ദേരയിലെ പുതിയ മീന്‍ ചന്ത അടുത്തമാസം തുറക്കും
text_fieldsദുബൈ: ദേരയില്‍ നിര്‍മാണം പൂര്‍ത്തിയായ മീന്‍ മാര്‍ക്കറ്റ് അടുത്ത മാസം ആദ്യത്തില്‍ തുറക്കും. ഇത് പരസ്യപ്പെടുത്തി നഗരസഭ പഴയ മാര്‍ക്കറ്റിന് സമീപം ബോഡ് സ്ഥാപിച്ചു. പരിസ്ഥിതി സൗഹൃദം മുന്‍നിറുത്തിയാണ് പുതിയ മാര്‍ക്കറ്റ് നിര്‍മിച്ചത്. ഒരു കച്ചവട സ്ഥാപനം എന്നതിലുപരി വിനോദമേഖല എന്ന സ്ഥാനം കൂടി ഇതിനുണ്ടാകും. മീന്‍ പിടിച്ച് വരുന്നത് മുതല്‍ അവ വിറ്റ് പോകുന്നത് വരെയുള്ള കാഴ്ച്ചകള്‍ സന്ദര്‍ശകര്‍ക്ക് നേരിട്ടാസ്വദിക്കാം.
26.90 കോടി ദിര്‍ഹം ചെലവിട്ട് 120,000 ചതുരശ്ര മീറ്ററിലാണ് മാര്‍ക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. 500 സ്ഥാപനങ്ങളാണ് ഇതില്‍ പ്രവര്‍ത്തിക്കുക. മത്സ്യം വൃത്തിയാക്കുന്നതിനായി 72 സ്റ്റാളുകളും മാംസം-മുട്ട എന്നിവക്കായി 75 സ്റ്റാളുകളും പ്രവര്‍ത്തിക്കും. പഴം-പച്ചക്കറി വിഭാഗത്തില്‍ 140 സ്റ്റാളുകളും, ഡ്രൈഡ് ഫ്രൂട്ട്സ് വിഭാഗത്തില്‍ 65 സ്റ്റാളുകളും പ്രവര്‍ത്തിക്കും. ഇതിന് പുറമെ റസ്റ്റോറന്‍റ്, കഫെ, സൂപ്പര്‍മാര്‍ക്കറ്റുകളുമുണ്ടാകും. മത്സ്യ വിപണിക്കായി വന്‍ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് നിലകളാണ് പുതിയ മാര്‍ക്കറ്റിനുള്ളത്. കെട്ടിടത്തിനുള്ളില്‍ 700 വാഹനങ്ങള്‍ക്കും പുറത്ത് ആയിരത്തോളം വാഹനങ്ങള്‍ക്കും നിറുത്തിയിടാം. നിലവിലുള്ള മാര്‍ക്കറ്റിനെക്കാള്‍ പത്തിരട്ടി കൂടുതലാണിത്. 13 കോടി ദിര്‍ഹം ചെലവിട്ടാണ് മാര്‍ക്കറ്റിനകത്തെ കോള്‍ഡ് സ്റ്റോറജ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. 1988ല്‍ പ്രവര്‍ത്തനം തുടങ്ങിയ പഴയ മാര്‍ക്കറ്റിന് ഇത് പ്രവര്‍ത്തനം തുടങ്ങുന്നതോടെ താഴിടും.
അല്‍ ഹംറിയ ജനറല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതിന് ഒരു വിളിപ്പാടകലെയാണ് പുതിയ മീന്‍മാര്‍ക്കറ്റ്. ദേരയുടെ ഹൃദയമെന്ന അപരനാമത്തിലാണ് അല്‍ ഹംറിയ അറിയപ്പെട്ടിരുന്നത്. പഴം-പച്ചക്കറി-പലചരക്ക്-ഭക്ഷണശാലകള്‍ എല്ലാം കൂടികലര്‍ന്ന മാര്‍ക്കറ്റ് 1980ലാണ് പ്രവര്‍ത്തം ആരംഭിച്ചത്. എന്നാല്‍ സ്ഥലപരിമിതി മൂലം ഇത് റാസല്‍ഖോറിലെ അല്‍ അവീര്‍ മേഖലയിലേക്ക് മാറ്റുകയായിരുന്നു. ദേരയുടെ തനത് താളത്തിനാണ് ഇതോടെ വിരാമമായത്. കൈവണ്ടിക്കാരും ഉന്ത്വണ്ടി കച്ചവടക്കാരും കൂടികലര്‍ന്ന മാര്‍ക്കറ്റില്‍ ഏത് സമയവും തിരക്കായിരുന്നു. കടലും മാര്‍ക്കറ്റും കൂടി കലര്‍ന്ന പഴമയായിരുന്നു അല്‍ ഹംറിയയുടെ മുഖമുദ്ര. തൃശൂര്‍ വടക്കെക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജലീല്‍ ട്രേഡിങിന്‍െറ ഓഫീസില്‍ നിന്നാല്‍ കടലലകള്‍ പാടി വരുന്നത് കാണാമായിരുന്നു. സന്ദര്‍ശക വിസയിലത്തെുന്നവരുടെ ആദ്യ ജോലി അന്വേഷണ കേന്ദ്രവും അല്‍ ഹംറിയ മാര്‍ക്കറ്റായിരുന്നു. പരമ്പരാഗത-ആധുനിക പരിവേഷത്തിലാണ് പുതിയ മീന്‍ചന്ത ഒരുക്കിയിരിക്കുന്നത്. കടലില്‍ നിന്ന് മീന്‍പിടിച്ച് വരുന്ന ബോട്ടുകള്‍ക്ക് നേരിട്ട് മത്സ്യം ചന്തയിലത്തെിക്കാനുതകുന്ന വിധത്തിലാണ് ഇതിന്‍െറ രൂപഘടന.
കടല്‍മാര്‍ഗമുള്ള ഗതാഗത സംവിധാനങ്ങളുടെ പുതുവഴി തേടുന്ന ദുബൈ, ഒട്ടും വൈകാതെ ഇവിടേക്ക് ജലഗതാഗത സംവിധാനം ഒരുക്കുമെന്നാണ് അറിയുന്നത്.
പഴയ ചന്തയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അധിക പേരും മലയാളികളാണ്. പാകിസ്താനികളാണ് തൊട്ടുപിന്നില്‍. ഷിന്ദഗ ഭൂഗര്‍ഭ പാതയോട് ചേര്‍ന്ന് കിടക്കുന്ന നിലവിലെ മത്സ്യ ചന്തയിലെ ഏറ്റവും വലിയ പ്രശ്നം വാഹനം നിറുത്തലായിരുന്നു. സ്ഥല പരിമിതിയും തൊട്ടടുത്ത് ബദല്‍ സംവിധാനം ഇല്ലാത്തുമായിരുന്നു പ്രധാന പ്രശ്നം. എന്നാല്‍ പുതിയ മാര്‍ക്കറ്റ് വരുന്നതോടെ ഇതിന് പരിഹാരമാകും. നിലവിലെ മാര്‍ക്കറ്റില്‍ നിന്നുള്ള മീന്‍മണം പാംദേര മെട്രോ സ്റ്റേഷന്‍െറ അകത്തേക്ക് വരെ കടക്കാറുണ്ട്. എന്നാല്‍ ആധുനിക ശീതികരണ സംവിധാനത്തോടെ തുറക്കുന്ന പുതിയ മാര്‍ക്കറ്റില്‍ മണം പുറം തള്ളാനുള്ള സംവിധാനം ഉണ്ട്. ഇത് കാരണം പരിസരങ്ങളിലേക്ക് ഗന്ധം പരക്കില്ല. 15 കോടി ചെലവില്‍ നിര്‍മിച്ച ദേര ദ്വീപ് പാലം ഇതിനകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.