മത്സ്യബന്ധന നിയമ ലംഘനം: കർശന നടപടിയുമായി അധികൃതർ
text_fieldsപിടിച്ചെടുത്ത മത്സ്യബന്ധന സാമഗ്രികൾ
മസ്കത്ത്: മത്സ്യബന്ധന നിയമ ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി അധികൃതർ. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജനുവരിയിൽ 371 കേസുകൾ രജിസ്റ്റർ ചെയ്തു. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ബോട്ടുകൾ, എൻജിനുകൾ, വലകൾ, മറ്റ് മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 361 ഇനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. 57.2 കിലോ മത്സ്യം കണ്ടുകെട്ടി. മറൈൻ ഫിഷിങ് നിയമങ്ങളും മറ്റും ലംഘിച്ചതിന് 143 വിദേശികളെ അറസ്റ്റ് ചെയ്തു. മത്സ്യബന്ധന ലൈസൻസ് ഇല്ലാത്തതിന് 269 കേസുകളാണെടുത്തത്. നിരോധിത മത്സ്യബന്ധന രീതികൾ ഉപയോഗിച്ചതിനും അനധികൃത ഉപകരണങ്ങൾ കൈവശംവെച്ചതിന് 50 കേസുകളുമാണെടുത്തിട്ടുള്ളത്.
നിരോധിത മേഖലയിലും സീസണല്ലാത്ത സമയത്തും മീൻ പിടിച്ചതുമായി ബന്ധപ്പെട്ട് ഒമ്പത് ലംഘനങ്ങളും കണ്ടെത്തി. ലൈസൻസില്ലാതെ മീൻ പിടിച്ച 19 വിദേശികൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. ബോട്ടുകളിലും മത്സ്യബന്ധന യാനങ്ങളിലും രജിസ്ട്രേഷൻ പ്ലേറ്റുകൾ സ്ഥാപിക്കാത്തതിന് പത്ത് കേസുകളും എടുത്തു. മറ്റ് 15 നിയമലംഘനങ്ങളും കണ്ടെത്തി. വിവിധ ഗവർണറേറ്റുകളിലെ മത്സ്യബന്ധന നിയമ ലംഘകരെ പിടികൂടാനായി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അടുത്തിടെ ഊർജിത പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

