സന്ദർശകർക്ക് ഷാർജ ബീച്ചിൽ ‘ഫ്ലോട്ടിങ് ചെയർ’
text_fieldsഅൽ ഹംരിയ ബീച്ചിലെ ‘ഫ്ലോട്ടിങ് ചെയർ’
ഷാർജ: എമിറേറ്റിലെ അൽ ഹംരിയ ബീച്ച് സന്ദർശിക്കുന്നവർക്കായി വെള്ളത്തിൽ പൊങ്ങിനിൽക്കുന്ന ‘ഫ്ലോട്ടിങ് ചെയർ’ സേവനം ഏർപ്പെടുത്തി മുനിസിപ്പാലിറ്റി. വയോധികർക്കും ഭിന്നശേഷിക്കാർക്കും സൗജന്യമായി ഉപയോഗിക്കാവുന്നതാണ് സേവനം. ആദ്യമായാണ് എമിറേറ്റിലെ ബീച്ചുകളിലൊന്നിൽ സേവനമാരംഭിക്കുന്നത്.
മുതിർന്ന പൗരന്മാർക്കും പ്രത്യേക സംവിധാനം ആവശ്യമായുമുള്ളവർക്കും കടൽത്തീരത്ത് പ്രവേശിക്കാനും സുരക്ഷിതമായി വെള്ളത്തിൽ ഇറങ്ങാനും കഴിയുന്ന ചക്രങ്ങളുള്ള വീൽചെയറും ഒരുക്കിയിട്ടുണ്ട്. ഇത്തരക്കാർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ബീച്ച് വഴിയിലെ ചരിവുകൾ മിനുസപ്പെടുത്തിയിട്ടുണ്ട്. ഇത് വീൽചെയറുകളിലും മറ്റും എത്തുന്നവർക്ക് സൗകര്യപ്രദമാകും. മണലിലൂടെ തന്നെ അൽ ഹംരിയ ബീച്ചിലെ വെള്ളത്തിലേക്ക് തടസ്സങ്ങളില്ലാതെ എത്തിച്ചേരാം. കൂടാതെ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ആവശ്യമായ മറ്റു സുരക്ഷ സംവിധാനങ്ങളും നടപടിക്രമങ്ങളും ഉറപ്പാക്കിയിട്ടുമുണ്ട്. അൽ ഹംരിയ ബീച്ചിലായിരിക്കുമ്പോൾ വയോധികർക്കും ഭിന്നശേഷിക്കാർക്കും അപകടസാധ്യത ഒഴിവാക്കാനാണ് മുൻ കരുതലുകൾ സ്വീകരിച്ചിരിക്കുന്നത്.
നിലവിൽ നിരവധിപേർ സേവനം ഉപയോഗപ്പെടുത്താൻ എത്തിച്ചേരുന്നുണ്ട്. അൽ ഹംരിയ മുനിസിപ്പാലിറ്റി സേവനം നേരത്തെ ബുക് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 0569920099 എന്ന നമ്പറിൽ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെയാണ് ബുക്കിങ്ങിന് ബന്ധപ്പെടേണ്ടത്.
സമൂഹത്തിന്റെ ഐക്യദാർഢ്യ മനോഭാവവും എല്ലാ വിഭാഗങ്ങളുടെയും ഉൾക്കൊള്ളലും ശക്തമാക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയെയാണ് പദ്ധതി അടയാളപ്പെടുത്തുന്നതെന്ന് അൽ ഹംരിയ മുനിസിപ്പാലിറ്റി ഡയറക്ടർ മുബാറക് റാശിദ് അൽ ശംസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

