താങ്ങാനാവാതെ വിമാന ടിക്കറ്റ് നിരക്ക്; ആഘോഷങ്ങൾ ഉള്ളിലൊതുക്കി പ്രവാസികൾ
text_fieldsനാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിൽ ഊഴം കാത്തുനിൽക്കുന്ന പ്രവാസികൾ
ഷാർജ: കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതോടെ ബലിപെരുന്നാൾ ആഘോഷവും മധ്യവേനൽ അവധിയും നാട്ടിൽ കുടുംബത്തോടൊപ്പം ആകണമെന്ന ആഗ്രഹം മാറ്റിവെച്ച് നിരവധി പ്രവാസികൾ. തങ്ങളുടെ സങ്കടങ്ങൾ ആരുടെ മുന്നിൽ സമർപ്പിക്കണമെന്ന് അറിയാതെ നെടുവീർപ്പിടുകയാണിവർ. ജൂൺ 27 മുതലാണ് യു.എ.ഇയിൽ ബലിപെരുന്നാൾ അവധി. ആ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് പ്രവൃത്തി ദിനം. അന്ന് അവധി എടുക്കുന്നവർക്ക് ഒമ്പതു ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. തുടർന്ന് വിദ്യാലയങ്ങളിൽ മധ്യവേനൽ അവധിയും ആരംഭിക്കും.
ഈ മാസം 23 മുതലാണ് ടിക്കറ്റ് വില ഓഫ് സീസണിനേക്കാൾ നാലും അഞ്ചും ഇരട്ടിയായി വർധിപ്പിച്ചിരിക്കുന്നത്. യു.എ.ഇയിൽ നിന്നും കോഴിക്കോട്ടേക്ക് കുറഞ്ഞ നിരക്ക് 2000 ദിർഹമാണ്. 2000 മുതൽ 3350 ദിർഹം വരെ ചില കമ്പനികൾ ഈടാക്കുന്നുണ്ട്. അബൂദബിയിൽനിന്ന് കണ്ണൂരിലേക്ക് 2400 ദിർഹവും ഷാർജയിൽനിന്നും ദുബൈയിൽ നിന്നും 2500 ദിർഹവുമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. കൊച്ചിയിലേക്ക് 1965 ദിർഹം മുതൽ 3270 വരെയും തിരുവനന്തപുരത്തേക്ക് 2330 ദിർഹം മുതൽ 3050 ദിർഹം വരെയുമാണ് ടിക്കറ്റ് വില. ചെറിയ ശമ്പളക്കാരും നാലു അഞ്ചും അംഗങ്ങളുള്ള കുടുംബങ്ങളുമാണ് ഉയർന്ന വിമാന ടിക്കറ്റ് നിരക്കിൽ വലയുന്നത്. അഞ്ച് അംഗ കുടുംബത്തിന് ഏകദേശം ടിക്കറ്റിന് മാത്രം പതിനായിരം ദിർഹത്തിന് മുകളിൽവരും. തിരികെ വരാനുള്ള ടിക്കറ്റ് കൂടി ചേർക്കുമ്പോൾ ഇരട്ടി തുക വരും. പെരുന്നാൾ അവധിക്കുശേഷം യു.എ.ഇയിലേക്കുള്ള ടിക്കറ്റിനും വേനലവധി അവസാനിക്കുന്ന ആഗസ്റ്റ് അവസാന വാരവും ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.
വേനലവധിയിലെ തിരക്ക് പരിഗണിച്ച് ഷാർജയിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും ജൂൺ 23 മുതൽ രണ്ട് അധിക സർവിസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എം.ഡി. അലോക് സിങ് അറിയിച്ചുവെങ്കിലും ടിക്കറ്റ് നിരക്കിൽ ഒരു കുറവുമില്ല. കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങൾ വഴി കണക്ഷൻ ഫ്ലൈറ്റിന്റെ ടിക്കറ്റുവില താരതമ്യേന കുറവാണെങ്കിലും ഇപ്പോൾ അതും കൂടിയിരിക്കുകയാണ്. ഒമാനിലെ മസ്കത്തിൽ നിന്നും കേരളത്തിലേക്ക് വിമാന നിരക്ക് കുറവായതിനാൽ ബസ് മാർഗം മസ്കത്തിലെത്തി അതുവഴി നാട്ടിലേക്ക് തിരിക്കാനുള്ള വഴിയും ചിലർ തേടുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് കുറഞ്ഞ സമയത്തേക്ക് ടിക്കറ്റ് നിരക്കുകളിൽ കുറവ് വരുത്തിയത് പ്രവാസികൾ ഏറെ ആശ്വാസമായി. ഷാർജയിൽനിന്ന് കൊച്ചിയിലേക്കും അൽഐനിൽ നിന്ന് കോഴിക്കോട്ടേക്കുമെല്ലാം 1250 ദിർഹമിന് ടിക്കറ്റുകൾ ലഭ്യമായിരുന്നു. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമായാൽ അത് എടുക്കാൻ ട്രാവൽ ഏജൻസികളിൽ മൊബൈൽ നമ്പറും രേഖകളും നൽകി കാത്തിരിക്കുന്നവർ നിരവധിയാണെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേരള സർക്കാറിന്റെ ചാർട്ടേഡ് ഫ്ലൈറ്റ് പ്രഖ്യാപനവും, പ്രവാസി സംഘടനകളുടെ ശ്രമവും ഇതുവരെ എങ്ങും എത്തിയിട്ടില്ല. കേരളത്തിലേക്കുള്ള സർവിസുകളുടെ എണ്ണത്തിൽ കുറവ് വന്നതാണ് വിമാന നിരക്ക് വർധിക്കാൻ കാരണം. ഷാർജയിൽനിന്നും ദുബൈയിൽനിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവിസുകൾ എയർ ഇന്ത്യ നിർത്തിയതും, എയർ ഇന്ത്യയുടെ റൂട്ടുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം പൂർണ തലത്തിൽ പ്രായോഗികമാക്കാത്തതും പ്രവാസികൾക്ക് തിരിച്ചടിയാണ്. എയർ ഇന്ത്യയുടെ സർവിസ് നിർത്തിയതോടെ രണ്ടായിരത്തിലധികം സീറ്റുകളാണ് ആഴ്ചയിൽ കുറവ് വന്നത്.
ഗോഫസ്റ്റ് കണ്ണൂരിലേക്കും കൊച്ചിയിലേക്കുമുള്ള സർവിസുകൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താൽക്കാലികമായി നിർത്തിയതും ഈ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നേരത്തേ ടിക്കറ്റ് എടുത്ത പലർക്കും റദ്ദാക്കിയ ടിക്കറ്റിന്റെ തുക ഗോ ഫസ്റ്റ് പൂർണമായും തിരിച്ചു നൽകാത്തതും പ്രവാസികളെ വട്ടം കറക്കുന്നുണ്ട്.
യു.എ.ഇ -കേരള സെക്ടറിൽ സർവിസുകൾ വർധിപ്പിക്കുകയും തിരക്കുള്ള സമയങ്ങളിൽ വിമാന കമ്പനികൾ അധിക സർവിസുകൾ നടത്തുകയും ചെയ്യുക എന്നതാണ് നിരക്ക് കുറയാനുള്ള ഏകമാർഗം. അതിനു വിമാന കമ്പനികളുടെ മേൽ സർക്കാറുകളുടെ ഭാഗത്തുനിന്ന് ശക്തമായ സമ്മർദം ഉണ്ടാകേണ്ടതുണ്ട്. ഒപ്പം കേരളത്തിലേക്ക് സർവിസ് നടത്താൻ തയാറായ വിദേശ വിമാന കമ്പനികൾക്കടക്കം അനുമതി നൽകുകയും വേണം. വിവിധ പ്രവാസി സംഘടനകളും മലബാർ ഡെവലപ്മെന്റ് ഫോറം പോലുള്ള സംഘടനകളും ഈ ആവശ്യവുമായി കാലങ്ങളായി സമര രംഗത്തുണ്ടെങ്കിലും ഓരോ അവധിക്കാലത്തും പ്രവാസികൾ ഈ ദുരിതം പേറിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

