സെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിൽ ദുക്റാന തിരുനാൾ കൊടിയേറി
text_fieldsസെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിൽ നടന്ന ദുക്റാന തിരുനാൾ ചടങ്ങ്
ഷാർജ: തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് ഷാർജ സെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിൽ കൊടിയേറി. കൊടിയേറ്റ് കർമങ്ങൾ ഫാ. റജി മനക്കലേട്ട്, ഫാ. ജോസ് വട്ടുകുളത്തിൽ, ഫാ. ഡെന്നിസ് സൽദാന എന്നിവരുടെ കാർമികത്വത്തിൽ നടന്നു. തുടർന്ന് ഫാ. ജോസ് വട്ടുകുളത്തിന്റെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു.
അനേകം വിശ്വാസികൾ തിരുകർമങ്ങളിൽ പങ്കെടുത്തു. ജൂൺ 28 മുതൽ ജൂലൈ 6 വരെ 9 ദിവസത്തെ നൊവേനയും പ്രധാന തിരുനാൾ ദിനമായ ജൂലൈ 7ന് രാവിലെ 10.30ന് ജഗദൽപുർ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും ലദീഞ്ഞും സ്നേഹവിരുന്നും തിരുനാളിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നതായി ഫാ. ജോസ് വട്ടുകുളത്തിൽ അറിയിച്ചു.
ഇടവകയിലെ സിറോ മലബാർ കമ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടത്തുന്നത്.

