മുംബൈയിലിറക്കിയ വിമാനയാത്രക്കാർക്ക് മടങ്ങാനായത് മണിക്കൂറുകൾക്കുശേഷം
text_fieldsദുബൈ: സാങ്കേതിക തകരാറിനെത്തുടർന്ന് മുംബൈയിൽ ഇറക്കിയ എയർഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് മടങ്ങാനായത് മണിക്കൂറുകൾക്കുശേഷം. ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് വ്യാഴാഴ്ച ഉച്ചക്ക് പറന്ന വിമാനം വൈകീട്ട് അഞ്ചിനുശേഷമാണ് മുംബൈയിൽ അടിയന്തരമായി ഇറക്കിയത്.
ഉടൻ പകരം സംവിധാനം ഒരുക്കാമെന്ന് അധികൃതർ വാക്കുനൽകിയിരുന്നെങ്കിലും മടക്കയാത്രക്ക് വിമാനമെത്തിയത് രാത്രി വൈകി 2.30നാണ്. ഈ വിമാനത്തിൽ 180 പേർക്ക് മാത്രമായിരുന്നു സൗകര്യമുണ്ടായിരുന്നത്.
പിന്നീട് അഞ്ചുമണിക്ക് ശേഷം എത്തിയ മറ്റൊരു വിമാനത്തിലാണ് ബാക്കിയുള്ളവർ യാത്ര തിരിച്ചത്. മണിക്കൂറുകളോളം അനിശ്ചിതത്വത്തിലാക്കുകയും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് മതിയായ സൗകര്യങ്ങൾ നൽകാതെയും അധികൃതർ പ്രയാസപ്പെടുത്തിയതായി യാത്രക്കാർ ആരോപിച്ചു. പുലർച്ച മൂന്നിനാണ് പലർക്കും ഭക്ഷണംപോലും ലഭിച്ചതെന്നും പറയുന്നു.
കാബിൻ പ്രഷർ നഷ്ടമായതിനെത്തുടർന്നാണ് വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടത്. തകരാറിനെത്തുടർന്ന് യാത്രക്കാരിൽ ചിലർക്ക് ശ്വാസതടസ്സമുണ്ടായതിനെത്തുടർന്ന് ഓക്സിജൻ മാസ്ക് ധരിക്കാൻ നിർദേശിച്ചിരുന്നു. കൊച്ചിയിൽ ഇറങ്ങുന്നതിന് ഒന്നരമണിക്കൂർ ബാക്കിയുള്ളപ്പോഴാണ് തകരാർ ശ്രദ്ധയിൽപെട്ടത്. പിന്നീട് അരമണിക്കൂറിനുശേഷം വിമാനം മുംബൈയിൽ ഇറക്കുകയായിരുന്നു. സംഭവത്തിൽ വ്യോമയാന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ആഴ്ചകളിലായി ഗൾഫിൽനിന്ന് ഇന്ത്യയിലേക്കും തിരിച്ചും പറന്ന പല വിമാനങ്ങളും സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് വഴിയിലിറക്കേണ്ടി വന്നിട്ടുണ്ട്. ശനിയാഴ്ച കോഴിക്കോട്ടുനിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയര് ഇന്ത്യ എക്സ്പ്രസ് വിമാനം ഒമാനിലെ മസ്കത്തിലേക്കും ഷാർജയിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പാകിസ്താനിലെ കറാച്ചിയിലേക്കും തിരിച്ചുവിടുകയുണ്ടായി. വിമാനങ്ങൾ തുടർച്ചയായി തകരാറിലാകുന്നതിൽ യാത്രക്കാർക്ക് ആശങ്ക വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

