പ്രളയനഷ്ടം: കോൺസുലേറ്റ് ഇടപെടണമെന്ന് പ്രവാസി സംഘടനകൾ
text_fieldsയു.എ.ഇ കെ.എം.സി.സി നേതാക്കൾ കോൺസൽ ജനറലുമായുള്ള കൂടിക്കാഴ്ചയിൽ
ഫുജൈറ: ഫുജൈറയിലും കൽബയിലുമുണ്ടായ പ്രളയത്തിൽ നഷ്ടമുണ്ടായവർക്ക് വേണ്ടി ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി സംഘടനകൾ. ഇക്കാര്യമാവശ്യപ്പെട്ട് യു.എ.ഇ കെ.എം.സി.സി നേതാക്കൾ കോൺസൽ ജനറലിനെ സന്ദർശിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ ഇന്ത്യക്കാരുടെ പുനരധിവാസം എളുപ്പമാക്കാനാണ് യു.എ.ഇ കെ.എം.സി.സി കോൺസുലേറ്റിന്റെ സഹായം ആവശ്യപ്പെട്ടത്.
അവിചാരിതമായുണ്ടായ പ്രളയക്കെടുതിയിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ നശിച്ചുപോയ ഇന്ത്യക്കാരുണ്ട്. അവർക്ക് കോൺസുലേറ്റ് അടിയന്തരമായി രേഖകൾ ശരിയാക്കിക്കൊടുക്കണം.
പാർപ്പിടങ്ങളും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് പുനരധിവാസത്തിനും കോൺസുലേറ്റിന്റെ സഹായം ആവശ്യമാണ്. വീണ്ടും പാസ്പോർട്ട് ലഭിക്കുന്നതിനുള്ള രേഖകൾ ലഭ്യമാക്കാൻ സത്വരനടപടി സ്വീകരിക്കണമെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാനും ജനറൽ സെക്രട്ടറി അൻവർ നഹയും കോൺസൽ ജനറൽ ഡോ. അമൻ പുരിയെയും പാസ്പോർട്ട് സെക്ഷൻ ഇൻചാർജ് റാം കുമാർ തങ്കരാജിനെയും കോൺസുലേറ്റിൽ സന്ദർശിച്ച് ആവശ്യപ്പെട്ടു.
പാസ്പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടത് തിട്ടപ്പെടുത്താനും പുതിയവ ഏർപ്പാടാക്കാനും ഉടൻതന്നെ കോൺസുലേറ്റ് ടീം ഫുജൈറ സന്ദർശിക്കുമെന്നും പുനരധിവാസ സഹായങ്ങൾ നൽകുമെന്നും കോൺസുലേറ്റ് ജനറലും അധികൃതരും ഉറപ്പുനൽകിയതായി ഇരുവരും അറിയിച്ചു.
മഴക്കെടുതിയിൽ താമസസൗകര്യങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് സഹായാശ്വാസം നൽകണമെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ കേന്ദ്ര കമ്മിറ്റിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഫുജൈറയിലും കൽബയിലും ദുരിതത്തിൽപെട്ട പ്രവാസികളെ സന്ദർശിച്ചശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്. പ്രളയത്തിൽ പ്രവാസിസമൂഹം അനുഭവിക്കുന്ന പ്രയാസം കേട്ടറിഞ്ഞതിലപ്പുറമാണെന്ന് പ്രവാസി ഇന്ത്യ പ്രസിഡൻറ് അബ്ദുല്ല സവാദ് പറഞ്ഞു.
ഏതെങ്കിലും സന്നദ്ധ സംഘടനകൾക്ക് മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല ഈസ്റ്റ്കോസ്റ്റിലെ ദുരിതബാധിതരുടെ പ്രശ്നങ്ങൾ. കച്ചവടസ്ഥാപനങ്ങളും താമസസ്ഥലങ്ങളും പാസ്പോർട്ട് അടക്കമുള്ള രേഖകളും നഷ്ടപ്പെട്ടവരും നിരവധിയുണ്ട്. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയൂ -പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

