യു.എ.ഇയിലേക്ക് അഞ്ചുവര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ
text_fieldsദുബൈ ജി.ഡി.ആര്‍.എഫ്.എ മേധാവി ലഫ് : ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി സംസാരിക്കുന്നു
ദുബൈ: വിദേശികള്‍ക്ക് സ്‌പോണ്‍സറോ ഹോസ്റ്റോ ഇല്ലാതെ യു.എ.ഇയിലേക്ക് ഒന്നിലധികം തവണ പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന അഞ്ചുവര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയുടെ ആവശ്യകതകളും വ്യവസ്ഥകളും ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ.) വിശദീകരിച്ചു. എല്ലാ രാജ്യക്കാര്‍ക്കും ഈ സ്വയം സ്‌പോണ്‍സേര്‍ഡ് വിസ ലഭ്യമാണ്.
അഞ്ചുവര്‍ഷത്തെ കാലാവധിയുള്ള ഈ വിസയില്‍ ഓരോ തവണ പ്രവേശിക്കുമ്പോഴും പരമാവധി 90 ദിവസം വരെ യു.എ.ഇയില്‍ താമസിക്കാം. ആവശ്യമെങ്കില്‍ ഈ താമസം വീണ്ടും 90 ദിവസത്തേക്ക് കൂടി നീട്ടാം. എന്നാല്‍, ഒരു വര്‍ഷത്തില്‍ രാജ്യത്ത് താമസിക്കാവുന്ന ആകെ കാലാവധി 180 ദിവസത്തില്‍ കൂടാന്‍ പാടില്ല. ടൂറിസ്റ്റുകള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി അടിക്കടി യാത്ര ചെയ്യുന്നവര്‍, യു.എ.ഇയിലുള്ള കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ ദീര്‍ഘകാല വിസ.
കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട്, പുതിയ വ്യക്തിഗത ഫോട്ടോ, യു.എ.ഇയില്‍ സാധുതയുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രേഖകള്‍, മടക്കയാത്രക്കുള്ള ടിക്കറ്റ് (റൗണ്ട് ട്രിപ്പ് ടിക്കറ്റ്) എന്നിവ വേണം. അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ബാങ്ക് അക്കൗണ്ടില്‍ ആറുമാസത്തിനിടെ കുറഞ്ഞത് 4,000 യു.എസ് ഡോളറോ (ഏകദേശം 14,700 ദിര്‍ഹം) അതിന് തുല്യമായ മറ്റ് കറന്‍സിയോ ബാലന്‍സ് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ടത് എങ്ങനെ?
യു.എ.ഇയുടെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയും 24 മണിക്കൂറും വിസക്കായി അപേക്ഷിക്കാം. ഇതുകൂടാതെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍, ആമര്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയും അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ആവശ്യമായ സേവനം തെരഞ്ഞെടുത്ത്, അപേക്ഷാ ഫോം പൂരിപ്പിച്ച്, രേഖകള്‍ അപ്ലോഡ് ചെയ്ത് ഫീസ് അടച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഫീസും താമസ നിയമങ്ങളും
വിസ ഫീസ്, സര്‍വിസ് ചാര്‍ജ്, തിരികെ ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 3,713 ദിര്‍ഹമാണ് അപേക്ഷാ ചെലവ് വരുന്നത്. വ്യക്തിഗത സാഹചര്യങ്ങള്‍ക്കും അധിക ആവശ്യങ്ങള്‍ക്കും അനുസരിച്ച് ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരാം.
വിസ കാലാവധി ലംഘിച്ച് രാജ്യത്ത് തുടരുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം യാത്രക്കാര്‍ക്കാണ്. പിഴ ഒഴിവാക്കാന്‍ ട്രാവല്‍ മൂവ്‌മെന്റ് റിപ്പോര്‍ട്ട് വഴി തങ്ങളുടെ വരവും പോക്കും സംബന്ധിച്ച തീയതികള്‍ യാത്രക്കാര്‍ക്ക് പരിശോധിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

