പ്രളയക്കെടുതി: സന്നദ്ധ പ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാൻ നോർക്ക പോർട്ടൽ തയാറാക്കുന്നു
text_fieldsഅബൂദബി: കേരളത്തിലെ പ്രളയക്കെടുതിയിയിൽ ദുരിതം നേരിടുന്ന പ്രദേശങ്ങളിൽ സന്നദ്ധസേവനത്തിന് താൽപര്യമുള്ള പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന ഒാൺലൈൻ പോർട്ടലിന് നോർക്ക രൂപം നൽകുന്നു. പോർട്ടൽ ഉടൻ തയറാകുമെന്ന് നോർക്ക അറിയിച്ചതായി യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു. കഴിഞ്ഞ ദിവസം യു.എ.ഇയിലെ ഇന്ത്യൻ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ അറിയിക്കാൻ ഇന്ത്യൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനപതി.
ഒന്നോ രണ്ടോ മാസങ്ങൾ കേരളത്തിൽ സന്നദ്ധ പ്രവർത്തനം നടത്താമെന്നറിയിച്ച് ചിലർ എംബസിയെ സമീപിച്ചതായി സൂരി പറഞ്ഞു. ഇൗ സാഹചര്യത്തിലാണ് പോർട്ടൽ തയാറാക്കാൻ നോർകക്ക് നിർദേശം സമർപ്പിച്ചത്. വളരെ ക്രിയാത്മകമായ പ്രതികരണമാണ് നോർകയിൽനിന്ന് ലഭിച്ചത്. ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് ഇതുവഴി ദുരിതബാധിതർക്ക് സേവനം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സഹായം സാധനങ്ങളായായി അയക്കരുതെന്ന് കേരള സർക്കാർ വ്യക്തമായി അറിയിച്ചിട്ടുണ്ട്. അവശ്യ സാധന സാമഗ്രികളുടെ കുറവ് ഇന്ത്യയിലില്ല. കോയമ്പത്തൂർ, മൈസൂർ, മംഗലുരു തുടങ്ങിയ സ്ഥലങ്ങൾ കേരളത്തിന് സമീപമാണ്.
സാധനങ്ങൾ ആവശ്യമെങ്കിൽ അവിടെ നിന്നെല്ലാം എത്തിക്കാനാവും. ദുരിതബാധിതരെ സഹായിക്കുന്നതിനായി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കാനാണ് സർക്കാർ നൽകുന്ന നിർദേശം. ഇങ്ങനെ പണമയക്കാൻ സംഘടനകൾ അവരുടെ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കണം. വിവിധ എക്സ്ചേഞ്ചുകൾ കമീഷൻ ഇല്ലാതെ പണമയക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. 50 ദിർഹം പോലും ഇങ്ങനെ അയക്കാൻ സാധിക്കും.
പണം സമാഹരിക്കാൻ അനുമതിയുള്ള സംഘടനകൾക്ക് മാത്രമേ യു.എ.ഇയിൽ ധനസമാഹരണത്തിന് അനുമതിയുള്ളൂ. അല്ലാത്ത സംഘടനകൾ പണം സമാഹരിക്കുന്നത് പ്രശ്നങ്ങളിലേക്കും സങ്കീർണതകളിലേക്കും നയിക്കും.
അവധിക്ക് നാട്ടിൽ പോയി പ്രളയത്തിൽ കുടുങ്ങിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംബസി ശ്രമിച്ചുവരികയാണ്. പാസ്പോർട്ട്, വിസ തുടങ്ങിയ രേഖകൾ നഷ്ടമായവർക്ക് ഇളവുകൾ അനുവദിക്കാൻ യു.എ.ഇ അധികൃതരെ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞവർക്ക് സമയം നീട്ടി നൽകാനുള്ള നിർദേശവും സമർപ്പിച്ചിട്ടുണ്ട്. പ്രളയബാധിതരായ വിദ്യാർഥികളുടെ ഹാജർനിലയിൽ രണ്ടാഴ്ചത്തെ ഇളവ് അനുവദിക്കാൻ യു.എ.ഇയിലെ വിദ്യാഭ്യാസ അധികൃതരോട് അപേക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഘടനകളും വ്യക്തികളും കാണിക്കുന്ന താൽപര്യത്തെ സൂരി പ്രശംസിച്ചു. എംബസി വിളിച്ചുചേർന്ന യോഗത്തിൽ എല്ലാ എമിറേറുകളിൽനിന്നുമുള്ള 30 പ്രമുഖ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികൾ പെങ്കടുത്തു. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുലും യോഗത്തിൽ സംബന്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
