എട്ടു മാസം ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ അഞ്ചു മരണം
text_fieldsമേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി
ദുബൈ: എട്ടു മാസത്തിനിടെ ദുബൈയിൽ ഇ-സ്കൂട്ടർ അപകടത്തിൽ മരിച്ചത് അഞ്ചു പേർ. ശരിയായ രീതിയിൽ വാഹനം ഓടിക്കാത്തതുമൂലം 32 ഇ-സ്കൂട്ടർ അപകടങ്ങളാണ് എട്ടു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 22 പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. 14 പേർക്ക് കാര്യമായും 13 പേർക്ക് ചെറു പരിക്കുകളും ഏറ്റു. ചൊവ്വാഴ്ച ദുബൈ പൊലീസാണ് അപകടവിവരങ്ങൾ പുറത്തുവിട്ടത്.
എട്ടു മാസത്തിനിടെ 10,031 പേർക്ക് പിഴചുമത്തിയതായി ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. എല്ലാ റോഡ് ഉപയോക്താക്കൾക്കിടയിലും റോഡ് സുരക്ഷ സംബന്ധിച്ച് ബോധവത്കരണം നൽകുന്നതിൽ ദുബൈ പൊലീസിന്റെ പ്രതിബദ്ധതയെ അടിവരയിട്ടു പറഞ്ഞ അദ്ദേഹം ഇതുവഴി അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നത് കുറക്കാൻ സാധിച്ചതായും വിശദീകരിച്ചു.ട്രാഫിക് സുരക്ഷാനിർദേശങ്ങൾ ബൈക്കുകളും ഇ-സ്കൂട്ടർ ഉപയോക്താക്കളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമങ്ങൾ പാലിക്കുക, നിശ്ചിത പാതയിലൂടെ മാത്രം വാഹനം ഓടിക്കുക, 60 കിലോമീറ്റർ വേഗം മറികടക്കാതിരിക്കുക, റിഫ്ലക്ടിവ് ജാക്കറ്റുകളും ഹെൽമറ്റുകളും ധരിക്കുക, ട്രാഫിക് സിഗ്നലുകളും ലൈറ്റുകളും പാലിക്കുക, വാഹനത്തിൽ നല്ല പ്രകാശമുള്ളതും റിഫ്ലക്ടിവായതുമായ ലൈറ്റുകൾ ഘടിപ്പിക്കുക, പിറകിൽ റിഫ്ലക്ടിവായ ചുവന്ന ലൈറ്റുകൾ ഘടിപ്പിക്കുക തുടങ്ങി ഇ-സ്കൂട്ടർ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ഡ്രൈവർമാർ, യാത്രക്കാർ, കാൽനടക്കാർ എന്നിവർ ഉൾപ്പെടെ മുഴുവൻ ഉപയോക്താക്കൾക്കും റോഡ് ഉപയോഗിക്കാനുള്ള അവകാശമുണ്ട്.
അവർക്ക് സംരക്ഷണം ഉറപ്പുവരുത്താൻ സേന പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, നിയമങ്ങൾ പാലിച്ചുകൊണ്ട് റോഡ് ഉപയോഗിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

