പാറും പതാകയായി 4130 വിദ്യാർഥികൾ: ജെംസ് എജുക്കേഷന് വീണ്ടും റെക്കോർഡ്
text_fieldsഅബൂദബി: നാൽപത്തിയാറാം യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ജെംസ് എജുക്കേഷൻ വിദ്യാർഥികൾ അണിനിരന്ന് സൃഷ്ടിച്ച പാറും പതാക ഗിന്നസ് ബുക്കിൽ. അബൂദബി ജെംസ് കാംബ്രിഡ്ജ് ഇൻറർനാഷനൽ സ്കൂൾ, ജെംസ് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലെ 4130 വിദ്യാർഥികൾ ചേർന്നാണ് പാറിപ്പറക്കുന്ന യു.എ.ഇ പതാകയുടെ മാതൃക തീർത്തത്. അബൂദബി കാംബ്രിഡ്ജ് ഇൻറർനാഷനൽ സ്കൂൾ മൈതാനത്താണ് ചുവപ്പും പച്ചയും വെള്ളയും കറുപ്പും നിറങ്ങളണിഞ്ഞ് യു.എ.ഇ പതാകയുടെ മാതൃകയിൽ നിൽപുറപ്പിച്ച വിദ്യാർഥികൾ ലോക റെക്കോഡ് കരസ്ഥമാക്കുകയായിരുന്നു.
ഇതോടെ ജെംസ് എജുക്കേഷെൻറ പേരിൽ മൂന്ന് ലോക റെക്കോർഡായി. 2015ൽ ഏറ്റവും വലിയ ‘മനുഷ്യ വാചകം’ സൃഷ്ടിച്ചും 2014ൽ 119 രാജ്യങ്ങളിലെ വിദ്യാർഥികൾ ഒരേ സമയം യു.എ.ഇ ദേശീയഗാനം ആലപിച്ചും ജെംസ് എജുക്കേഷൻ ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു.ഏറ്റവും വലിയ പാറും പതാക നിർമിച്ച് യു.എ.ഇക്കും രാജ്യത്തിെൻറ നേതാക്കൾക്കും പ്രണാമമർപ്പിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ജെംസ് എജുക്കേഷൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ഡിനോ വർക്കി പറഞ്ഞു. ഇൗ നേട്ടം കരസ്ഥമാക്കുന്നതിന് സഹായിച്ച എല്ലാ വിദ്യാർഥികളോടും അധ്യാപകരോടും രക്ഷിതാക്കളോടും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.