സാധാരണക്കാര്‍ക്കും ആകാശക്കുടയില്‍ പറന്നിറങ്ങാന്‍ സൗകര്യമൊരുക്കി റാസല്‍ഖൈമ ടൂറിസം വികസന വകുപ്പ് (റാക് ടി.ഡി.എ). മനാര്‍ മാളുമായി സഹകരിച്ചാണ് റാക് ടി.ഡി.എയും ചേര്‍ന്ന് 'റാക് എയര്വെഞ്ച്വര്' എന്ന പദ്ധതി നടപ്പാക്കുന്നത്. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള പാരച്യൂട്ട് യാത്രക്ക് 75 ദിര്‍ഹമാണ് ഫീസ്. ഒരേ സമയം രണ്ട് മുതിര്‍ന്നവരെ ഉള്‍ക്കൊള്ളുന്നതാണ് ഹോട്ട് എയര്‍ ബലൂണ്‍ റൈഡ്. ദിവസവും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെ ആകാശക്കുട യാത്ര ആസ്വദിക്കാം. 30 മീറ്റര്‍ ഉയരത്തില്‍ ബീച്ചുകള്‍, മരുഭൂമി, കണ്ടല്‍ക്കാടുകള്‍, പര്‍വ്വതങ്ങള്‍ എന്നിവയുടെ ത്രൈമാന ആസ്വദനം സാധ്യമാക്കുന്നതാണ് പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. റാസല്‍ഖൈമയില്‍ സാഹസിക വ്യോമയാന വിനോദ പദ്ധതിക്ക് ആക്ഷന്‍ ൈഫ്ലറ്റ് ഏവിയേഷന്‍ എല്‍.എല്‍.സിയും (എ.എഫ്.എ) റാക് വിമാനത്താവള അതോറിറ്റിയും (ആര്.കെ.ടി) നേരത്തെ ധാരാണപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.
എയറോബാറ്റിക് ൈഫ്ലറ്റ്, സ്കൈ ഡൈവിങ്, ഹോട്ട് എയര്‍ ബലൂണിങ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ആര്.കെ.ടി -എ.എഫ്.എ പദ്ധതി. പര്‍വ്വത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാഹസിക ട്രക്കിങ് വിനോദങ്ങള്‍, മരുഭൂമികളിലെ ക്യാമ്പിങ്, ജബല്‍ ജെയ്സ്, ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ സിപ്ലൈന്‍, പൈതൃക കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, കൃഷി നിലങ്ങള്‍, കടല്‍ തീരങ്ങള്‍ തുടങ്ങിയവക്കൊപ്പം സാഹസിക വ്യോമയാന വിനോദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും പൂര്‍ണാര്‍ഥത്തില്‍ ആകുന്നതോടെ അതുല്യമായ ആകാശാനുഭവങ്ങളുടെ കേന്ദ്രമായും റാസല്‍ഖൈമ മാറും.