50 ഡിഗ്രി കടന്ന് രാജ്യത്ത് റെക്കോഡ് ചൂട്
text_fieldsചൂട് കനത്ത സാഹചര്യത്തിൽ വാഹനങ്ങളുടെ ടയർ സുരക്ഷ
പരിശോധിക്കുന്ന ഷാർജ പൊലീസ് ഉദ്യോഗസ്ഥൻ
ദുബൈ: രാജ്യത്ത് 50 ഡിഗ്രി കടന്ന് ചൂട്. അബൂദബിയിലെ അൽ ശവാമിഖ് എന്ന സ്ഥലത്ത് വെള്ളിയാഴ്ച ഉച്ച 2.30നാണ് 50.4 ഡിഗ്രി എന്ന റെക്കോഡ് ചൂട് രേഖപ്പെടുത്തിയത്. 2003ൽ താപനില രേഖപ്പെടുത്തുന്നത് ആരംഭിച്ചതിനുശേഷം മേയ് മാസത്തിൽ അടയാളപ്പെടുത്തിയ ഏറ്റവും വലിയ ചൂടാണിതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
2009ൽ രേഖപ്പെടുത്തിയ 50.2 ഡിഗ്രി ചൂടാണ് അവസാനമായി മേയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ചൂട്.വേനൽ മാസങ്ങളിൽ കനത്ത താപനിലക്ക് സാധ്യതയുള്ള രാജ്യത്ത്, സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം യു.എ.ഇയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമായിരുന്നു. ശരാശരി പ്രതിദിന ഉയർന്ന താപനില 42.6 ഡിഗ്രി വരെ ഏപ്രിലിൽ എത്തിയിരുന്നു. 2017 ഏപ്രിലിൽ രേഖപ്പെടുത്തിയ ശരാശരി പ്രതിദിന താപനിലയായ 42.2 ഡിഗ്രി സെൽഷ്യസിനെ മറികടന്നതാണ് ഇത് റെക്കോഡ് ചൂടായത്. 2003 മുതൽ താപനില സംബന്ധിച്ച് സമഗ്രമായ കണക്കുകൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സൂക്ഷിക്കുന്നുണ്ട്.
ചൂട് കനത്ത സാഹചര്യത്തിൽ സുരക്ഷിതരായിരിക്കാൻ അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു. വെയിലിൽനിന്ന് വിട്ടുനിൽക്കാനും ധാരാളം വെള്ളം കുടിക്കാനും ഉചിതമായ വസ്ത്രം ധരിക്കാനും സൺസ്‌ക്രീൻ ഉപയോഗിക്കാനും വിദഗ്ധർ നിർദേശിക്കുന്നു. ചൂട് കനക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ സുരക്ഷിതമാക്കാനും അധികൃതർ കാമ്പയിനുകളിലൂടെ ആവശ‍്യപ്പെടുന്നുണ്ട്. ഷാർജ പൊലീസ് വേനൽക്കാല റോഡ് സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ടയർ പരിശോധിക്കാനും ചൂടുകാലത്തെ യാത്രക്ക് ഫിറ്റാണെന്ന് ഉറപ്പാക്കാനും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

