രാജ്യത്ത് അഞ്ച് ഡ്രോൺ പരിശീലന കേന്ദ്രങ്ങൾക്ക് അംഗീകാരം
text_fieldsദുബൈ: ഡ്രോൺ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിന് അഞ്ച് കേന്ദ്രങ്ങൾക്ക് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അംഗീകാരം നൽകി. രാജ്യത്തെ സമ്പൂർണ ഡ്രോൺ സമ്പദ്വ്യവസ്ഥയിലേക്ക് മുന്നേറാൻ സഹായിക്കുന്ന സുപ്രധാന ചുവടുവെപ്പായാണിത് വിലയിരുത്തപ്പെടുന്നത്.
സുരക്ഷ, നൈപുണ്യം എന്നീ മേഖലകളിൽ ശ്രദ്ധിക്കുന്ന രീതിയിലാകും പരിശീലനം. രാജ്യത്ത് വിപുലമായി വാണിജ്യാവശ്യങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുമെന്നാണ് പുതിയ കേന്ദ്രങ്ങൾക്ക് നൽകിയ അനുമതി സൂചിപ്പിക്കുന്നത്. ഡെലിവറി, പരിശോധനകൾ, ഫിലിമിങ്, അടിയന്തര പ്രതികരണം എന്നീ മേഖലകളിലെല്ലാം ഡ്രോണുകൾ ഉപയോഗിക്കും.
വെർസ എയ്റോസ്പേസ്, എക്സ്പോണന്റ് ഇ-കൊമേഴ്സ് ഡി.ഡബ്ല്യു.സി, ആർ.സി.ജി ഫോർ വയർലെസ് എയർക്രാഫ്റ്റ് ട്രേഡിങ്, എമിറേറ്റ്സ് ഫാൽക്കൺസ് ഏവിയേഷൻ, ഫാൽക്കൺ ഐ ഡ്രോൺസ് പ്ലാനിങ് ആൻഡ് ഏരിയൽ ഫോട്ടോഗ്രാഫി സർവീസസ് എന്നിവയാണ് പുതുതായി അംഗീകരിച്ച പരിശീലന കേന്ദ്രങ്ങൾ. ആളില്ലാ വിമാന സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്കായുള്ള ജി.സി.എ.എയുടെ മാനദണ്ഡങ്ങൾ പാലിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയിരിക്കുന്നത്.
ജീവനക്കാരെ പരിശീലിപ്പിക്കുന്നതിന് പ്രാദേശികവും അംഗീകൃതവുമായ സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുന്നത്. വിദേശ സർട്ടിഫിക്കേഷനുകളെയോ പരിമിതമായ ഇൻഹൗസ് പ്രോഗ്രാമുകളെയോ ആശ്രയിക്കുന്നത് കുറക്കാൻ ഇത് സഹായിക്കും. യു.എ.ഇയിൽ ഡ്രോൺ പൈലറ്റുമാരെയും ഓപ്പറേറ്റർമാരെയും പരിശീലിപ്പിക്കാനും നിയമപരമായ പരിധികളില്ലാതെ ഡ്രോൺ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ബിസിനസുകൾക്ക് ഇതിലൂടെ കഴിയും.
താമസക്കാർക്കും ബിരുദധാരികൾക്കും കരിയർ മാറ്റാൻ ആഗ്രഹിക്കുന്നവർക്കും പുതിയ തൊഴിൽ മേഖല സൃഷ്ടിക്കുന്നതുകൂടിയാണിത്. ഡ്രോൺ പൈലറ്റുമാർ, ഓപറേറ്റർമാർ, ഫ്ലൈറ്റ് ഓപറേഷൻസ് മാനേജർമാർ, സേഫ്റ്റി ആൻഡ് കംപ്ലയൻസ് ഓഫിസർമാർ, മെയിന്റനൻസ് ടെക്നീഷ്യൻമാർ എന്നിവരുടെ ആവശ്യം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

