ഫിറ്റ്നസ് ചലഞ്ച്: 47 പരിപാടികളുമായി ദുബൈ പൊലീസ്
text_fieldsഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ച് ദുബൈ പൊലീസ് ഒരുക്കിയ 30 മിനിറ്റ് നടത്തം
ദുബൈ: നഗരത്തിലെ ജനങ്ങൾക്കിടയിൽ ആരോഗ്യപൂർണമായ ജീവിത ശൈലി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 30 ദിവസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിൽ 47 പരിപാടികളുമായി ദുബൈ പൊലീസ്. ജീവനക്കാർക്കും പൊതുജനങ്ങൾക്കും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താൻ പ്രചോദനം നൽകുന്നതായിരിക്കും പരിപാടി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച 450 പൊലീസ് ജീവനക്കാർ പങ്കെടുത്ത '30 മിനിറ്റ് നടത്തം'പരിപാടി സംഘടിപ്പിച്ചു. ദുബൈ പൊലീസ് ഫിസേഴ്സ് ക്ലബിലാണ് പരിപാടി.
ദുബൈ പൊലീസ് ആക്ടിങ് ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരിയും മുതിർന്ന ഉദ്യോഗസ്ഥരും നടത്തത്തിന്റെ ഭാഗമായി. എമിറേറ്റിനെ ലോകത്തെ ഏറ്റവും ഊർജസ്വലവും സജീവവുമായ നഗരമാക്കി മാറ്റുന്നതിൽ ദുബൈ ഫിറ്റ്നസ് ചലഞ്ച് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അൽ മൻസൂരി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആരോഗ്യവും സന്തോഷവും നൽകുന്ന പരിപാടിയാണിത്. ദിവസവും 30 മിനിറ്റ് ആരോഗ്യപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 30 ദിവസത്തെ എല്ലാവർക്കും വലിയ സാധ്യതയാണ് തുറന്നിടുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആരംഭിച്ച ഫിറ്റ്നസ് ചലഞ്ചിൽ ക്രിക്കറ്റ്, ഫുട്ബാൾ, യോഗ, ബോക്സിങ്, തുഴച്ചിൽ പോലുള്ള മത്സരങ്ങൾക്കുപുറമെ വിവിധ കായിക ഇനങ്ങളിൽ പരിശീലനവും വിവിധ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ദുബൈ സർക്കാറിന്റെ വിവിധ സംവിധാനങ്ങൾ ചലഞ്ചിന് നൽകുന്ന പിന്തുണയുടെ ഭാഗമാണ് ദുബൈ പൊലീസ് പരിപാടി ഒരുക്കുന്നത്. www.dubaifitnesschallenge.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താണ് പങ്കെടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

