വീണ്ടും വിമാന വിലക്ക്; പ്രവാസികൾ വലയും
text_fieldsദുബൈ: ഇന്ത്യയിൽ കോവിഡ് വ്യാപനം ശക്തമായതോടെ ഗൾഫ് രാജ്യങ്ങൾ അടക്കം വിദേശ രാജ്യങ്ങൾ ആകാശവാതിലുകൾ അടച്ചതോടെ പ്രവാസികൾ വലയും. തൊട്ടടുത്ത ദിവസങ്ങളിലേക്ക് വിദേശയാത്രക്ക് ടിക്കറ്റെടുത്തവർ നിരവധിയാണ്. ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടമാകുെമന്ന അവസ്ഥയിലുള്ളവരുമുണ്ട്. പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് കുട്ടികളെ ഗൾഫിലെത്തിക്കാൻ തയാറെടുത്ത രക്ഷിതാക്കളുമുണ്ട്.
വ്യാഴാഴ്ച രാവിലെ മുതൽ വിമാനവിലക്കിെൻറ സൂചനയുണ്ടായിരുന്നു. 24 മുതൽ വിമാനം റദ്ദാക്കിയതായി എയർലൈനുകൾ യാത്രക്കാർക്ക് ഇ-മെയിലുകൾ അയച്ചതിെൻറ സ്ക്രീൻഷോട്ടുകൾ പറന്നുനടന്നിരുന്നു. വൈകീട്ടോടെയാണ് ദേശീയ ദുരന്തനിവാരണ സമിതി ഔദ്യോഗികമായി വിലക്ക് പ്രഖ്യാപിച്ചത്.
പത്തു ദിവസ വിലക്കാണ് യു.എ.ഇയിലെ വിമാനക്കമ്പനികൾ അറിയിച്ചതെങ്കിലും എത്ര ദിവസം നീളുമെന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥയുണ്ട്. നേപ്പാൾ വഴി യു.എ.ഇയിൽ എത്താനുള്ള യാത്രാസാധ്യതകളാണ് ഇപ്പോൾ പ്രവാസികൾ തേടുന്നത്. 14 ദിവസത്തിനിടെ ഇന്ത്യയിൽ പ്രവേശിച്ചവർക്ക് പ്രവേശന വിലക്കുള്ളതിനാൽ നേപ്പാളിലെത്തിയാലും 14 ദിവസം കഴിഞ്ഞേ യു.എ.ഇയിലേക്ക് വരാൻകഴിയൂ. നേരേത്ത സൗദിയും കുവൈത്തും വിലക്കേർപ്പെടുത്തിയപ്പോൾ ഇടത്താവളമായത് യു.എ.ഇയായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഒമാൻ വിലക്കേർപ്പെടുത്തിയതോടെ പലരും യു.എ.ഇ വഴി ഒമാനിേലക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇപ്പോൾ ഈ വഴിയും അടഞ്ഞു. അവധിക്കായി നാട്ടിൽ പോയവരും ആധിയിലാണ്. തിരിച്ചെത്തിയില്ലെങ്കിൽ ജോലിയുടെ കാര്യം അവതാളത്തിലാകും. ഇന്ത്യയിലേക്ക് തിരിച്ചുള്ള യാത്രക്ക് തടസ്സമില്ലെന്നതാണ് ഏക ആശ്വാസം. ശനിയാഴ്ച അർധരാത്രി 12നു മുമ്പ് യു.എ.ഇയിൽ എത്തണം എന്നതിനാൽ ഇന്നും നാളെയുമായി ടിക്കറ്റെടുക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികൾ. റമദാൻ കഴിയും മുമ്പ് അടിയന്തരമായി തിരിച്ചെത്തേണ്ടവരുമുണ്ട്. അപ്രതീക്ഷിതമല്ല യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളും വിലക്കേർപ്പെടുത്താനുള്ള സാധ്യതയും നിലനിന്നിരുന്നു. ഇന്ത്യക്കാർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ യാത്ര നിബന്ധനകളും പുറപ്പെടുവിച്ചിരുന്നു. ഖത്തറും ബഹ്റൈനും മാത്രമാണ് നിലവിൽ നിയന്ത്രണങ്ങളോടെയാണെങ്കിലും ഇന്ത്യക്കാരെ പ്രവേശിപ്പിക്കുന്നത്. എന്നാൽ, ഈ രാജ്യങ്ങളും വിലക്കേർപ്പെടുത്താനുള്ള സാധ്യത തള്ളാനാവില്ല. ലോകകപ്പ് മുന്നിലുള്ളതിനാൽ ഖത്തർ വൈകാതെ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.
പെരുന്നാളിന് നാട്ടിലേക്ക് പോകാനിരുന്നവരും യാത്ര മാറ്റിവെച്ചിട്ടുണ്ട്. ടിക്കറ്റെടുത്ത പലരും യാത്ര റദ്ദാക്കി. എന്ന് തിരിച്ചുവരാൻ കഴിയുമെന്നറിയാത്തതിനാൽ എല്ലാം കലങ്ങിത്തെളിഞ്ഞിട്ട് പോകാം എന്ന നിലപാടിലാണവർ. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രവാസികൾ പലരും യാത്ര വേണ്ടെന്നുവെച്ചിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ 2020 മാർച്ചിലായിരുന്നു മമ്പ് വിമാനവിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയും വിലക്കേർപ്പെടുത്തിയതോടെ പ്രവാസികൾക്ക് നാട്ടിലേക്കോ നാട്ടിലുള്ളവർക്ക് ഗൾഫിലേക്കോ വരാൻ കഴിയാതെയായി. അമ്മമാരില്ലാതെ കുഞ്ഞുമക്കൾ പോലും അവിടെയും ഇവിടെയുമായി കുടുങ്ങി. കുട്ടികളെ അമ്മമാരുടെ അടുത്തെത്തിക്കാൻ കാമ്പയിൻ പോലും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

