വിജയ വഴിയില്‍ യു.എ.ഇയുടെ ഒൗഷധപ്പെരുമ
text_fieldsറാസല്‍ഖൈമ: പ്രമേഹ ബാധിതര്‍ക്ക് സൗകര്യത്തോടെ ഉപയോഗിക്കാന്‍ ‘ഇന്‍സുലിന്‍ പെന്‍’ റാസല്‍ഖൈമയിലെ ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് (ജുല്‍ഫാര്‍) യു.എ.ഇ വിപിണയില്‍ എത്തിക്കുന്നു. നിലവില്‍ വിദേശ മരുന്ന് നിര്‍മാണ കമ്പനികളുടെ ‘ഇന്‍സുലിന്‍ പെന്‍’ ആണ് യു.എ.ഇ വിപണിയിലുള്ളത്. രോഗികള്‍ക്ക് ഇന്‍സുലിന്‍ കൃത്യമായ അളവില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇന്‍സുലിന്‍ പെന്നിന്‍െറ പ്രത്യേകത. ഇന്‍സുലിന്‍ പെന്നിന്‍െറ വിതരണത്തിന് മെഡിക്കല്‍ ടെക്നോളജി കമ്പനിയായ ബെക്ടന്‍, ഡിക്കിന്‍സണ്‍ ആന്റ് കമ്പനിയുമായി (ബി.ഡി) കരാര്‍ ഒപ്പുവെച്ചതായി ജുല്‍ഫാര്‍ ജനറല്‍ മാനേജര്‍ ജെറോം കര്‍ലെ പറഞ്ഞു. സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ‘ഇന്‍സുലിന്‍ പെന്‍’ ആവശ്യക്കാര്‍ക്ക് ന്യായ വിലക്ക് ലഭ്യമാക്കും. വിതരണ കമ്പനിയുമായി കരാറായെങ്കിലും ആരോഗ്യ മന്ത്രാലയത്തിന്‍െറ അന്തിമ അനുമതി ലഭിച്ചതിന് ശേഷമാകും ജുല്ഫാറിെൻറ ഇന്‍സുലിന്‍ പെന്‍ വിപണിയില്‍ ലഭിച്ചു തുടങ്ങുകയുള്ളുവെന്നും ജെറോം വ്യക്തമാക്കി.
അതേസമയം, നാല്‍പ്പതിലേറെ രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ മരുന്ന് നിര്‍മാണശാലയായ ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് 38ാം വര്‍ഷത്തിലും വിജയ പാതയിലാണ്. 1.45 ബില്യന്‍ ദിര്‍ഹമിന്‍െറ റവന്യൂ നേട്ടമാണ് 2016ല്‍ ജുല്‍ഫാര്‍ കൈവരിച്ചത്. അന്തരിച്ച യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായിരുന്ന ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ നേതൃത്വത്തില്‍ 1980ലാണ് ജുല്‍ഫാര്‍ പ്രവര്‍ത്തനം തുടങ്ങിയത്. 400ലധികം വിവിധ ഒൗഷധങ്ങളുടെ ഉല്പാദനവും മെഡിക്കല്‍ കോസ്മെറ്റിക്സ് ഉപകരണങ്ങളുടെ നിര്‍മാണവും ജുല്‍ഫാറില്‍ നടക്കുന്നുണ്ട്.
യു.എ.ഇയെ കൂടാതെ നോര്‍ത്ത് ആഫ്രിക്ക, ബംഗ്ളാദേശ്, സൗദി അറേബ്യ, ഇറാഖ്, ലിബിയ, ഈജിപ്റ്റ്, അഫ്ഗാനിസ്താന്, ജോര്‍ദാന്‍, എത്യോപ്പ്യ തുടങ്ങിയ രാജ്യങ്ങള്‍ ജുല്‍ഫാര്‍ മരുന്നുകളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്രധാന വിപണികളാണ്. ഗുണനിലവാര സൂചിക പ്രകാരമുള്ള പ്രവര്‍ത്തന-ഉല്‍പ്പാദന പ്രക്രിയകള്‍ പിന്തുടരുന്ന ജുല്‍ഫാര്‍ യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്േറത് (FDA) ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ട്ര -ദേശീയ സാക്ഷ്യപത്രങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
പത്ത് പ്ളാന്റുകളിലായി വിവിധ മരുന്നുകള്‍ ഉല്പാദിപ്പിച്ചിരുന്ന ഇവിടെ 2012ലാണ് വിപുലമായ രീതിയിലുള്ള ഇന്‍സുലിന്‍ പ്ളാന്റിന്‍െറ പ്രവര്‍ത്തനം തുടങ്ങിയത്. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇന്‍സുലിന്‍ ക്രിസ്റ്റല്‍ ഉപയോഗിച്ച് 2004ലാണ് ആദ്യമായി ഇവിടെ ഇന്‍സുലിന്‍ ഉല്പാദിപ്പിച്ചത്. വര്‍ഷത്തില്‍ 40 മില്യന്‍ യൂനിറ്റ് ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാനുള്ള ശേഷിയുള്ളതാണ് ജുല്ഫാറിലെ പ്ളാന്റ്. ഇത് ലോകത്ത് കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് യു.എ.ഇയെ എത്തിച്ചു. ഇന്‍സുലിന്‍ ഉല്പാദനത്തിന് വേണ്ട അസംസ്കൃത മെറ്റീരിയലായ റികൊമ്പിനന്റ് ഡി.എന്‍.എ (r-DNA) ഉപയോഗിച്ച് ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കന്‍ (MENA) രാജ്യങ്ങളിലെയും ആദ്യ പ്ളാന്റ് എന്ന നേട്ടം ജുല്ഫാറിന് സ്വന്തമാണ്. ഈ മേഖലയില്‍ മാത്രം 32.6 മില്യന്‍ ജനങ്ങള്‍ പ്രമേഹരോഗത്തിന്‍െറ കെടുതികള്‍ അനുഭവിക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്. 2030ഓടെ രോഗികളുടെ എണ്ണത്തില്‍ 80 ശതമാനത്തിന്‍െറ വര്‍ധനയുണ്ടാകുമെന്നാണ് ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍െറ (ഐ.ഡി.എഫ്) വിലയിരുത്തല്‍. നിരവധി മലയാളികളുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി 3000ഓളം പേര് ജുല്‍ഫാറില്‍ ജോലി ചെയ്യുന്നുണ്ട്. ശൈഖ് ഫൈസല്‍ ബിന്‍ സഖര്‍ ആല് ഖാസിമിയാണ് പബ്ളിക് ലിമിറ്റഡ് കമ്പനിയായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസിന്‍െറ ചെയര്മാന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
