രംഗത്തെ പ്രമുഖരും ചൈനീസ് അംബാസഡര്‍ സെങ് ജിക്‌സിന്‍ ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അബൂദബി-റാസല്‍ഖൈമ ഡെമോണ്‍സ്‌ട്രേഷന്‍ റൂട്ട്
റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സിനൊപ്പം അബൂദബിയെയും റാസല്‍ഖൈമയെയും ബന്ധിപ്പിക്കുന്ന ഡെമോണ്‍സ്‌ട്രേഷന്‍ റൂട്ടും ഇരു വിഭാഗങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. എമിറേറ്റുകള്‍ക്കായുള്ള ഭാവി വ്യോമ ഗതാഗത സേവനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ൈഫ്ലറ്റ് പ്ലാനിങ്, വ്യോമാതിര്‍ത്തി ഏകോപനം, ഗ്രൗണ്ട് സപ്പോര്‍ട്ട്, പാസഞ്ചര്‍ ഹാൻഡ്ലിങ്, സുരക്ഷാ പ്രോട്ടോക്കോളുകള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഈ റൂട്ടിലൂടെ വിലയിരുത്തും.
നിലവില്‍ ഈ രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രക്ക് റോഡ് മാര്‍ഗം ഏകദേശം 90 മിനിറ്റ് ആവശ്യമാണ്. ഈ പരീക്ഷണങ്ങള്‍ വിജയകരമായി നടപ്പാക്കാനായാല്‍, എമിറേറ്റുകള്‍ക്കിടയിലുള്ള യാത്രകള്‍ക്ക് കൂടുതല്‍ വേഗമേറിയ ബദല്‍ സംവിധാനമായി ഇത് മാറും.
മരുഭൂമിയിലെ പരീക്ഷണങ്ങളും പ്രത്യേകതകളും
റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സ് വഴി അരിഡ്ജ് കമ്പനി മരുഭൂമിയിലെ കാലാവസ്ഥയിലും സാഹചര്യങ്ങളിലും ൈഫ്ലറ്റ് വാലിഡേഷൻ നടപ്പാക്കും.
വിവിധ പ്രവര്‍ത്തന സാഹചര്യങ്ങളില്‍ വിമാനത്തിന്‍റെ പ്രകടനം വിലയിരുത്താനും നിയന്ത്രിത വ്യോമാതിര്‍ത്തിക്കുള്ളില്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കാനും ഇത് സഹായിക്കും. ബന്ധപ്പെട്ട് മറ്റ് അതോറിറ്റികളുമായും വ്യവസായ പങ്കാളികളുമായും ചേര്‍ന്ന് തങ്ങളുടെ സാങ്കേതികവിദ്യയും പ്രവര്‍ത്തന മാതൃകയും ഉറപ്പുവരുത്താന്‍ ഈ പദ്ധതി സഹായകരമാകും.
കരാര്‍ ഒപ്പിട്ടതോടെ, മിഡില്‍ ഈസ്റ്റില്‍ ഒരു നാഷനല്‍ ലെവല്‍ റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സില്‍ പ്രവേശിക്കുന്ന ആദ്യത്തെ ചൈനീസ് പറക്കും കാര്‍ കമ്പനിയായി അരിഡ്ജ് മാറി. ഒപ്പം, താഴ്ന്ന ഉയരത്തിലുള്ള പറക്കലുകൾക്കായി ലോകത്തിലെ ആദ്യത്തെ ടെസ്റ്റിങ് സാന്‍ഡ്‌ബോക്‌സുകളില്‍ ഒന്നുകൂടിയാണ് സ്ഥാപിക്കുന്നത്.
എമിറേറ്റിലെ സമ്പദ്വ്യവസ്ഥയെ ആധുനികവല്‍കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

