വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്
text_fieldsദുബൈ: മേഖലയിലെ സംഘർഷത്തിന് നേരിയ അയവ് വന്നതോടെ യു.എ.ഇയിലെ വിമാന സർവിസുകൾ സാധാരണ നിലയിലേക്ക്. മാർച്ച് ഏഴു മുതൽ 83 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം 106 സർവിസുകൾ നടത്തുമെന്ന് ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചു. എമിറേറ്റ്സിന്റെ മൊത്തം റൂട്ടുകളുടെ 60 ശതമാനത്തോളമാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. യു.എ.ഇ വ്യോമപാത ഭാഗികമായി തുറന്നതോടെ അടിയന്തര സർവിസുകൾ മാത്രമായിരുന്നു എമിറേറ്റ്സ് നിലവിൽ നടത്തിയിരുന്നത്. സംഘർഷത്തിന് കുറവ് വന്ന സാഹചര്യത്തിലാണ് കൂടുതൽ പ്രതിദിന സർവിസുകൾ പ്രഖ്യാപിച്ചത്.
വരും ദിവസങ്ങളിൽ 100 ശതമാനവും സർവിസ് പുനരാരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും എമിറേറ്റ്സ് അധികൃതർ അറിയിച്ചു. അതേസമയം, ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യ യു.എ.ഇയിൽ നിന്നും തിരിച്ചുമുള്ള പരിമിത സർവിസുകൾ തുടരും. മുമ്പ് യാത്ര റദ്ദാക്കിയ ഉപഭോക്താക്കൾക്ക് അവരുടെ ടിക്കറ്റിൽ മാറ്റം വരുത്തുകയോ റീഫണ്ട് ഓപ്ഷൻ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർ അറേബ്യ അറിയിച്ചു. എയർ അറേബ്യ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, അംഗീകൃത ട്രാവൽ ഏജൻസികൾ എന്നിവ വഴി ടിക്കറ്റുകൾ ലഭ്യമാണ്. വിമാനം സർവിസ് റദ്ദാക്കിയ യാത്രക്കാർക്ക് ബദൽ ഓപ്ഷനുകൾക്കൊപ്പം ഇ-മെയിൽ അല്ലെങ്കിൽ എസ്.എം.എസ് സന്ദേശങ്ങൾ നേരിട്ട് ലഭിക്കും. ബുക്കിങ് സ്ഥിരീകരിക്കുകയോ നേരിട്ട് അറിയിപ്പ് ലഭിക്കുകയോ ചെയ്യാതെ എയർപോർട്ടുകളിലേക്ക് യാത്ര ചെയ്യരുതെന്നും അധികൃതർ അഭ്യർഥിച്ചു.
അതേസമയം, കൂടുതൽ വിമാന കമ്പനികൾ പ്രതിദിന സർവിസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ ദുബൈ വിമാനത്താവളം തിരക്കിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ 84 മണിക്കൂറിനിടെ ദുബൈ, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സർവിസ് നടത്തിയത് 1,140 വിമാനങ്ങളാണ്. മാർച്ച് രണ്ട് മുതൽ അഞ്ചുവരെ ഈ രണ്ട് വിമാനത്താവളങ്ങളിൽ നിന്നായി 500ലധികം വിമാനങ്ങൾ പുറപ്പെട്ടതായും 80ലധികം രാജ്യങ്ങളിൽ നിന്നുള്ള 1.5 ലക്ഷം യാത്രക്കാർക്ക് ടിക്കറ്റുകൾ ലഭിച്ചതായും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ വിമാന സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നത് തുടരും. ടിക്കറ്റ് ബുക്ക് ചെയ്തവർ നിലവിലെ സ്ഥിതിഗതികൾ അറിയാൻ അതത് എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണമെന്നും എയർപോർട്ട് അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

