ആരോഗ്യത്തെ വീടുകളിലാക്കി ഫിറ്റ്നസ് ചലഞ്ച് പടിയിറങ്ങി; കുട്ടികളുടെ പഠന നിലവാരം പോലും കൂടിയെന്ന് അധികൃതർ
text_fieldsദുബൈ: അരമണിക്കൂർ വ്യായാമം ആയുസ് മുഴുവൻ ആരോഗ്യം എന്ന ആശയം ആബാലവൃദ്ധം ജനങ്ങളിലുമെത്തിച്ച് ഒരു മാസം നീണ്ട ഫിറ്റ്നസ് ചലഞ്ച് അവസാനിച്ചു.ഫെസ്റ്റിവൽ സിറ്റിയിലായിരുന്നു സമാപനം. ലോക ഹെവിവൈറ്റ് ബോക്സിംഗ് ചാമ്പ്യൻ ആൻറണി ജോഷ്വയുടെ വ്യായാമ ക്ലാസ് ആയിരുന്നു സമാപനത്തിലെ ആകർഷണം. വെടിക്കെട്ടും വാട്ടർകളർ ഷോയും പരിപാടിക്ക് മിഴിവേകി.
ദുബൈയെ ലോകത്തെ ഏറ്റവും ഉൗർജസ്വലമായ നഗരമാകുകയെന്ന ലക്ഷ്യത്തോടെ ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ചലഞ്ച് പ്രഖ്യാപിച്ചത്. ഒക്ടോബർ 20 മുതൽ നവംബർ 18 വരെയുള്ള 30 ദിവസം പ്രതിദിനം 30 മിനിറ്റ് വീതം വ്യായാമം ചെയ്യാനാണ് ആഹ്വാനം ചെയ്തിരുന്നത്. ആരോഗ്യ സംരക്ഷണം എങ്ങനെ വേണം എന്ന് ജനങ്ങളെ ബോധവൽക്കരിക്കാൻ ലോകോത്തര ഫിറ്റ്നസ് ട്രെയിനർമാരും കായിക താരങ്ങളും ദുബൈയിൽ എത്തി.
മുപ്പത് ദിവസം കൊണ്ടുണ്ടായ ആരോഗ്യ പരിപാലന ശീലം ജനങ്ങൾ വീടുകളിൽ തുടരുമെന്നാണ് പ്രതീക്ഷ. ദുബൈയിൽ 36 ശതമാനം പുരുഷൻമാരും 30 ശതമാനം സ്ത്രീകളും അമിത ഭാരമുള്ളവരാണെന്ന് ദുബൈ ഹെൽത്ത് അതോറിറ്റിയുടെയും ദുബൈ സ്റ്റാറ്റിസ്റ്റിക് സെൻററിെൻറയും കണക്കുകൾ സൂചിപ്പിക്കുന്നു. 11.9 ശതമാനം പേർ പൊണ്ണത്തടികൊണ്ട് കഷ്ടപ്പെടുകയാണ്. 13000 വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ചാണ് ഇൗ കണക്ക് തയാറാക്കിയത്. ചലഞ്ച് കാലയളവിനുള്ളിലെ വാരാന്ത്യങ്ങളിൽ സംഘടിപ്പിച്ച ഫിറ്റ്നസ് കാർണിവലുകൾ ആവേശം ഇരട്ടിപ്പിച്ചു. സഫ പാർക്ക്, ബുർജ് പാർക്ക്, സ്കൈഡൈവ് ദുബൈ എന്നിവിടങ്ങളിലാണ് കാർണിവലുകൾ നടന്നത്. ദുബൈ പൊലീസ്, ദീവ, ആർടിഎ തുടങ്ങി മിക്കവാറും സർക്കാർ സ്ഥാപനങ്ങളും നൂറ്കണക്കിന് സ്വകാര്യ സ്ഥാപനങ്ങളും സ്കൂളുകളും സർവകലാശാലകളും വെല്ലുവിളി ഏറ്റെടുത്തു.
ചലഞ്ച് ഏറ്റവും കൂടുതൽ മാറ്റമുണ്ടാക്കിയത് കുട്ടികളിലാണെന്ന് നോളഡ്ജ് ആൻറ് ഹ്യുമൻ ഡവലപ്മെൻറ് അതോറിറ്റി (കെ.എച്ച്.ഡി.എ) അധികൃതർ പറയുന്നു. മിക്ക സ്കൂളുകളും 30 മിനിറ്റ് നീളുന്ന നൃത്തവും നടത്തവുമൊക്കെ സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം കുട്ടികളുടെ ശ്രദ്ധയും പഠന നിലവാരവും കൂടിയെന്ന് അധ്യാപകർ പറയുന്നു. കബഡി, ഖോഖോ, സൈക്ലിംഗ്, ഫുട്ബാൾ, ബാഡ്മിൻറൺ തുടങ്ങിയവ മുതൽ ബാഡ്മിൻറണും വടംവലിയും വരെ സ്കൂളുകളിൽ നടന്നു. ഇത്തരം 20 സ്കൂളുകൾ കെ.എച്ച്ഡി.എ. ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ കറാം സന്ദർശിച്ചിരുന്നു. മൊബൈൽ ഫോൺ, വീഡിയോ ഗെയിം തുടങ്ങിയവയിൽ നിന്ന് കുട്ടികളെ അടർത്തിയെടുത്ത് ദേഹമനങ്ങുന്ന കളികളിലേക്ക് മാറ്റാനായി എന്നതാണ് ഫിറ്റ്നസ് ചലഞ്ച് കൊണ്ടുണ്ടായ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്ന്.