ആദ്യ പാദം ജി.ഡി.പി 455 ശതകോടി കടന്നു
text_fieldsദുബൈ: നടപ്പുസാമ്പത്തിക വർഷം ആദ്യപാദത്തിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ 3.9 ശതമാനം വളർച്ച കൈവരിച്ചു. ഇക്കാലയവളിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 455 ശതകോടി ദിർഹം കടന്നതായി ഫെഡറൽ കോംപിറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യത്തെ എണ്ണയിതര രംഗത്തെ ജി.ഡി.പി 5.3 ശതമാനം ഉയർന്ന് 352 ശതകോടി ദിർഹമായി. മൊത്തം ഉൽപാദനത്തിന്റെ 77.3 ശതമാനം സംഭാവനയും എണ്ണയിതര മേഖലയിൽനിന്നാണ്. രാജ്യചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതേ കാലയളവിൽ എണ്ണയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജി.ഡി.പിയുടെ 22.7 ശതമാനമാണെന്നും സ്റ്റാറ്റിസ്റ്റിക്സ് സെന്റർ വ്യക്തമാക്കുന്നു. ആദ്യ പാദത്തിൽ ഏറ്റവും വേഗത്തിൽ വളരുന്നത് നിർമാണ മേഖലയാണ്. 2024ൽ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ച 7.7 ശതമാനമാണ്. ധന, ഇൻഷുറൻസ്, കെട്ടിട നിർമാണ മേഖലകളിൽ ഏഴു ശതമാനം വളർച്ചയും കൈവരിച്ചു. റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളിൽ 6.6 ശതമാനമാണ് വളർച്ച. വ്യാപാരം മൂന്നു ശതമാനം വളർച്ചയും കൈവരിച്ചിട്ടുണ്ട്.എണ്ണയിതര ജി.ഡി.പിയിലേക്കുള്ള സംഭാവനയിൽ 15.6 ശതമാനവുമായി വ്യാപാരമാണ് മുന്നിൽ.
ധന, ഇൻഷുറൻസ് മേഖല 14.6 ശതമാനവുമായി തൊട്ടുപിറകിലുണ്ട്. ഉൽപാദന മേഖല 13.4 ശതമാനം, കെട്ടിട നിർമാണം മേഖല 12 ശതമാനം, റിയൽ എസ്റ്റേറ്റ് മേഖല 7.4 ശതമാനം എന്നിങ്ങനെയാണ് മറ്റു മേഖലകളിൽ നിന്നുള്ള സംഭാവനകൾ. എണ്ണയിതര മേഖലകളിലുടനീളം ശക്തവും സ്ഥിരതയാർന്നതുമായ വളർച്ച കൈവരിക്കുന്നുവെന്നതിന്റെ തെളിവാണീ കണക്കുകൾ. ദേശീയ സമ്പദ്വ്യവസ്ഥയുടെ ശക്തിയും അസാധാരണമായ വളർച്ച നിലനിർത്താനുള്ള അതിന്റെ കഴിവും പ്രതിഫലിപ്പിക്കുന്നതാണ് ആദ്യ പാദത്തിലെ കണക്കുകളെന്ന് സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

