Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ് മേഖലയിലെ വിമാന...

ഗൾഫ് മേഖലയിലെ വിമാന സർവിസുകളിൽ മാറ്റം; കേരളത്തിലേക്കടക്കം സർവിസുകൾ റദ്ദാക്കി

text_fields
bookmark_border
ഗൾഫ് മേഖലയിലെ വിമാന സർവിസുകളിൽ മാറ്റം; കേരളത്തിലേക്കടക്കം സർവിസുകൾ റദ്ദാക്കി
cancel

ദുബൈ: അമേരിക്കയും ഇറാനും ആക്രമണവും പ്രത്യാക്രമണവും തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ ചില റൂട്ടുകളിൽ വിമാന കമ്പനികൾ സർവിസ് റദ്ദാക്കിയത് തുടരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് അന്താരാഷ്ട്ര എയർലൈനുകളുടെ ഈ നടപടി. ഇത് വേനൽക്കാല അവധിക്കായി യാത്ര തിരിക്കാനിരുന്ന നിരവധി യാത്രക്കാരെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

എയർ ഇന്ത്യ എക്സ്പ്രസിന്റെ കേരളത്തിൽനിന്നടക്കമുള്ള സർവിസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടും. കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവിസുകളും ബഹ്റൈനിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവിസുകളും ഈ മാസം 31വരെ എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ കാരണം സർവിസുകൾ റദ്ദാക്കുന്നതായാണ് എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിച്ചിട്ടുള്ളത്.

അതേസമയം ഈ മാസം 31നും ആഗസ്റ്റിലും സൈറ്റിൽ ബുക്കിങ് സൗകര്യം ഉണ്ട്. യാത്ര മുടങ്ങിയവർക്ക് ഏഴു ദിവസത്തിനുള്ളിൽ മറ്റൊരു ദിവസത്തേക്ക് യാത്ര റീഷെഡ്യൂൾ ചെയ്യാനും ടിക്കറ്റ് പിൻവലിക്കാനും സൗകര്യം ഉണ്ട്. വ്യാഴാഴ്ച മുതൽ ഖത്തർ എയർവേസും കുവൈത്തിലേക്കുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. പ്രവർത്തനപരമായ കാരണങ്ങളാൽ ദുബൈ-കുവൈത്ത് പ്രതിദിന സർവീസുകൾ ആഗസ്റ്റ് 21 വരെ റദ്ദാക്കിയതായി എമിറേറ്റ്‌സും അറിയിച്ചു. ജൂലൈ 19 മുതൽ 31 വരെയുള്ള സർവീസുകൾ റദ്ദാക്കിയ നടപടിയാണ് വീണ്ടും നീട്ടിയത്.

ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുന്നുണ്ട്. വ്യോമപാത തുറന്നു തന്നെ കിടക്കുകയാണ്. ഗൾഫ് എയറിന്റെ വിവിധ സർവീസുകളും, ഫ്ലൈ ദുബൈ, എയർ അറേബ്യ, ഫ്ലൈനാസ്, കുവൈത്ത് എയർവേസ് എന്നിവയുടെ ഷാർജ, അബുദബി, ദുബൈ, കുവൈത്ത് സിറ്റി, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളും കൃത്യസമയത്ത് ലാൻഡ് ചെയ്യുകയും പുറപ്പെടുകയും ചെയ്യുന്നുമുണ്ട്.

എന്നാൽ, ഇത്തിഹാദ് എയർവേഴ്സ് ജൂലൈ 31 വരെ ബഹ്‌റൈനിലേക്കുള്ള സർവിസുകൾ നിർത്തിവെച്ചിട്ടുണ്ട്. ദുബൈ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ സെപ്റ്റംബർ ആറുവരെ ഉണ്ടാകില്ലെന്ന് കെ.എൽ.എം അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്കും തിരിച്ചുമുള്ള എല്ലാ സർവിസുകളും ജൂലൈ 31 വരെയും, എമിറേറ്റ്സ് ബഹ്‌റൈനിലേക്കുള്ള തങ്ങളുടെ സർവിസുകൾ ആഗസ്റ്റ് 31 വരെയും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, പ്രതിസന്ധിക്കിടയിലും ഇൻഡിഗോ, ഗൾഫ് എയർ, എയർ അറേബ്യ എന്നീ എയർലൈനുകൾ കേരളത്തിലേക്ക് ഇപ്പോഴും സർവിസുകൾ തുടരുന്നുണ്ട്. ബഹ്‌റൈനിലേക്കുള്ള അത്യാവശ്യല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ നിർത്തിവെക്കണമെന്ന് എയർലൈൻ പൈലറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ കേന്ദ്ര സർക്കാറിനയച്ച കത്തിൽ ആവശ്യമുയർത്തിയിരുന്നു.

മേഖലയിൽ റദ്ദാക്കിയ മറ്റു വിമാന സർവിസുകൾ:-

ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ ഇർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകൾ വ്യാഴാഴ്ച മുതൽ ഖത്തർ എയർവേസ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ബഹ്റൈൻ, ഇർബിൽ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ ജൂലൈ 25 വരെയും കുവൈത്തിലേക്കുള്ള സർവിസുകൾ ജൂലൈ 31 വരെയുമാണ് നിർത്തിവെച്ചിട്ടുള്ളത്. അതേസമയം, ദോഹയിൽനിന്ന് ഗൾഫ് എയർ എയർലൈൻസുകൾ ബഹ്റൈനിലേക്ക് സർവിസ് നടത്തുന്നുണ്ട്. ദോഹയിൽനിന്ന് സൗദിയിലെ ഖമീസ് മുശൈത്ത് അബഹ ഇന്റർനാഷനൽ എയർപോട്ടിലേക്കുള്ള വിവിധ എയർലെൻസുകളുടെ സർവിസുകൾ ശനിയാഴ്ച രാവിലെ റദ്ദാക്കിയിട്ടുണ്ട്.

ഇത്തിഹാദ് എയർവേസിന്റെ അബുദബിയിൽ നിന്നുള്ള ഇ.വൈ 653, ഇ.വൈ 654 എന്നീ കുവൈത്ത് സർവീസുകൾ , ഇ.വൈ 641, ഇ.വൈ 642, ഇ.വൈ 647, ഇ.വൈ 648 എന്നീ ബഹ്‌റൈൻ സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയിരുന്നു. കുവൈത്ത് വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കുവൈത്ത് സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കുകയോ സമയമാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. ഗൾഫ് എയർ ജൂലൈ 18 മുതൽ കുവൈത്തിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുകയോ റൂട്ട് മാറ്റുകയോ ചെയ്തിട്ടുണ്ട്.

എയർ ഫ്രാൻസിന്റെ പാരീസിൽ നിന്നുള്ള ദുബൈ സർവീസുകൾ ജൂലൈ 27 വരെ നിർത്തിവെച്ചതായി പ്രഖ്യാപിച്ചു. സുരക്ഷാ സാഹചര്യങ്ങൾ അനുയോജ്യമാണെങ്കിൽ ജൂലൈ 28ന് ദുബൈയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കും. ലുഫ്ത്താൻസ ആൻഡ്​ സ്വിസ് എയർ, ദുബൈ സർവിസുകളുടെ നിരോധനം സെപ്റ്റംബർ 13 വരെയും, അബുദബി, മസ്‌കത്ത്, റിയാദ്, ദമ്മാം, ഇർബിൽ സർവിസുകൾ ഒക്ടോബർ 24 വരെയും നീട്ടി വെച്ചതായി അധികൃതർ അറിയിച്ചു. മിഡിൽ ഈസ്റ്റിലേക്കുള്ള തങ്ങളുടെ സർവിസുകൾ പുനരാരംഭിക്കുന്നത് ബ്രിട്ടീഷ് എയർവേസ് വീണ്ടും നീട്ടി വെച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയർവേസ് ദുബൈ, ബഹ്‌റൈൻ റൂട്ടുകൾ ഒക്ടോബർ 25 വരെയും, കെ.എൽ.എം ദുബൈ, റിയാദ്, ദമാം സർവിസുകൾ ആഗസ്റ്റ് 23 വരെയും റദ്ദാക്കി.

ഏജിയൻ എയർലൈൻസ് ദുബൈയിലേക്കുള്ള സർവീസുകൾ ആഗസ്റ്റ് 31 വരെ റദ്ദാക്കി. എയർ ബാൾട്ടിക് ദുബൈയിലേക്കുള്ള സർവിസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയിട്ടുണ്ട്​. എയർ കാനഡ ദുബൈ വിമാനങ്ങൾ ഒക്ടോബർ 24 വരെ റദ്ദാക്കി. ഐ.ടി.എ എയർവേസ് ദുബൈ സർവീസുകൾ ഒക്ടോബർ 24 വരെ നിർത്തിവെച്ചു. സിംഗപ്പൂർ-ദുബൈ സർവിസ് ഒക്ടോബർ 24 വരെ നിർത്തിവെച്ചു. വിസ് എയർ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ദുബൈ, അബൂദബി, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ സെപ്റ്റംബർ പകുതി വരെ സസ്പെൻഡ് ചെയ്തു.

യാത്രക്കാർ കരുതിയിരിക്കണം:-

ഗൾഫ് മേഖലയിൽനിന്നുള്ള യാത്രക്കാർ എയർപോർട്ടുകളിലേക്ക് പുറപ്പെടുന്നതിന് മുമ്പായി വിമാനങ്ങളുടെ തത്സമയ സ്റ്റാറ്റസ് അതത് എയർലൈൻ വഴി ഉറപ്പുവരുത്തണം. വിമാനങ്ങളുടെ സമയത്തിൽ പെട്ടെന്ന് മാറ്റങ്ങളോ റദ്ദാക്കലുകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതത് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് തത്സമയം പരിശോധിക്കാം.

സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയമെടുക്കാൻ സാധ്യതയുള്ളതിനാൽ അന്താരാഷ്ട്ര യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്നു മുതൽ നാലു മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. എമിറേറ്റ്സ് പോലുള്ള വിമാനക്കമ്പനികൾ യാത്രക്കാരോട് ഏകദേശം മൂന്നു മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്താൻ ആവശ്യപ്പെടുന്നുണ്ട്.

അതോടൊപ്പം, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ശരിയായ മൊബൈൽ നമ്പരും ഇമെയിൽ വിലാസവും നൽകാൻ ശ്രദ്ധിക്കുക. വിമാനക്കമ്പനികൾ അയക്കുന്ന എസ്.എം.എസ്, ഇമെയിൽ സ്‍ലർട്ടുകൾ കൃത്യമായി ശ്രദ്ധിക്കണം. അപ്രതീക്ഷിതമായ യാത്ര റദ്ദാക്കലുകൾ, മെഡിക്കൽ എമർജൻസി എന്നിവ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ സമഗ്രമായ ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് നല്ലതാണ്. നിങ്ങൾ യാത്ര ചെയ്യുന്ന വിമാനം റദ്ദാക്കുകയാണെങ്കിൽ പകരം യാത്രക്കായി എയർലൈൻ നൽകുന്ന റീബുക്കിങ് സൗകര്യങ്ങളോ പൂർണമായ റീഫണ്ട് ഓപ്ഷനുകളോ ഉപയോഗപ്പെടുത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf flight servicecancelledKerala
News Summary - Changes in Gulf flight services; flights to Kerala among those cancelled
Next Story