അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയം
text_fieldsബുർജീൽ മെഡിക്കൽ സിറ്റിയിലെ പി.ഐ.സി.യു നിരീക്ഷണത്തിൽ ബേബി അഹ്മദ്
അബൂദബി: ഏറെ സങ്കീർണതകൾ തരണം ചെയ്ത് യു.എ.ഇ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹ്മദ് യഹ്യ. ഗുരുതര ജനിതക രോഗത്തെത്തുടർന്ന് അഹ്മദിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ അബൂദബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് വിജയകരമായി പൂർത്തിയായത്. യു.എ.ഇ സ്വദേശികളായ യഹ്യയുടെയും ഭാര്യ സൈനബ് അൽ യാസിയുടെയും മകൻ അഹ്മദ് അഞ്ചാം മാസത്തിലാണ് കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ഇളയമ്മ പകുത്തു നൽകിയ കരൾ മലയാളിയായ ഡോ. ജോൺസ് ഷാജി മാത്യു ഉൾപ്പെടുന്ന ബുർജീൽ മെഡിക്കൽ സിറ്റിയിലെ മൾട്ടിഡിസിപ്ലിനറി സംഘം വിജയകരമായി അഹ്മദിലേക്ക് ചേർത്തുവെക്കുകയായിരുന്നു.
ലോകത്ത് 25ൽ കുറഞ്ഞ ആളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അത്യപൂർവ ജനിതക രോഗമാണ് കുഞ്ഞിന് സ്ഥിരീകരിച്ചിരുന്നത്. കരൾ മാറ്റിവെക്കുക എന്നത് മാത്രമായിരുന്നു കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനുള്ള പോംവഴി. ജീവിതത്തിലൊരിക്കലും അവയവദാനത്തെക്കുറിച്ച് ചിന്തിക്കാത്ത യഹ്യയുടെ സഹോദരന്റെ ഭാര്യ ദാതാവായി എത്തുകയും ചെയ്തു. എല്ലാ വെല്ലുവിളികളെയും മറികടന്ന് 12 മണിക്കൂറിൽ ദാതാവിന്റെയും സ്വീകർത്താവിന്റെയും ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. ബുർജീൽ അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻറ് പ്രോഗ്രാമിലെ ട്രാൻസ്പ്ലാൻറ് സർജറി ഡയറക്ടർ ഡോ. ഗൗരബ് സെന്നും ഡോ. ജോൺസ് ഷാജി മാത്യുവുമാണ് ശസ്ത്രക്രിയ സംഘത്തെ നയിച്ചത്. അനസ്തേഷ്യ ഡിവിഷൻ ചെയർ ഡോ. രാമമൂർത്തി ഭാസ്കരൻ, ഡോ. ജോർജ് ജേക്കബ്, ഡോ. അൻഷു എസ് എന്നിവർ പീഡിയാട്രിക് അനസ്തേഷ്യ കൈകാര്യം ചെയ്തു. പീഡിയാട്രിക് ഇന്റൻസിവ് കെയർ യൂനിറ്റ് കൺസൽട്ടൻറ് ഡോ. കേശവ രാമകൃഷ്ണനും സംഘവും ഓപറേഷന് ശേഷമുള്ള പരിചരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

