Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ യാത്രകൾ...

ദുബൈ യാത്രകൾ എളുപ്പമാക്കി 5 വർഷത്തെ ടൂറിസ്റ്റ് വിസ; യോഗ്യതയും അപേക്ഷയും അറിയാം

text_fields
bookmark_border
ദുബൈ യാത്രകൾ എളുപ്പമാക്കി 5 വർഷത്തെ ടൂറിസ്റ്റ് വിസ; യോഗ്യതയും അപേക്ഷയും അറിയാം
cancel

ദുബൈ: ദുബൈയിലേക്ക് നിരന്തരം യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ യോഗ്യതകളും അപേക്ഷാ നടപടികളും വിശദീകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ. ആവശ്യമായ രേഖകളും അപേക്ഷാ നടപടികളും വിശദീകരിക്കുന്ന അവബോധ വീഡിയോ ജി.ഡി.ആർ.എഫ്.എ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കി.

അഞ്ച് വർഷം സാധുതയുള്ള വിസ ഉപയോഗിച്ച് നിരവധി തവണ യു.എ.ഇയിൽ പ്രവേശിക്കാം. ഓരോ പ്രവേശനത്തിലും പരമാവധി 90 ദിവസം വരെ തുടർച്ചയായി രാജ്യത്ത് തങ്ങാനാകും. നിബന്ധനകൾക്ക് വിധേയമായി ഇതേ കാലയളവിലേക്ക് താമസം നീട്ടാനും സാധിക്കും. എന്നാൽ, ഒരു വർഷത്തിനുള്ളിലെ ആകെ താമസദൈർഘ്യം 180 ദിവസത്തിൽ കവിയാൻ പാടില്ല. ദുബൈയിൽ പതിവായെത്തുന്ന വിനോദസഞ്ചാരികൾക്ക് ഓരോ യാത്രക്കും ഇനി പുതിയ ടൂറിസ്റ്റ് വിസക്ക്​ അപേക്ഷിക്കേണ്ടതില്ല.

യോഗ്യതയും വേണ്ട രേഖകളും

അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസക്ക്​ അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. കഴിഞ്ഞ ആറ് മാസത്തെ കാലയളവിൽ കുറഞ്ഞത് 4,000 യു.എസ്. ഡോളറോ തത്തുല്യമായ തുകയോ ബാങ്ക് ബാലൻസായി ഉണ്ടെന്ന് തെളിയിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്‍റും സമർപ്പിക്കണം. വ്യക്തിഗത ഫോട്ടോ, സാധുവായ ആരോഗ്യ ഇൻഷുറൻസ്, യു.എ.ഇയിൽ നിന്നുള്ള യാത്രാ/മടക്ക ടിക്കറ്റ്, താമസിക്കുന്ന സ്ഥലത്തിന്‍റെ തെളിവ് എന്നിവയും ആവശ്യമാണ്.

ജി.ഡി.ആർ.എഫ്.എയുടെ ഡിജിറ്റൽ സേവന സംവിധാനത്തിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്മാർട്ട് സർവീസ് സംവിധാനത്തിൽ യു.എ.ഇ. പാസ് അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ സേവനം തിരഞ്ഞെടുക്കണം. തുടർന്ന് അപേക്ഷാ വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് ഫീസ് അടക്കണം. അപേക്ഷ അംഗീകരിച്ചാൽ ഇ-വിസ ഇമെയിൽ വഴി ലഭിക്കും. നിലവിലെ സേവന വിവരമനുസരിച്ച് ഡിജിറ്റൽ ചാനലുകളിലൂടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. അതേസമയം, ഈ വിസ അമർ സെന്‍റർ വഴിയും അപേക്ഷിക്കാൻ കഴിയും. 48 മണിക്കൂറിനുള്ളിൽ സേവനം പൂർത്തിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tourist VisagulfUAEavailable
News Summary - Five-year multiple-entry tourist visa now available
Next Story